27 April Saturday

നിരോധിത പ്ലാസ്‌റ്റിക്‌: 10,000 രൂപ പിഴ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

 

കൽപ്പറ്റ 

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനം കണ്ടെത്താൻ ജില്ലയിൽ രൂപീകരിച്ച ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധന തുടങ്ങി. പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയും വിൽപ്പന നടത്തുകയുംചെയ്ത സ്ഥാപനങ്ങൾക്കെതിരെ 10,000 രൂപ പിഴചുമത്തി. വൈത്തിരി, മാനന്തവാടി, വെള്ളമുണ്ട പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സ്‌ക്വാഡ് പിടിച്ചെടുത്തത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിക്കുക, വിപണനംചെയ്യുകയുംചെയ്ത കടകൾക്ക് നോട്ടീസ് നൽകുകയും പിഴയീടാക്കുകയും ചെയ്തു. കുറ്റം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് അധികൃതർ അറിയിച്ചു.  നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, മാലിന്യം എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾ, മാലിന്യ സംസ്‌കരണം കൃത്യമായ രീതിയിൽ നടത്താത്ത സ്ഥാപനങ്ങൾ എന്നിവ പരിശോധനക്ക്‌ വിധേയമാക്കും. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മാലിന്യം തരംതിരിക്കാതെ പൊതുസ്ഥലത്ത് കൂട്ടിയിടുകയോ വലിച്ചെറിയുകയോ ചെയ്യുക എന്നിവക്കെതിരെയും നടപടിയുണ്ടാകും. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് അധികൃതർ അറിയിച്ചു. ജില്ലാ ശുചിത്വ മിഷൻ ഓഫീസാണ് സ്‌ക്വാഡിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ ജില്ലാ കോ-ഓർഡിനേറ്റർ, ശുചിത്വ മിഷൻ, വയനാട്, അഫാസ് അപ്പാർട്ട്മെന്റ്സ്, കൽപ്പറ്റ -673 122 എന്ന വിലാസത്തിലോ wastecomplaintswnd@gmail.com എന്ന ഇ- മെയിലിലോ അറിയിക്കാം. ഫോൺ: 04936 203223, 9947952177. 

 

നിരോധനം 
നീക്കിയിട്ടില്ല

കൽപ്പറ്റ  ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരിബാഗ്, ഡിസ്പോസിബിൾ ഗ്ലാസ്‌, പ്ലേറ്റ് എന്നിവയുടെ നിരോധനം നീക്കിയിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അധികൃതർ അറിയിച്ചു. നിലവിൽ കച്ചവടക്കാരോട് ഇത്തരം ഉൽപ്പന്നങ്ങൾക്ക് നിരോധനം ഇല്ലെന്നതരത്തിൽ മൊത്ത വിതരണക്കാർ വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്ന് ചില്ലറ വിൽപ്പന വ്യാപാരികൾ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിനെ അറിയിച്ചു. 500 മില്ലി ലിറ്ററിൽ താഴെയുള്ള കുടിവെള്ള കുപ്പികൾ വിൽക്കാൻ പാടില്ലെന്നും നിർദേശമുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top