25 April Thursday
കാനന ഭംഗിയിൽ ജംഗിൾ സഫാരി

ഹിറ്റായി ആനവണ്ടിയോട്ടം

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023
മാനന്തവാടി
 ഹൈസ്‌പീഡിൽ  കെഎസ്ആർടിസിയുടെ ‘ഗ്രാമവണ്ടി’യും ‘ജംഗിൾ സഫാരി’യും.  സംസ്ഥാനത്താകെ വ്യത്യസ്‌ത പദ്ധതികളിലൂടെ കെഎസ്ആർടിസി അതിജീവനയാത്ര നടത്തുമ്പോൾ മാനന്തവാടിയും അതിനൊപ്പം ഓടുകയാണ്‌.   
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഗ്രാമവണ്ടി’  കലക്‌ഷനിലും മുന്നേറുകയാണ്‌. 
ആരംഭിച്ച്‌ ഒരാഴ്ചക്കുള്ളിൽ ‘ജംഗിൾ സഫാരി’ സഞ്ചാരികളുടെ മനം കവർന്നു. മാനന്തവാടിയിൽനിന്ന്‌ രണ്ടേനാൽ–- -കണ്ണൂർ സർവകലാശാല സെന്റർ–- കാരക്കുനി- വഴി -അംബേദ്ക്കർ ക്യാൻസർ സെന്ററിലേക്കാണ്  ഗ്രാമവണ്ടി സർവീസ്. ക്യാൻസർ സെന്ററിലേക്ക്‌ ഏറ്റവും കുറഞ്ഞ സമയത്ത് കുറഞ്ഞ തുകയിൽ എത്താനാകും. 20 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌.  200 രൂപ ഓട്ടോറിക്ഷക്ക്‌ നൽകിയിരുന്നവർക്കാണ്‌ 20 രൂപക്ക്‌ ഇപ്പോൾ യാത്രചെയ്യാനാകുന്നത്‌. കണ്ണൂർ സർവകലാശാലാ സെന്ററിലെ വിദ്യാർഥികൾക്കും പ്രദേശത്തുകാർക്കും  ഗ്രാമവണ്ടി ആശ്വാസമായി.
പുലർച്ചെ 5.30ന് മാനന്തവാടിയിൽനിന്ന്‌ ആരംഭിക്കുന്ന ജംഗിൾ സഫാരി  ബാവലി, തോൽപ്പെട്ടി, തിരുനെല്ലി വനമേഖലകളിലൂടെയാണ് കടന്നുപോവുന്നത്. വന്യമൃഗങ്ങളെ അടുത്തുകണ്ട്‌ കാനനഭംഗി ആസ്വദിച്ച് ‘ആനവണ്ടിയിൽ' യാത്രചെയ്യാം. വിദേശികൾ ഉൾപ്പെടെ  നിരവധിപേരാണ് ജംഗിൾ സഫാരിക്കെത്തുന്നത്. 300 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. 
നേരത്തെ ബത്തേരിയിലും ജംഗിൾ സഫാരി ആരംഭിച്ചിരുന്നു. ഇവിടെ നടപ്പാക്കിയ സ്ലീപ്പർ ബസ്‌ പദ്ധതിയും മാനന്തവാടിയിൽ തുടങ്ങണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്‌. സഞ്ചാരികൾക്ക്‌ ബസ്സിൽ താമസിക്കാൻ സൗകര്യമൊരുക്കുന്ന പദ്ധതിയാണ്‌ സ്ലീപ്പർ ബസ്‌. ഇത്‌ മാനന്തവാടിയിൽ ആരംഭിച്ചാൽ പുലർച്ചെ ജംഗിൾ സഫാരി നടത്തുന്നവർക്ക്‌ ഡിപ്പോയിൽത്തന്നെ താമസിക്കാനാവും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top