28 September Thursday
ചേലോടിന്റെ ചായക്കഥ

ഇവിടെ തിളയ്‌ക്കുന്നത്‌ 
പഴമയുടെ ഗന്ധം

പി അഭിഷേക്‌Updated: Monday May 29, 2023
കൽപ്പറ്റ 
നൂറ്റാണ്ടിന്റെ ചരിത്രവുമായി ചേലോട്ട് എസ്റ്റേറ്റിൽ  ചായക്കഥ തിളച്ചുപൊന്തുകയാണ്. കാലമേറെ മാറിയിട്ടും ഈ തേയിലത്തോട്ടത്തിലെ ഫാക്ടറിയിൽ ഇപ്പോഴും പഴമയുടെ ഗന്ധമാണ്‌. ആധുനിക യന്ത്രങ്ങൾ ഫാക്ടറികൾ കീഴടക്കിയിട്ടും 95 വർഷം മുമ്പത്തെ സാങ്കേതികവിദ്യയിലാണ്‌ ഇവിടെ കൊളുന്തുകൾ പൊടിയാക്കുന്നത്‌. ബ്രിട്ടീഷ്‌ കാലത്തെ ഫാക്ടറി അതേപടി നിലനിർത്തിയാണ്‌ ഉൽപ്പാദനം. 
 -കോഴിക്കോട്–-കൊല്ലഗൽ ദേശീയപാതയോട്‌ ചേർന്ന്‌ ചുണ്ടേൽ  ചേലോട്ട് 1927ൽ ബ്രിട്ടീഷുകാരാണ്‌  തോട്ടം ആരംഭിച്ചത്. പിന്നീട് തോട്ടം കോഴിക്കോട് രൂപതയുടെ കൈവശമായി.  പച്ചവിരിച്ച തേയിലക്കുന്നുകൾക്ക്‌ നടുവിലൂടെയുള്ള പാത പഴമയുടെ പ്രൗഢിയിൽ തലയുയർത്തിനിൽക്കുന്ന  ഫാക്ടറിയിലേക്കാണ് എത്തുക. തോട്ടത്തിൽനിന്ന്‌ നുള്ളുന്ന കൊളുന്തുകൾ തലച്ചുമടായാണ് ഫാക്ടറിയിലേക്ക് കൊണ്ടുവരിക. രണ്ടാംനിലയിൽ പ്രത്യേകം ഒരുക്കിയ അറകളിൽ കൊളുന്ത്‌ വിരിക്കും. അറകളിലൂടെ ചൂടുകാറ്റ് പമ്പ് ചെയ്യും. ഒരു ദിവസം മുഴുവനിത്‌ നീളും.  ജലാംശം വറ്റിച്ച്‌ പിറ്റേന്ന് രാവിലെയാണ് ചപ്പ്‌ എടുക്കുക. രണ്ടാം നിലയിലെ ചെറുദ്വാരങ്ങളിലൂടെ താഴത്തെ നിലയിലുള്ള ഫാക്ടറിയിലേക്ക് കൊളുന്ത്‌ എത്തിക്കും.  മൂന്ന് തവണയായി  അരച്ച്‌ നാരുകൾ വേർപ്പെടുത്തും. പഴയ സാങ്കേതികവിദ്യയായതിനാൽ  മെഷീനുകൾ കൈകാര്യം ചെയ്യാൻ മനുഷ്യാധ്വാനം കൂടുതൽവേണം. ഗ്രേഡുകളായി തിരിച്ച്‌ 130–-140 ഡിഗ്രി സെൽഷ്യസ് വരെ ചൂടിൽ വറുത്തെടുക്കും. ഇതിനും പ്രത്യേക മെഷീനുണ്ട്. വിറക് കത്തിച്ച് കുഴലുകളിലൂടെ പമ്പ് ചെയ്യുന്ന ചൂടിലാണ് വറക്കൽ. മുമ്പ് കൽക്കരിയും ഉപയോഗിച്ചിരുന്നു.
 വറുത്ത തേയില, മെഷീനുകളിലൂടെ തന്നെ വൃത്തിയാക്കുന്നതാണ്‌ അടുത്തഘട്ടം.  ഇലകൾ വ്യത്യസ്ത ഗ്രേഡുകളായി തിരിക്കും. ഫസ്റ്റ്,   സെക്കൻഡ്, ഇല, പൗഡർ, ഡസ്റ്റ് പൗഡർ തുടങ്ങി ആറോളം ഗ്രേഡുകൾ ഉണ്ട്. അവസാനഘട്ടം പൂർത്തിയായാൽ ചായപ്പൊടി പാക്ക് ചെയ്യും.
ഫാക്ടറിയിൽ ആകെ  ഒരു മോട്ടോറാണുള്ളത്‌. മെഷീനുകൾ ബെൽറ്റ് വഴി ബന്ധിപ്പിച്ചിട്ടുണ്ട്‌. ഏതെങ്കിലും ബെൽറ്റിന് കേടുപാട് സംഭവിച്ചാൽ മെഷീനുകൾ കൂട്ടത്തോടെ പണിമുടക്കും.
അഞ്ചിലൊന്ന്‌ പൊടി 
5000 കിലോഗ്രാം ചപ്പിൽനിന്ന് ആയിരം കിലോഗ്രാം പൊടിയാണ് ലഭിക്കുന്നത്. പഴയ സാങ്കേതികവിദ്യയായതിനാൽ മെഷീനുകളിൽ അറ്റകുറ്റപ്പണി  പ്രയാസമാണ്. ചെന്നൈ,  മുംബൈ എന്നിവിടങ്ങളിൽനിന്നാണ്‌ വിദഗ്ധർ എത്തുന്നത്. 
ആറ് സ്ത്രീകളടക്കം 35 തൊഴിലാളികളാണ്‌ ഫാക്ടറിയിലുള്ളത്. ഉൽപ്പന്നത്തിന്റെ ഗുണമേന്മ തിരിച്ചറിഞ്ഞാണ്  ലാഭം കുറഞ്ഞിട്ടും ഈ രീതി തുടരുന്നതെന്ന്‌ തോട്ടം മാനേജർ ഫാ. ഫ്രാൻസൺ ചേരമൺ തുരുത്തിൽ പറഞ്ഞു.
ചുവടുവച്ച്‌ 
ടൂറിസത്തിലേക്കും 
തോട്ടം വിനോദസഞ്ചാരകേന്ദ്രമായികൂടി മാറുകയാണ്‌. ഫാക്ടറിയുടെ പ്രവർത്തനം കാണാൻ നിരവധി പേരെത്തുന്നുണ്ട്‌. എസ്റ്റേറ്റിനകത്ത് സമ്പൂർണ ടൂർ പാക്കേജാണ്‌ ലക്ഷ്യം. 
തേയിലച്ചെടികൾക്ക് മുകളിൽ എൽഇഡി ലൈറ്റുകൾ വിരിച്ചുള്ള ഫീൽഡ് ഓഫ് ലൈറ്റ്, അഡ്വഞ്ചർ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ, ഗ്ലാസ് ബ്രിഡ്ജ്, കേബിൾ കാർ, ഗ്ലാസ് ഹട്ട്, ഇക്കോ ഫ്രണ്ട്‌ലി ഫിലിം സിറ്റി, അഡ്വഞ്ചർ സൈക്ലിങ്‌ തുടങ്ങിയവയാണ്‌ മാനേജ്മെന്റ് ആവിഷ്കരിക്കുന്നത്. ജില്ലാ ടൂറിസം വകുപ്പിന്റെ പിന്തുണയുമുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top