20 April Saturday
അദാലത്തുകള്‍ സമാപിച്ചു

782 പുഞ്ചിരികൾ

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

മാനന്തവാടി സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന താലൂക്ക്തല അദാലത്ത് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യുന്നു

 മാനന്തവാടി

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ മൂന്ന് താലൂക്കുകളിലായി മന്ത്രിമാർ പങ്കെടുത്ത്‌ നടത്തിയ "കരുതലും കൈത്താങ്ങും' അദാലത്തിൽ പരിഹാരമായത്‌ സാധാരണക്കാരുടെ എണ്ണൂറോളം പ്രശ്‌നങ്ങൾ.  1324 പരാതികളാണ് ഓൺലൈനായി ലഭിച്ചത്. 324 പരാതികൾ അദാലത്ത് വേദിയിൽ നേരിട്ട് ലഭിച്ചു. 782 പരാതികൾ തത്സമയം പരിഹരിച്ചു. 261 പരാതികൾ അദാലത്ത് പരിഗണിക്കുന്ന വിഷയത്തിന് പുറത്തായിരുന്നു. തത്സമയ പരിഹാരത്തിന് തടസമുള്ളവയിൽ ബന്ധപ്പെട്ട വകുപ്പുകൾ ഒരു മാസത്തിനകം തീരുമാനമെടുക്കും. 
മന്ത്രിമാരായ എം ബി രാജേഷ്, എ കെ ശശീന്ദ്രൻ, വി അബ്ദുറഹ്‌മാൻ എന്നിവരുടെ നേതൃത്വത്തിലാണ് മൂന്ന് ദിവസങ്ങളിലായി അദാലത്ത് നടന്നത്. അദാലത്തിൽ വന്ന പ്രത്യേക കേസുകളിൽ തീരുമാനമെടുക്കാൻ ജില്ലാ ലൈഫ് മിഷൻ കോ ഓർഡിനേറ്ററെ ചുമതലപ്പെടുത്തി.
മാനന്തവാടിയിൽ 90
മാനന്തവടി
മൂന്നാംദിന അദാലത്തിൽ പരിഹരിച്ചത്‌  90 പരാതികൾ.  
230 പരാതികളാണ്‌ അദാലത്ത് പരിഗണിച്ചത്‌. 90 എണ്ണം തത്സമയം പരിഹരിച്ചു. ശേഷിക്കുന്നവയിൽ അന്വേഷണവിധേയമായ തീരുമാനമുണ്ടാകും. നേരിട്ട്‌ ലഭിച്ച 69  പരാതികൾ  ഒരുമാസത്തിനകം പരിഹരിക്കും.
 
സാധാരണക്കാര്‍ മടങ്ങിയത് പരിഹാരവുമായി: മന്ത്രി എം ബി രാജേഷ്
മാനന്തവാടി
"കരുതലും കൈത്താങ്ങും' അദാലത്ത് വേദിയില്‍നിന്ന് പരിഹാരവുമായാണ് സാധാരണക്കാര്‍ മടങ്ങിയതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ നടത്തിയ മാനന്തവാടി താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ​ഹം. അദാലത്ത് നാട് ഏറ്റെടുത്തു. സാങ്കേതികത്വത്തിന്റെ പേരിൽ ദീർഘകാലം തീരുമാനമാകാത്ത പരാതികൾപോലും പരിഹരിച്ചു. സേവനങ്ങൾ ജനങ്ങൾക്ക് മുറയ്ക്ക് ലഭിക്കണം. ഒരു കുടക്കീഴിൽ പരാതി പരിഹരിക്കുന്ന അദാലത്തുകള്‍ ആശ്വാസകരമാണ്. സർക്കാർ ഓഫീസുകളില്‍ തുടർപ്രവർത്തനങ്ങൾ നടക്കണമെന്നും മന്ത്രി പറഞ്ഞു.  
പ്രളയ പുനരധിവാസത്തിന് അപേക്ഷ നൽകിയ വരയാൽ കല്ലട അവ്വ ഉമ്മയ്ക്ക് പത്ത് ലക്ഷം രൂപയുടെ ധനസഹായവും തൃശ്ശിലേരിയിലെ ത്രേസ്യാമ്മയ്ക്ക് മുൻഗണനാ റേഷൻ കാർഡും വേദിയില്‍വച്ച് വിതരണംചെയ്തു. മന്ത്രി വി അബ്ദുറഹ്‌മാൻ അധ്യക്ഷനായി. ഒ ആർ കേളു എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കലക്ടർ ഡോ. രേണുരാജ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ ചെയർപേഴ്‌സൺസി കെ രത്‌നവല്ലി, എഡിഎം എൻ ഐ ഷാജു, സബ് കലക്ടർ ആർ ശ്രീലക്ഷ്മി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top