തലപ്പുഴ
കമ്പമലയിൽ വനം വികസന കോർപറേഷന്റെ എസ്‌റ്റേറ്റ് ഓഫീസ് ആക്രമണത്തിൽ കൂടുതൽ മാവോയിസ്‌റ്റുകൾ പങ്കെടുത്തതായി പൊലീസ് നിഗമനം. ആറുപേർ ഓഫീസിൽ അതിക്രമം നടത്തുമ്പോൾ നാലുപേർ തേയിലത്തോട്ടത്തിൽ കാവൽ നിന്നതായാണ് പൊലീസിന് ലഭിച്ച വിവരം. മലയാളികൾക്കൊപ്പം കർണാടക, തിമിഴ്‌നാട് സംസ്ഥാനങ്ങളിലുള്ളവരും മാവോയിസ്‌റ്റുകൾ ‘ഓപ്പറേഷൻ കമ്പമല’ എന്ന് പേരിട്ട് നടത്തിയ ആക്രമണത്തിൽ പങ്കെടുത്തതായാണ് വിവരം. തമിഴ്‌നാട്ടിലെയും കർണാടകയിലെയും മാവോയിസ്‌റ്റ് വിരുദ്ധ സേനാംഗങ്ങളും സ്‌പെഷ്യൽ ബ്രാഞ്ച് അംഗങ്ങളും കമ്പമലയിൽ എത്തി വിവരം ശേഖരിച്ചിട്ടുണ്ട്. കർണാടകയിലെ എട്ട് മാവോയിസ്റ്റ് പ്രവർത്തകർ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കർണാടക, കേരള പൊലീസ് അധികൃതരുടെ നിഗമനം.
ഒരുമണിക്കൂറോളം മാവോയിസ്‌റ്റ് സംഘം വനം വികസന കോർപറേഷന്റെ എസ്‌റ്റേറ്റ് ഓഫീസിൽ ചെലവഴിച്ചു. ഈ സമയം മുഴുവൻ പുറത്ത് തേയിലകൾക്കിടയിൽ ഉയർന്ന ഭാഗത്ത് ആയുധധാരികളായ നാലുപേർ കാവൽനിന്നു. പൊലീസോ, തണ്ടർബോൾട്ടോ എത്തിയാൽ ചെറുക്കുന്നതിനാണ് ഇവർ പുറത്ത് നിലയുറപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. മാവോയിസ്‌റ്റ് നേതാവ് സി പി മൊയ്‌തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസിനകത്ത് കയറി അതിക്രമം നടത്തിയത്. സംഘത്തിലുണ്ടായിരുന്ന സോമൻ, ആഷിഖ് എന്ന മനോജ്, സന്തോഷ്, വിമൽ കുമാർ എന്നിവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാഴം പകൽ പന്ത്രണ്ടോടെയായിരുന്നു ആക്രമണം. ജനൽച്ചില്ലുകൾ, ഓഫീസ് ക്യാമ്പിൻ, കംപ്യൂട്ടർ, പ്രിന്റർ, ഫാൻ, ക്ലോക്ക് തുടങ്ങിയ അടിച്ചുതകർത്തു. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..