25 April Thursday
ഛർദിയും വയറുവേദനയും

98 വിദ്യാർഥികൾ ചികിത്സ തേടി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

 കൽപ്പറ്റ 

ഛർദിയും വയറുവേദനയും ബാധിച്ച്‌ ഒരാഴ്‌ചക്കിടെ ഒരു സ്‌കൂളിലെ 98 കുട്ടികൾ ചികിത്സതേടി. പൂക്കോട് ജവഹർ നവോദയ വിദ്യാലയത്തിലെ കുട്ടികളാണ്‌ വൈത്തിരി താലൂക്ക്‌ ആശുപത്രിയിൽ ചികിത്സതേടിയത്‌. തുടർന്ന് ആരോഗ്യ വകുപ്പ് വിദഗ്‌ധ സംഘം സ്ഥലം സന്ദർശിച്ച്‌ പ്രതിരോധം ഊർജിതമാക്കി. കുട്ടികളുടെ മലത്തിന്റെ സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്കും രക്തസാമ്പിൾ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിലേക്കും അയച്ചു. സംസ്ഥാനത്ത്‌ എറണാകുളം ജില്ലയിൽ നോറോ വൈറസ്‌ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനം ജാഗ്രതപാലിക്കണമെന്ന്‌ ആരോഗ്യ വിഭാഗം അറിയിച്ചു. 
ജനുവരി 24ന് ഒരു കുട്ടിക്കാണ് ആദ്യമായി ലക്ഷണം ആരംഭിച്ചത്. തുടർന്ന് 27ന് 11 കുട്ടികൾക്കും 30ന് 66 കുട്ടികൾക്കും സമാന ലക്ഷണമുണ്ടായി. ആർക്കും ഗുരുതര പ്രശ്‌നമില്ലെങ്കിലും കുട്ടികൾ ആരോഗ്യ വകുപ്പിന്റെ സജീവ നിരീക്ഷണത്തിലാണ്. ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പി ദിനീഷിന്റെ  നേതൃത്വത്തിൽ വിദഗ്‌ധ സംഘം സ്ഥലം സന്ദർശിച്ച് ആവശ്യമായ നിർദേശം നൽകി. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പാചക തൊഴിലാളികൾ എന്നിവർക്ക്  മുൻകരുതൽ നിർദേശം നൽകി. സ്ഥാപനത്തിന്റെ കുടിവെള്ള സ്രോതസ്സുകളിൽനിന്ന്‌ സാമ്പിൾ ശേഖരിച്ച് ഗുണനിലവാര പരിശോധനക്കായി കോഴിക്കോട് റീജിനൽ പബ്ലിക് ഹെൽത്ത് ലാബിലേക്ക് അയച്ചു. കൂടാതെ കുടിവെള്ളം ക്ലോറിനേഷൻ ചെയ്യുകയും ദിവസേന ക്ലോറിനേഷൻ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. 
അധ്യാപകർക്കും രക്ഷിതാക്കൾക്കും ബോധവത്‌കരണം നടത്തി. സുഗന്ധഗിരി പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. ജോയ് അലക്സിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റുമാരായ സി സി ബാലൻ, കെ കെ ചന്ദ്രശേഖരൻ, ഡിഎൻഒ ഭവാനി തരോൾ, എപ്പിഡെമോളജിസ്റ്റ്‌ ബിബിൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ കെ പങ്കജൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top