25 April Thursday
ജാഗ്രത പാലിക്കാം

പേവിഷബാധ ചെറുക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
 
കൽപ്പറ്റ
പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. പി ദിനീഷ് അറിയിച്ചു. മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസ് രോഗമാണ് പേവിഷബാധ.
     രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലുള്ള വൈറസുകൾ മൃഗങ്ങളുടെ നക്കൽ, മാന്ത്, കടി എന്നിവ മൂലമുണ്ടായ മുറിവിൽക്കൂടി മനുഷ്യശരീരത്തിലെത്താം. രോഗം സുഷുംനാ നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതുവരെയുള്ള ഇടവേള രണ്ടാഴ്ചമുതൽ മൂന്നുമാസംവരെയാകാം. തലവേദന, തൊണ്ടവേദന മൂന്നുനാല് ദിവസം നീണ്ടുനിൽക്കുന്ന പനി, കടിയേറ്റ ഭാഗത്ത് മരവിപ്പ് എന്നിവയാണ് രോഗലക്ഷണങ്ങൾ. ശ്വാസതടസ്സം, ഉറക്കമില്ലായ്മ, കാറ്റ്, വെള്ളം, വെളിച്ചം എന്നിവയുടെ സാമീപ്യംമൂലമുള്ള അസ്വസ്ഥത, മാനസികവിഭ്രാന്തി, മരണഭയം എന്നിവ പ്രകടമാകുന്നു. മുറിവേറ്റയുടൻ പ്രതിരോധ കുത്തിവയ്പ്‌ എടുത്താൽ പേവിഷബാധയും മരണവും ഒഴിവാക്കാം.
 
ചികിത്സ മൂന്നുതരം
മൃഗങ്ങളെ തൊടുക, ഭക്ഷണം കൊടുക്കുക, മുറിവുകൾ ഇല്ലാത്ത തൊലിപ്പുറത്ത് നക്കുക. ഈ സാഹചര്യത്തിൽ ടാപ്പ് വെള്ളത്തിൽ 10, -15 മിനിട്ട് സോപ്പുപയോഗിച്ച് നന്നായികഴുകുക. പ്രതിരോധ മരുന്നുവേണ്ട.
തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയ്‌ക്ക്‌ ടാപ്പ് വെളളത്തിൽ 10, -15 മിനിട്ട് കഴുകുക. പ്രതിരോധ കുത്തിവയ്പ് എടുക്കണം. 
മുറിവുള്ള തൊലിപ്പുറത്ത് നക്കുക, രക്തം പൊടിയുന്ന മുറിവുകൾ പോറലുകൾ, ചുണ്ടിലോ വായിലോ നാക്കിലോ നക്കുക എന്നിവയ്‌ക്ക്‌  മുറിവ് സോപ്പിട്ട് 10-, 15 മിനിട്ട് ടാപ്പ് വെള്ളത്തിൽ കഴുകണം.  മുറിവിന്റെ എല്ലാ വശങ്ങളിലും എത്തുന്ന വിധത്തിൽ  പേവിഷ പ്രതിരോധ കുത്തിവയ്പ്‌ കടിയേറ്റ ചർമത്തിൽത്തന്നെ നൽകണം. 
 
കുത്തിവയ്പെടുക്കാം;  പ്രതിരോധം തീർക്കാം
തൊലിപ്പുറത്തുള്ള  കുത്തിവയ്പാണ്‌ നൽകുന്നത്. 0, 3, 7, 28 ദിവസങ്ങളിൽ കുത്തിവയ്പുകൾ എടുക്കണം. പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടോയെന്ന് അറിയാത്ത നായ കടിച്ചാൽ പ്രതിരോധ കുത്തിവയ്പ് എടുക്കണം. നായയെ കെട്ടിയിട്ട് നിരീക്ഷിക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യണം.
    പട്ടി, പൂച്ച എന്നിവയെ സ്ഥിരമായി കൈകാര്യം ചെയ്യുന്നവർക്കും വന്യമൃഗങ്ങളുമായി ഇടപഴുകുന്നവരും മുൻകൂറായി കുത്തിവയ്പ് എടുക്കാം. 0, 7 28 ദിവസങ്ങളിൽ മൂന്ന്‌ കുത്തിവയ്പാണ്‌ എടുക്കേണ്ടത്. ഈ കുത്തിവയ്പ് എടുത്തവരെ വീണ്ടും മൃഗങ്ങൾ കടിച്ചാൽ 0, 3 ദിവസങ്ങളിൽ രണ്ടെണ്ണം എടുത്താൽ മതിയാകും.  പേവിഷ ബാധക്കെതിരെയുള്ള കുത്തിവയ്പുകൾ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top