20 April Saturday

നേതാക്കളുടെ അരാജക ജീവിതം; മാവോയിസ്‌റ്റ്‌ പ്രവർത്തനം ഉപേക്ഷിച്ച്‌ 
പ്രവർത്തകർ

സ്വന്തം ലേഖകൻUpdated: Friday Oct 29, 2021
കൽപ്പറ്റ > നേതാക്കൾക്കിടയിലെ അന്തഃഛിദ്രങ്ങളിലും അരാജക ജീവിതത്തിലും മനംമടുത്തും സർക്കാരിന്റെ പുനരധിവാസ പാക്കേജിൽ ആകൃഷ്‌ടരായും  മാവോയിസ്‌റ്റ്‌  പ്രവർത്തനങ്ങളിൽനിന്ന്‌ യുവാക്കൾ അകലുന്നു.  കബനീ ദളത്തിന്റെ ഡെപ്യൂട്ടി കമാൻഡറും പുൽപ്പള്ളി അമരക്കുനി സ്വദേശിയുമായ ലിജേഷിന്റെ കീഴടങ്ങൽ ഇതിന്റെ സൂചനയായാണ്‌ പൊലീസ്‌ കരുതുന്നത്‌.
 
പുനരധിവാസ പാക്കേജ്‌ പ്രഖ്യാപിച്ച‌ശേഷം സംസ്ഥാനത്ത്‌ കീഴടങ്ങുന്ന ആദ്യ നേതാവാണ്‌ ലിജേഷ്‌. ഏഴുവർഷത്തെ പ്രവർത്തനമാണ്‌ ലിജേഷ്‌ ഉപേക്ഷിച്ചത്‌. റിസോർട്ടുകളിൽനിന്നും പ്ലാന്റേഷൻ ഓഫീസുകളിൽനിന്നും  വ്യാപകമായി പണംപിരിച്ചുള്ള നേതാക്കളുടെ അരാജക ജീവിതം യുവാക്കളിൽ  മടുപ്പും വിശ്വാസക്കുറവും ഉണ്ടാക്കിയിട്ടുണ്ട്‌. സർക്കാരിന്റെ മികച്ച പുനരധിവാസ പാക്കേജും കീഴടങ്ങുന്നതിന്‌ കാരണമാകുന്നുണ്ട്‌. ലിജേഷിന്റെ ഭാര്യ കവിത, വയനാട്ടിൽ തന്നെയുള്ള ജിഷ ഉൾപ്പെടെയുള്ളവർ കീഴടങ്ങുമെന്ന്‌  കരുതുന്നുണ്ട്‌.

പ്രവർത്തനം വയനാട്‌ കേന്ദ്രീകരിച്ച്‌
 
മലപ്പുറം, പാലക്കാട്‌ മേഖലകളുൾപ്പെടുന്ന ഭവാനി ദളത്തിന്റെ പ്രവർത്തനം നിർജീവമായതോടെ വയനാട്ടിൽ കബനി, ബാണാസുര, നാടുകാണി എന്നീ മൂന്ന്‌ ദളങ്ങൾ കേന്ദ്രീകരിച്ചാണിപ്പോൾ പ്രവർത്തനം. കുപ്പുദേവരാജ്‌, മണിവാസകം ഉൾപ്പെടെയുള്ള നേതാക്കൾ കൊല്ലപ്പെട്ടതോടെയാണ്‌ ഭവാനിദളം നിർജീവമായത്‌. ബാണാസുര ദളം അടുത്തകാലത്താണ്‌ പ്രവർത്തനം തുടങ്ങിയത്‌. വിക്രം ഗൗഡയാണ്‌ മൂന്നു ദളങ്ങളുടെയും ചീഫ്‌ കമാൻഡർ. അസുഖ ബാധിതനായതിനെ തുടർന്ന്‌ നാടുകാണി ദളത്തിലായിരുന്ന സി പി മൊയ്‌തീൻ  ബാണാസുര ദളത്തിലേക്ക്‌ എത്തിയതായി പൊലീസിന്‌ വിവരമുണ്ട്‌.
 
പേരാമ്പ്ര മുതുകാടിൽ പ്ലാന്റേഷൻ കോർപറേഷൻ പരിസരത്ത്‌ യോഗം നടത്തിയതും പോസ്‌റ്റർ പതിച്ചതും മൊയ്‌തീന്റെ നേതൃത്വത്തിലാണെന്ന്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌.  ബാണാസുര ദളത്തിന്‌ നേതൃത്വം നൽകുന്നതും മൊയ്‌തീനാണ്‌.  ജിഷ, സോമൻ, സുന്ദരി എന്നിവർ ഇക്കൂട്ടത്തിലുണ്ട്‌. ഛത്തീസ്‌ഗഢിൽ 42 സിആർപിഎഫുകാർ കൊല്ലപ്പെട്ട സംഭവത്തിൽ സെക്കൻഡ്‌ കമാൻഡർ ആയിരുന്നു സുന്ദരി. ഗീത, സിന്ധു എന്നീ പേരിലും സുന്ദരി അറിയപ്പെടുന്നുണ്ട്‌.  റിമോട്ട്‌ കുഴിബോംബ്‌ (ഐഇഡി) നിർമാണ വിദഗ്‌ധ കൂടിയാണ്‌.  ജയണ്ണ, സാവിത്രി എന്നിവരാണ്‌ കബനീ ദളത്തിന്‌ നേതൃത്വം. വിക്രം ഗൗഡയുടെ ഭാര്യയാണ്‌ സാവിത്രി. വിക്രം, രവി, യോഗേഷ്‌ എന്നിവരാണ്‌ നാടുകാണി ദളത്തിൽ പ്രവർത്തിക്കുന്നത്‌. വി ജി കൃഷ്‌ണമൂർത്തിയാണ്‌ പശ്‌ചിമഘട്ട സോണൽ ചീഫ്‌. മുപ്പതിലേറെ  കേഡർമാർ മൂന്ന്‌ ദളങ്ങളിലായി പ്രവർത്തിക്കുന്നുണ്ടെന്നാണ്‌ ഇന്റലിജൻസ്‌ വിവരം. കോളനികളിലും മറ്റും എത്തുമ്പോൾ പൊലീസ്‌ ഇതുവരെ തിരിച്ചറിയാത്തവർ കോളനിക്ക്‌ പുറത്ത്‌ കാവൽ നിൽക്കുകയാണ്‌ പതിവെന്നും  കരുതുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top