26 April Friday

ആദ്യമഴയിൽ കാപ്പി പൂത്തു; തുടർ മഴയില്ലാത്തത്‌ ആശങ്ക

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

കമ്പളക്കാട്‌ പ്രദേശത്ത്‌ പൂത്ത കാപ്പിത്തോട്ടം

 കൽപ്പറ്റ

ആദ്യമഴയിൽ പൂത്ത കാപ്പി, തുടർ മഴ ലഭിക്കാത്തതിനാൽ കരിഞ്ഞുണങ്ങുമെന്ന്‌ ആശങ്ക. ജില്ലയിൽ ദിവസങ്ങൾക്കുമുമ്പ്‌ മഴപെയ്‌ത പ്രദേശങ്ങളില്ലെല്ലാം കാപ്പി പൂത്തു. പൂക്കൾ  കരിയാതെ കുരുപിടിക്കണമെങ്കിൽ വീണ്ടും മഴ കിട്ടണം. കർഷകർ മഴ കാക്കുകയാണ്‌. വൈകിയാൽ തിരിച്ചടിയാകും.  ജില്ലയിൽ  ചെറുകിട കാപ്പി കർഷകരാണ്‌ കൂടുതൽ. ചെറിയ ശതമാനത്തിന്‌ മാത്രമേ സ്വന്തമായി ജലസേചന സൗകര്യമുള്ളു. ഭൂരിഭാഗത്തിനും മഴ മാത്രമാണ്‌ ആശ്രയം. വേനലിൽ മഴപെയ്‌താലുടൻ കാപ്പി പൂക്കും. ദിവസങ്ങൾക്കകം വീണ്ടും മഴ ലഭിച്ചില്ലെങ്കിൽ പൂത്തത്‌ ഗുണത്തേക്കാൾ ഏറെ ദോഷമാകും. ഉൽപ്പാദനം ഗണ്യമായി കുറയും.  കൽപ്പറ്റ,  കമ്പളക്കാട്‌,  പനമരം,  പുൽപ്പള്ളി,  ബത്തേരി  മേഖലകളിലെല്ലാം കാപ്പി പൂത്തിട്ടുണ്ട്‌. മഴയില്ലാത്തതിനാൽ കരിഞ്ഞ്‌ കൊഴിയാനും തുടങ്ങി.  ജില്ലയിൽ എഴുപതിനായിരത്തോളം ഹെക്ടർ കാപ്പി കൃഷിയുണ്ടെന്നാണ്‌ കണക്ക്‌. അറുപതിനായിരത്തിലധികം കർഷകരുമുണ്ട്‌.  ഇത്തവണ വിളവെടുപ്പ്‌ സീസണിന്റെ അവസാനമായപ്പോഴേക്കും കാപ്പിവില ഉയർന്നു. റെക്കോർഡിലേക്കാണ്‌ കുതിപ്പ്‌. ചൊവ്വാഴ്‌ച പരിപ്പിന്‌ ക്വിന്റലിന്‌ 20,000 രൂപയായി. സമീപകാല ചരിത്രത്തിലെ റെക്കോർഡാണിത്‌. ഫെബ്രുവരിയിൽ 19,000 കടന്നിരുന്നു.   ജനുവരി ആദ്യം വിളവെടുപ്പ്‌ ആരംഭിച്ചപ്പോൾ 15,000–-16,000 രൂപയായിരുന്നു. ഇപ്പോൾ കാപ്പിവില ഉയർന്നെങ്കിലും കർഷകർക്ക്‌ കാര്യമായ നേട്ടമുണ്ടാകില്ല. ഉൽപ്പാദനം കുറവായതാണ്‌ പ്രധാന കാരണം. ചെറുകിടക്കാരെല്ലാം വിളവെടുപ്പ്‌ കഴിഞ്ഞയുടൻ കാപ്പി വിൽക്കുകയുംചെയ്‌തു. മുൻവർഷവും വിളവ്‌ കുറവായിരുന്നു. രാജ്യത്ത്‌ കൂടുതൽ കാപ്പി കൃഷിയുള്ള  കർണാടകയിലും രണ്ടുവർഷമായി ഉൽപ്പാദനം കുറവാണ്‌. പ്രധാന കാപ്പി ഉൽപ്പാദന രാജ്യങ്ങളായ  ബ്രസീൽ, ഇന്തോനേഷ്യ, കൊളംബിയ എന്നിവിടങ്ങളിലും ഉൽപ്പാദനം കുറഞ്ഞതാണ്‌ ഇപ്പോൾ കാപ്പിവില ഉയരാൻ കാരണമായി കണക്കാക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top