കൽപ്പറ്റ
ഇലക്‌ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്ന കാലത്ത് ചുരം കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രയ്‌ക്കിടെ എങ്ങനെ ചാർജ് ചെയ്യുമെന്നാലോചിച്ച് ഇനി വിഷമിക്കേണ്ട. ജില്ലയുടെ അതിർത്തി പ്രദേശമായ വൈത്തിരിയിൽ കുറച്ച് സമയം തങ്ങിയാൽ വാഹനം ചാർജ് ചെയ്‌ത് മുന്നോട്ട്‌പോവാം. കെഎസ്‌ഇബി വൈത്തിരിയിൽ ഒരുക്കുന്ന ഇ–-ചാർജിങ് സ്‌റ്റേഷൻ ജൂൺ രണ്ടാം വാരത്തോടെ കമീഷൻ ചെയ്യും. വൈത്തിരിക്ക് പുറമെ ബാണാസുര ഡാം പരിസരത്തും ഇ–-ചാർജിങ് സ്‌റ്റേഷൻ നിർമാണം അവസാനഘട്ടത്തിലാണ്.
പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുക, ഊർജ സംരക്ഷണം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ ഇ–-മൊബിലിറ്റി നയത്തിന്റെ ഭാഗമായാണ് ജില്ലയും പുതിയ സംവിധാനത്തിലേക്ക് "ചാർജ്' ചെയ്യുന്നത്. ചാർജിങ് സൗകര്യം കൂടി വിപുലപ്പെടുന്നതോടെ പെട്രോൾ, ഡീസൽ വിലയിൽ പകച്ചുനിൽക്കുന്നവരെ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കാൻ കഴിയുമെന്ന് കെഎസ്‌ഇബി അധികൃതർ പറഞ്ഞു. ജില്ലയിലെ ആദ്യത്തെ ഇ–-ചാർജിങ് സ്‌റ്റേഷനാണ് വൈത്തിരി കെഎസ്‌ഇബി ഓഫീസിനോട് ചേർന്ന് സജ്ജമാക്കിയിട്ടുള്ളത്. 15 ലക്ഷത്തോളം രൂപ ചെലവ് വരുന്നതാണ് പദ്ധതി.
ചാർജിങ്ങും പണമടയ്ക്കലുമെല്ലാം സ്വയം ചെയ്യാവുന്ന രീതിയിലാണ് സ്‌റ്റേഷനുകളുടെ ക്രമീകരണം. ചാർജിങ് കേന്ദ്രത്തിൽ രണ്ട് ചെറു വാഹനങ്ങൾക്ക് ഒരേസമയം ചാർജ്‌ചെയ്യാനാവും.
ജില്ലയിൽ മൂന്ന് മണ്ഡലങ്ങളിലായി അഞ്ചു വീതം പോൾ മൗണ്ടഡ് ചാർജിങ് പോയിന്റുകളും കെഎസ്‌ഇബിക്ക് കീഴിലായി ഒരുക്കുന്നുണ്ട്.
ഇലക്‌ട്രിക് പോസ്‌റ്റുകളിൽ സ്ഥാപിക്കുന്ന പ്ലഗ് പോയിന്റുകളിൽനിന്ന് ലളിതമായി ബാറ്ററി ചാർജ് ചെയ്യാവുന്ന സംവിധാനമാണിത്. ഇ–- ഓട്ടോകൾ ഉൾപ്പെടെയുള്ള ടൂവീലർ, ത്രീ വീലർ വാഹനങ്ങൾക്ക് ഗുണകരമാവുന്ന ചാർജിങ് പോയിന്റുകൾ പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചാണ് സ്ഥാപിക്കുക.
സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് 15 മീറ്റർ സ്ഥലം വിട്ടുനൽകിയാൽ ചാർജിങ് സംവിധാനം ഒരുക്കുന്ന പദ്ധതിയും അടുത്ത ഘട്ടമായി കെഎസ്‌ഇബി നടപ്പാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..