18 December Thursday

മുമ്പും ഫോൺ തട്ടിയെടുത്ത്‌ സന്ദേശമയച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 29, 2023
 
കൽപ്പറ്റ
ജില്ലയിൽ മാവോയിസ്‌റ്റുകൾ മുമ്പും ഫോൺ തട്ടിയെടുത്ത്‌ സന്ദേശം അയച്ചു.  മാർച്ച്‌ 15ന്‌ കുഞ്ഞോം അരിമല കോളനിയിലെത്തിയ ആയുധധാരികളായ നാലംഗ മാവോയിസ്‌റ്റ്‌ സംഘം വനം വാച്ചറെ ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്ത്‌ സന്ദേശം അയച്ചിരുന്നു.  കോളനിയിലെ ശശിയുടെ വീട്ടിലാണ്‌ രാത്രി പതിനൊന്നോടെ  സംഘം എത്തിയത്‌.  വനം വകുപ്പിലെ താൽക്കാലിക വാച്ചറായ ശശിയെ വിളിച്ചുണർത്തി ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്ത്‌  മാവോയിസ്‌റ്റ്‌ പോസ്‌റ്ററുകൾ  മറ്റുള്ളവർക്ക്‌ അയച്ചു. വീട്ടിൽനിന്ന്‌ ഭക്ഷ്യസാധനങ്ങൾ കൊണ്ടുപോകുകയും ചെയ്‌തു. 
സംഘത്തിന്റെ കൈവശമുണ്ടായിരുന്ന ഫോണിലെ പോസ്റ്ററുകൾ പിഡിഎഫ്‌ ഫയലാക്കി ബ്ലൂടൂത്ത്‌ വഴി ശശിയുടെ ഫോണിലേക്ക്‌ അയച്ചു. പിന്നീട്‌ ശശിയുടെ നമ്പർ ഉപയോഗിച്ച്‌ പ്രത്യേക വാട്‌സ്‌ ആപ്‌ ഗ്രൂപ്പുണ്ടാക്കി പോസ്‌റ്ററുകൾ ഷെയർചെയ്യുകയായിരുന്നു. നൂറ്റിമുപ്പതോളം നമ്പറുകളിലേക്കാണ്‌ സിപിഐ  മാവോയിസ്‌റ്റ്‌   ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലുള്ള പോസ്‌റ്ററുകൾ അയച്ചത്‌. 
മാവോയിസ്‌റ്റ്‌ നേതാക്കളായ ചന്ദ്രു, സുന്ദരി,  ഉണ്ണിമായ എന്നിവരും മറ്റൊരാളുമാണ്‌ എത്തിയതെന്നായിരുന്നു പൊലീസ്‌ നിഗമനം. പിന്നീട്‌ ഇപ്പോൾ കമ്പമലയിലാണ്‌ ആയുധധാരികളായ സംഘം എത്തുന്നത്‌. 
 ഫെബ്രുവരി 28ന്‌ പടിഞ്ഞാറത്തറ കാപ്പിക്കളത്തും മാവോയിസ്‌റ്റ്‌ സംഘമെത്തി ആദിവാസി സ്‌ത്രീയെയും കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സാധനസാമഗ്രികൾ കവർന്നിരുന്നു.  വീട്ടിൽ അതിക്രമിച്ച്‌ കയറി വീട്ടമ്മയായ ഗീതയുടെ കഴുത്തിന് കുത്തിപ്പിടിച്ച് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ്‌ സാധനങ്ങൾ കവർന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top