19 April Friday

സെക്കൻഡറി കോൺടാക്ട്‌ പൂജ്യം ഈ റൂട്ട്‌മാപ്പിനായി ആരും അലയേണ്ട...

സ്വന്തം ലേഖകൻUpdated: Tuesday Mar 31, 2020
കൽപ്പറ്റ
വയനാട്ടിൽ  കോവിഡ്‌ 19–- പോസിറ്റീവായ  രണ്ടുപേരുടെ ലിസ്‌റ്റ്‌ വന്നതിൽ  ഒരാൾ മൂപ്പൈനാട്‌ നെടുങ്കരണ സ്വദേശി. റൂട്ട്‌മാപ്പിനായി അധികൃതർ നെട്ടൊട്ടം ഓടേണ്ട സമയം.   ബന്ധുക്കളും അയൽവാസികളും റൂട്ട്‌മാപ്പിൽ കുടുങ്ങുമോയെന്നോർത്ത്‌ ആകലുതപ്പെടണം. എന്നാൽ ഇവിടെ അതിന്‌ ആർക്കും അവസരമില്ല.  ദുബായിൽനിന്നെത്തിയ  ആ ചെറുപ്പക്കാരൻ ഏറെ അഭിനന്ദനാർഹമായ രീതിയിൽ തന്റെയും സമൂഹത്തിന്റെയും സുരക്ഷ നേരത്തെ ഒരുക്കിയിരുന്നു.  ദിവസങ്ങൾക്ക്‌ മുമ്പേ തന്റെ റൂട്ട്‌മാപ്പ്‌ ഈ ചെറുപ്പക്കാരൻ സോഷ്യൽമീഡിയയിൽ പരസ്യമാക്കി. അതിൽ സെക്കൻഡറി  കോൺടാക്ട്‌ പൂജ്യം.  
ഇദ്ദേഹം  ഫെയ്‌സ്‌ബുക്കിൽ  കുറിച്ചത്‌ ഇങ്ങനെ:–- ‘ 21ന്‌ ദുബായ്‌ എയർപോർട്ട്‌ ടെർമിനൽ മൂന്നിൽനിന്നും എമിറേറ്റ്‌ ഇകെ 568 വിമാനത്തിലാണ്‌ യാത്ര തുടങ്ങിയത്‌. ബംഗളൂരു കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലാണ്‌ ആദ്യം ഇറങ്ങിയത്‌. അവിടെ ഹെൽത്ത്‌ ഫോം നൽകി.  എമിഗ്രേഷന്‌ ശേഷം സമീപമുള്ള ആശുപത്രിയിൽ പരിശോധന. 14 ദിവസത്തെ ഹൊം ക്വാറന്റൈൻ  നിർദേശിച്ചു. പനിയുള്ളവർക്ക്‌ 20ഉം 28ഉം ദിവസമായിരുന്നു. ഇവിടെ വെച്ചുതന്നെ നാട്ടിലെ ഹെൽത്തത്‌ ഇൻസ്‌പെക്ടറെ വിളിച്ച്‌ താൻ വരുന്നുണ്ടെന്ന്‌ റിപ്പോർട്ട്‌ ചെയ്‌തു.  അവിടെനിന്നും 6ഇ7129 ഇൻഡിഗോ വിമാനത്തിൽ 11.15ന്‌ പുറപ്പെട്ട്‌ 12.30ന്‌ കരിപ്പൂരിൽ എത്തി. 
നേരത്തെ തീരുമാനിച്ചത്‌ പ്രകാരം ബന്ധുക്കൾ കാർ എയർപോർട്ടിൽ ഏൽപ്പിച്ച്‌ പോയിരുന്നു.  ഒറ്റയ്ക്കാണ് യാത്ര. 1.10ന് യാത്ര പുറപ്പെട്ട ഞാൻ ആളൊഴിഞ്ഞ വിജനമായ മുക്കം താമരശേരി വഴി വീട്ടിലേക്ക്‌.  നല്ലവണ്ണം മൂത്രം ഒഴിക്കാൻ മുട്ടുന്നുണ്ട്. പക്ഷെ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിർദേശമനുസരിച്ച്  എവിടെയും നിറുത്തിയില്ല.. വീട്ടിലേക്ക്‌ വിളിച്ചു. ഒരു ദിവസം മുമ്പ്‌ തീരുമാനിച്ചത് പ്രകാരം ഉമ്മ ഒഴിച്ച് ബാക്കി  ഉള്ളവരോടൊക്കെ വീട്ടിൽനിന്നും മാറാൻ ഞാൻ കർശന നിർദേശം നൽകിയിരുന്നു.  2.55 ഓടെ വീട്ടിൽ എത്തിയ വിവരം ഹെൽത്ത്‌ ഇൻസ്‌പെക്ടറെ അറിയിക്കുകയും ചെയ്‌തു. മൂന്ന്‌ വയസുള്ള തന്റെ മകനെ പോലും കണ്ടില്ല.  ഉപ്പ, വല്ല്യൂമ്മ, ഭാര്യ, മകൻ, ബന്ധുക്കൾ എല്ലാവരുമായും വീഡിയോകോൾ ചെയ്‌തു. എന്തിരുന്നാലും ഒരു കാര്യം മനസിലാക്കുക ഞാൻ എനിക്ക് വേണ്ടിയല്ല ക്വാറന്റൈയിൻ ആയത് നിങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടിയാണ്‌. ഞാൻ കാത്തിരിക്കുന്നു നല്ലൊരു നാളേക്കായി'–-   ഇയാളെ 26ന്‌ ആംബുലൻസിൽ കൽപ്പറ്റ ഗവ. ഹോസ്‌പിറ്റലിൽ കൊണ്ടുവന്ന്‌ പരിശോധിച്ചു. 30ന്‌  കോവിഡ്‌ കെയർ സെന്ററിലേക്ക്‌ മാറ്റുകയും ചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top