18 December Thursday
വീണ്ടും മാവോയിസ്റ്റ് ആക്രമണം:

സംഘത്തിനായി തെരച്ചിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023

കെഎഫ്ഡിസി ഓഫീസ് പൊലീസ്‌സംഘം പരിശോധിക്കുന്നു

 
മാനന്തവാടി
തലപ്പുഴ കമ്പമലയിലെ കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപറേഷന്റെ എസ്‌റ്റേറ്റ്‌ ഓഫീസ് അടിച്ചുതകർത്ത മാവോയിസ്‌റ്റ്‌ സംഘത്തിനായി തിരച്ചിൽ ഊർജിതം. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മാനന്തവാടി ഡിവൈഎസ്‌പി  പി എൽ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്, തണ്ടർബോൾട്ട് സംഘമാണ്‌ തിരച്ചിൽ നടത്തുന്നത്‌. എസ്‌റ്റേറ്റിലും തൊട്ടുചേർന്ന വനമേഖലകളിലും ബുധനാഴ്‌ച തിരച്ചിൽ നടത്തി. വ്യാഴാഴ്‌ചയും തിരച്ചിലും നീരീക്ഷണവും തുടരുമെന്ന്‌ ഉന്നത പൊലീസ്‌ അധികൃതർ പറഞ്ഞു. 
 ജില്ലാ പൊലീസ് മേധാവി പഥം സിങ്‌, രഹസ്യാന്വേഷണ വിഭാഗം ഡിവൈഎസ്‌പി എൻ ഒ സിബി  എന്നിവരുടെ നേതൃത്വത്തിലും പരിശോധന നടത്തി.  ഉത്തര മേഖല ഡിഐജി  തോംസൺ ജോസ് സ്ഥലത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തി.  ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. 
വ്യാഴം പകൽ 12ന്‌ ആയിരുന്നു  കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോർപറേഷന്റെ കമ്പമലയിലുള്ള എസ്‌റ്റേറ്റ്‌ ഓഫീസ്  മവോയിസ്റ്റുകൾ ആക്രമിച്ചത്‌. യൂണിഫോം ധരിച്ച് ആയുധധാരികളായ ആറംഗ സംഘം  ഓഫീസിൽ എത്തുകയും ഡിവിഷൻ മാനേജർ ബാദുഷ നൗഷാദ്,  ക്ലർക്ക് വാസന്തി, ഫീൽഡ്‌ അസിസ്റ്റന്റ് രാമൻ എന്നിവരെ  പുറത്തിറക്കിവിട്ട്‌ ഓഫീസ്‌ ആക്രമിക്കുകയായിരുന്നു.  ജനൽച്ചില്ലുകൾ,  ഫർണിച്ചർ, കംപ്യൂട്ടറുകൾ, ഫോട്ടോ കോപ്പി മെഷീൻ, പ്രിന്റർ, റിസപ്ഷനിലെ ഫോൺ, വാതിൽ, ഗ്ലാസ് അലമാര, ഫാൻ, ക്ലോക്ക് തുടങ്ങിയവ തകർത്തു. ഓഫീസിന്‌ മുമ്പിലെ ചുവരിൽ സിപിഐ മാവോയിസ്റ്റ് കബനി ഏരിയാ സമിതിയുടെ പേരിൽ  മലയാളം, തമിഴ് ഭാഷകളിൽ   പോസ്റ്ററുകർ പതിക്കുകയും ചെയ്തു. മലയാളത്തിലും തമിഴിലുമായിരുന്നു ഇവരുടെ സംസാരം.  മാനേജർ ബാദുഷയുടെ ഫോൺ വാങ്ങിയെടുത്ത്‌ ആക്രമണ ദൃശ്യങ്ങൾ പകർത്തി  ഏഴ്‌  ദൃശ്യമാധ്യമ പ്രവർത്തകരുടെ നമ്പറിലേക്ക്‌ അയച്ചുകൊടുത്തു.   പുറത്തിറങ്ങി മുദ്രാവാക്യവും  വിളിച്ചു. ഒരുമണിക്കൂറോളം ഇവിടെ ചെലവിട്ട സംഘം  അരിയും പലവ്യഞ്ജനങ്ങളും എടുത്താണ് മടങ്ങിയത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ ജീവനക്കാർ ഭയന്നു. വിവരമറിഞ്ഞ് മാനന്തവാടി ഡിവൈഎസ്‌പി  പി എൽ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്, തണ്ടർബോൾട്ട് സംഘം സ്ഥലത്തെത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു.  മാവോയിസ്‌റ്റുകൾക്കെതിരെ പൊതുമുതൽ നശിച്ചതിനും യുഎപിഎ പ്രകാരവും കേസെടുത്തിട്ടുണ്ട്. ഓഫീസിന് തണ്ടർബോൾട്ട് സുരക്ഷ ഏർപ്പെടുത്തി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top