20 April Saturday

നിയന്ത്രണങ്ങളുമായി സഹകരിക്കണം:- മന്ത്രി ടി പി രാമകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020

 

കൽപ്പറ്റ
കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി ജനം പൂർണമായി സഹകരിക്കണമെന്ന്   മന്ത്രി ടി പി രാമകൃഷ്ണൻ അഭ്യർഥിച്ചു. അസൗകര്യങ്ങൾ സ്വാഭാവികമാണ്. സാഹചര്യങ്ങളുടെ പ്രത്യേകത മനസ്സിലാക്കി എല്ലാവരും സഹകരിച്ചാലേ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനാകൂ. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും യോജിച്ചു നിൽക്കുന്ന ഘട്ടമാണിത്.  ജില്ലയിൽ  ഈ യോജിപ്പ് നല്ലതു പോലെയുണ്ടെന്നും കലക്ടറേറ്റിൽ നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു.
വിവാഹ ചടങ്ങുകൾക്കും മറ്റും കർശന നിയന്ത്രണം വരുത്തിയേ തീരൂ. കൂടുതൽ ആളുകളെ ക്ഷണിക്കാനോ പങ്കെടുക്കാനോ പാടില്ല. രോഗ വ്യാപനം കൂടുതലും ഉണ്ടായത് വിവാഹ- മരണാനന്തര - വീട്ടുതാമസ- ജന്മദിനാഘോഷ ചടങ്ങുകൾ മുഖേനയാണെന്ന കാര്യം വിസ്മരിക്കരുത്. ഈ അനുഭവം നമുക്ക് താക്കീതാണ്. കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കുന്നതോടൊപ്പം സോപ്പ്, സാനിറ്റൈസർ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നത് ചിട്ടയാക്കണം . രോഗികൾക്ക് സൗകര്യമൊരുക്കുന്നതിൽ ഫണ്ട് തടസ്സമല്ലെന്നും  തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെ ഇക്കാര്യത്തിൽ സജീവ പങ്കാളിത്തം വഹിക്കണമെന്നും മന്ത്രി പറഞ്ഞു.ഡോക്ടർമാർ, പാരമെഡിക്കൽ സ്റ്റാഫ്, നെഴ്‌സുമാർ ഉൾപ്പെടെയുള്ളവരെ ആവശ്യത്തിന് നിയമിക്കുന്നതിന് നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പിനോട്‌ നിർദ്ദേശിച്ചു. വിരമിച്ചവർ ഉൾപ്പെടെയുള്ളവരുടെ സേവനം ഉപയോഗപ്പെടുത്തണം. ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുെതന്നും മന്ത്രി നിർദ്ദേശം നൽകി. 
 കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ സി കെ ശശീന്ദ്രൻ, ഐ സി ബാലകൃഷ്ണൻ, ഒ ആർ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ജില്ലാ കലക്ടർ ഡോ  അദീല അബ്ദുളള, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആർ  രേണുക, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top