29 March Friday

വിദേശത്തെ പ്രതികളെ ചോദ്യംചെയ്യണം: കോണ്‍സുലേറ്റിലേക്ക് അന്വേഷണം നീട്ടണമെന്ന് ആവര്‍ത്തിച്ച് എന്‍ഐഎ

സ്വന്തം ലേഖകന്‍Updated: Friday Sep 18, 2020

കൊച്ചി> നയതന്ത്ര ചാനലില്‍ സ്വര്‍ണം കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ച് എന്‍ഐഎ. സ്വര്‍ണക്കടത്തിന് പിന്നിലെ ഗൂഢാലോചന പൂര്‍ണ്ണമായി പുറത്തുകൊണ്ടുവരാന്‍ വിദേശത്തും അന്വേഷണം അനിവാര്യമാണെന്നും അന്വേഷണ ഏജന്‍സി വെള്ളിയാഴ്ച കൊച്ചിയിലെ എന്‍ഐഎ കോടതിയെ അറിയിച്ചു.

 രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖര്‍ക്കും കള്ളക്കടത്തില്‍ പങ്കുണ്ട്. ഇക്കാര്യം പുറത്തുകൊണ്ടുവരേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളായ സ്വപ്ന സുരേഷ്, പി എസ് സരിത്ത്, കെ ടി റമീസ് എന്നിവരുള്‍പ്പെടെ 12 പേരുടെ റിമാന്‍ഡ് നീട്ടാന്‍ ആവശ്യപ്പെടുന്ന അപേക്ഷയിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്.

കോണ്‍സുലേറ്റ് അധികൃതരെ ചോദ്യംചെയ്യണമെന്ന് നേരത്തെയും എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ല. അതിനാലാണ് ഏറ്റവുമൊടുവില്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഈ ആവശ്യം ആവര്‍ത്തിച്ചിട്ടുള്ളത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ  ചോദ്യം ചെയ്യേണ്ടത് അന്വേഷണത്തിന് അനിവാര്യമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.  

യുഎഇയിലുള്ള പ്രധാന പ്രതികളെ വിട്ടുകിട്ടാനുളള നടപടികളും വൈകുകയാണ്. സ്വര്‍ണക്കടത്തിന് നിര്‍ണായക പങ്കുവഹിച്ച വിദേശത്തുള്ള നാല് പ്രധാനപ്രതികളെ എന്‍ഐഎക്ക്ചോദ്യംചെയ്യാനായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ്, സിദ്ദിഖുല്‍ അക്ബര്‍, അഹമ്മദ് കുട്ടി എന്നിവരാണ് യുഎഇയിലുള്ളത്.

 ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്‍ന്റ്‌ നേരത്തെ പുറപ്പെടുവിച്ചിരുന്നു. പ്രതികളെ വിട്ടുകിട്ടാന്‍ ഇന്റര്‍പോള്‍ മുഖേന ബ്ലൂനോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികളെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുവരെ അറസ്റ്റിലായ പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക് വിശകലനം കേസില്‍ നിര്‍ണായകമാകും. ഇത് സിഡാക്കില്‍ പരിശോധിച്ചുവരികയാണ്. കേസില്‍ വിവിധ സാക്ഷികളില്‍ നിന്ന് മൊഴിയെടുത്തതും പരിശോധനയിലാണ്.

 ഡിജിറ്റല്‍ തെളിവുകളും സാക്ഷി മൊഴികളും വച്ച് പ്രതികളെ ചൊദ്യംചെയ്ത് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും എന്‍ഐഐ കോടതിയെ അറിയിച്ചു. പ്രതികളുടെ റിമാന്‍ഡ് ഒക്ടോബര്‍ എട്ടുവരെ കോടതി നീട്ടി. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top