03 July Thursday

ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച്‌ 11 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023
 
കൽപ്പറ്റ 
ദേശീയപാതയിൽ കൽപ്പറ്റയിൽ സിവിൽ സ്റ്റേഷന് സമീപം ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച്‌ 11 പേർക്ക്‌ പരിക്കേറ്റു.  ഗുരുതര പരിക്കേറ്റ ലോറി ഡ്രൈവർ കർണാടക സ്വദേശി ചന്ദ്രനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂക്ഷ നൽകിയശേഷം കർണാടകയിലെ ആശുപത്രയിലേക്ക്‌ കൊണ്ടുപോയി. 
പരിക്കേറ്റ കെഎസ്ആർടിസി ബസ് ഡ്രൈവർ ബവീൻ കുര്യാക്കോസ്, കണ്ടക്ടർ അരുൺ, യാത്രക്കാരായ കണിയാമ്പറ്റ സ്വദേശിനി ഷഹാന, നടവയൽ സ്വദേശി ഫ്രാൻസിസ് , നീനു പള്ളിക്കുന്ന്, ഉഷാ ഭായ് പനമരം, നസീമ മില്ലുമുക്ക്, മണികണ്ഠൻ കമ്പളക്കാട്, വിനീത പുൽപ്പള്ളി, ആയിഷ എന്നിവരെ കൽപ്പറ്റയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 
വെള്ളി രാവിലെ ആറരക്കായിരുന്നു അപകടം. നടവയലിൽനിന്ന്‌  ചങ്ങനാശേരിക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ മറ്റൊരു വാഹനത്തെ മറികടന്നുവന്ന ലോറി ഇടിക്കുകയായിരുന്നു.  
 ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളുടെ മുൻഭാഗം പൂർണമായി തകർന്നു. കൽപ്പറ്റ അഗ്നിരക്ഷാസേനയും  മറ്റു വാഹനങ്ങളിൽ എത്തിയ യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറി ഡ്രൈവർ ചന്ദ്രൻ  ക്യാബിനുള്ളിൽ കുടുങ്ങി. നാട്ടുകാർ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടിങ് മെഷീൻ ഉപയോഗിച്ച് ലോറിയുടെ മുൻവശത്തെ ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ്  പുറത്തെടുത്തത്. ഏറെനേരം പരിശ്രമിച്ചാണ് വാഹനങ്ങൾ റോഡിൽനിന്ന്‌ വലിച്ചുമാറ്റിയത്.  അപകടത്തിൽ മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതം നിലച്ചു. സീനിയർ ഫയർ ഓഫീസർ കെ എം ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു  രക്ഷാപ്രവർത്തനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top