26 April Friday

ഹിന്ദുത്വ ആശയങ്ങൾക്ക്‌ മുമ്പിൽ പ്രധാനമന്ത്രി 
സാഷ്‌ടാംഗം പ്രണമിക്കുന്നു: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽഡിഎഫ്‌ കൽപ്പറ്റയിൽ സംഘടിപ്പിച്ച പൊതുയോഗം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്‌ഘാടനംചെയ്യുന്നു

 
കൽപ്പറ്റ
ഹിന്ദുത്വ ആശയങ്ങൾക്ക്‌ മുമ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാഷ്‌ടാംഗം പ്രണമിക്കുകയാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കൽപ്പറ്റയിൽ എൽഡിഎഫ്‌ സംഘടിപ്പിച്ച പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. 
മതേതര രാജ്യമായ ഇന്ത്യയുടെ പാർലമെന്റ്‌ മന്ദിരം എത്ര വികലമായാണ്‌ ഉദ്‌ഘാടനംചെയ്‌തത്‌. എവിടെനിന്നോ കുറേ സന്യാസിമാരെ കൊണ്ടുവന്ന്‌ യാഗവും പൂജയും നടത്തി. ഇപ്പോൾ പ്രതികരിച്ചിട്ടില്ലെങ്കിൽ നമുക്ക്‌ എല്ലാം നഷ്ടപ്പെടും. ഹിറ്റ്‌ലറുടെ ഫാസിസം ഇന്ത്യയിൽ തുടങ്ങിക്കഴിഞ്ഞു. പ്രതികരിക്കാൻ കഴിഞ്ഞാൽ നല്ലത്‌. 
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മതേതരത്വം സംരക്ഷിക്കുന്ന ഉരുക്ക്‌ കോട്ടയാണ്‌. ഏങ്ങനെയെങ്കിലും ഈ മുന്നണിയെ പിടിച്ച്‌ താഴെയിടണമെന്ന്‌ ആരെങ്കിലും  ആഗ്രഹിച്ചാൽ ഇരിക്കുന്ന കൊമ്പ്‌ മുറിക്കലാണ്‌. ഇവിടെ ആരും ചരിത്രം തിരുത്താൻ പോകുന്നില്ല. രാഷ്‌ട്രപിതാവിനെ പാഠപുസ്‌തകത്തിൽനിന്ന്‌ പുറത്താക്കുന്നില്ല. മഹത്തായ ശക്തിയാണ്‌ എൽഡിഎഫ്‌. സംസ്ഥാനത്തെ ഇനിയും മുന്നോട്ട്‌ നയിക്കണം. അത്യാധുനിക കേരളമാക്കി മാറ്റുകയാണ്‌ ലക്ഷ്യം. ഇവിടുത്തെ സുരക്ഷിതത്വം നഷ്ടപ്പെടാൻ അനുവദിക്കരുത്‌. വായ്‌പാപരിധി കേന്ദ്രം വെട്ടിക്കുറച്ചിട്ടും കോൺഗ്രസ്‌ ഒരക്ഷരം മിണ്ടുന്നില്ല. ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര്‌ കണ്ടാൽ മതിയെന്ന നിലപാടാണവർക്ക്‌. കേരളത്തിന്റെ നേട്ടങ്ങളെല്ലാം ഇല്ലാതാക്കാനാണ്‌ കേന്ദ്രശ്രമം. ഇതിനോടൊപ്പമാണ്‌ യുഡിഎഫ്‌. ഏതെങ്കിലും മാന്ത്രികവടി വീശിയല്ല ഇന്നത്തെ കേരളമായത്‌. നിരന്തരമായ പരിഷ്‌കാരങ്ങളിലൂടെയാണെന്നും അവർ പറഞ്ഞു. 
ചടങ്ങിൽ സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷനായി. എൽഡിഎഫ്‌ നേതാക്കളായ പി ഗഗാറിൻ, ഇ ഡി ദാമോദരൻ, കെ ജെ ദേവസ്യ, വി പി വർക്കി, കെ പി ശശികുമാർ, എൻ കെ രാധാകൃഷ്‌ണൻ, എ പി അഹമ്മദ്‌, ജോസഫ്‌ മാണിശ്ശേരിയിൽ, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എസ്‌ ബിന്ദു എന്നിവർ സംസാരിച്ചു. 
എൽഡിഎഫ്‌ ജില്ലാ കൺവീനൻ സി കെ ശശീന്ദ്രൻ സ്വാഗതവും സി എം ശിവരാമൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top