26 April Friday
എൽഡിഎഫ്‌ മഹാറാലി

കാക്കും നാടിനെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

കൽപ്പറ്റയിൽ എൽഡിഎഫ്‌ റാലി സംസ്ഥാന കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു

കൽപ്പറ്റ  
തിമിർത്തുപെയ്‌ത മഴയിലും ആവേശത്തിന്റെ ആഴക്കടൽ തീർത്ത്‌ എൽഡിഎഫ്‌ റാലി. സംസ്ഥാന  സർക്കാരിനെയും മുഖ്യമന്ത്രിയെയും ജനക്കോട്ട കെട്ടി സംരക്ഷിക്കുമെന്ന്‌ പതിനായിരങ്ങൾ പ്രഖ്യാപിച്ചു. നുണപ്രചാരകർക്ക്‌ മലയോരജില്ലയുടെ മനസ്സിൽ ഇടമില്ലെന്ന്‌ ഒരിക്കൽക്കൂടി തെളിയിച്ചു. പശ്‌ചിമഘട്ട മലനിരകളേക്കാൾ ഉയരത്തിൽ ആവേശക്കൊടികൾ പാറി. സംഘപരിവാറും യുഡിഎഫും വലതുപക്ഷമാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ നടത്തുന്ന വേട്ടയാടലുകൾക്ക്‌ കർഷകജനത പ്രതിരോധക്കോട്ട തീർത്തു. 
എൽഡിഎഫ്‌ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നുണപ്രചാരണം നടത്തുന്ന യുഡിഎഫ്‌–-ബിജെപി കൂട്ടുകെട്ടിനെതിരെ കൽപ്പറ്റയിൽ നടന്ന റാലി ബഹുജനമുന്നേറ്റമായി. 
എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ കനത്ത മഴയെ അവഗണിച്ച്‌ സ്‌ത്രീകളും പ്രായമായവരും ഉൾപ്പെടെ  പതിനായിരങ്ങൾ അണിനിരന്നു. ഏതാനും ദിവസങ്ങളായി യുഡിഎഫ്‌ ജില്ലയിൽ നടത്തുന്ന കുപ്രചാരണങ്ങളെ അപ്പാടെ തള്ളിക്കളയുന്നതായി ജാഥയിലെ പങ്കാളിത്തം. നല്ല നാളെയുടെ കാവലാളാവാൻ നാടൊന്നാകെ ഒപ്പമുണ്ടാകുമെന്ന്‌ പ്രഖ്യാപിച്ച്‌ മുദ്രാവാക്യങ്ങൾ വാനിലുയർന്നു. 
മുന്നണിയുടെ അച്ചടക്കവും ശക്തിയും ഒരു നുണപ്രചാരണത്തിലും ഒലിച്ചുപോവില്ലെന്ന്‌ ആയിരങ്ങൾ തെളിയിച്ചു. ദേശീയപാത നിറഞ്ഞൊഴുകിയ ജനസഞ്ചയം യുഡിഎഫിനും സംഘപരിവാറിനും അവരെ താലോലിക്കുന്ന വലതുപക്ഷ മാധ്യമങ്ങൾക്കും താക്കീതായി. കൽപ്പറ്റ കനറാബാങ്ക്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച മാർച്ച്‌ പൊലീസ്‌ സ്‌റ്റേഷൻ പരിസരത്ത്‌ സമാപിച്ചു.
പൊതുയോഗം എൽഡിഎഫ്‌ സംസ്ഥാന കൺവീനർ ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര അധ്യക്ഷനായി. പി എം സന്തോഷ്‌കുമാർ എംപി,  സലീം മടവൂർ, മാത്യൂസ്‌ കോലാച്ചേരി, ബാലസുബ്രഹ്മണ്യൻ, കൊച്ചറ മോഹൻ നായർ, കെ ജെ ദേവസ്യ, എ പി അഹമ്മദ്‌ എന്നിവർ സംസാരിച്ചു. എൽഡിഎഫ്‌ കൺവീനർ സി കെ ശശീന്ദ്രൻ സ്വാഗതവും ഷാജി ചെറിയാൻ നന്ദിയും പറഞ്ഞു. 
പ്രകടനത്തിന്‌ പി ഗഗാറിൻ, വി പി വർക്കി, സി എം ശിവരാമൻ, കെ കെ ഹംസ, സണ്ണി മാത്യു, എ പി ശശികുമാർ, മുഹമ്മദ്‌ പഞ്ചാര തുടങ്ങിയവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top