19 April Friday
അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌

ഉയർന്നു അറിവിൻ പറവകൾ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

സ്‌റ്റെയ്‌പ്‌–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ് ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

മാനന്തവാടി
അറിവിന്റെ അക്ഷരമുറ്റത്ത്‌ അവർ ചിറകടിച്ചുയർന്നു. വിജ്ഞാനവാനിൽ  പുത്തനറിവുകൾ കൊത്തിയെടുത്തു.  സ്‌റ്റെയ്‌പ്‌–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌–-22ന്റെ ജില്ലാതല മത്സരം ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കുമപ്പുറം മാനവികതയുടെയും മതേതരത്വത്തിന്റെയും പാഠങ്ങൾകൂടി പകരുന്നതായി. 
മാനന്തവാടി ഗവ.യുപി സ്‌കൂളിൽ നടന്ന മത്സരത്തിൽ ജില്ലയിലെ മൂന്ന്‌ ഉപജില്ലകളിൽനിന്നുള്ള പ്രതിഭകൾ അറിവിന്റെ ആഴമളന്നു. സബ്‌ജില്ലാ മത്സരങ്ങളിൽ ആദ്യ രണ്ട്‌  സ്ഥാനങ്ങൾ നേടിയവരാണ്‌ ജില്ലയിൽ മാറ്റുരയ്‌ക്കാനെത്തിയത്‌. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായിരുന്നു മത്സരം.  ഹൈസ്‌കൂൾ,  ഹയർസെക്കൻഡറി വിദ്യാർഥികൾക്കായുള്ള ജില്ലാതല കഥ, കവിതാ രചനാ മത്സരങ്ങളും നടന്നു. നേരത്തെ അയച്ച സൃഷ്‌ടികളിൽനിന്ന്‌  തെരഞ്ഞെടുത്തവരാണ്‌ സാഹിത്യമത്സരത്തിൽ പങ്കെടുത്തത്‌. ടാലന്റ്‌ ഫെസ്‌റ്റ്‌ വിദ്യാർഥികൾക്ക്‌ അറവിന്റെ അക്ഷയഖനിയായി. 
ഒന്നാം സ്ഥാനക്കാർക്ക്‌ പതിനായിരം രൂപയും മെമന്റോയും സർട്ടിഫിക്കറ്റും രണ്ടാം സ്ഥാനക്കാർക്ക്‌ അയ്യായിരം രൂപയും മെമന്റോയും സർട്ടിഫിക്കറ്റും നൽകി. പങ്കെടുത്ത മുഴുവൻപേർക്കും സ്‌കൂൾബാഗ്‌ സമ്മാനമായി നൽകി.  സാഹിത്യമത്സര വിജയികളെ തിങ്കളാഴ്‌ച പ്രഖ്യാപിക്കും. 
മത്സരം ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.  സംഘാടകസമിതി ട്രഷറർ കെ എം വർക്കി അധ്യക്ഷനായി. അക്ഷരമുറ്റം ജില്ലാ കോ -ഓർഡിനേറ്റർ കെ എ അനിൽകുമാർ പദ്ധതി വിശദീകരിച്ചു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ്‌ എ ഇ സതീഷ്‌ ബാബു, വി എ ദേവകി, എം റെജീഷ്‌, എ കെ റെയ്‌ഷാദ്‌ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ ബി സിമിൽ സ്വാഗതവും അക്കാദമിക്‌ കമ്മിറ്റി കൺവീനർ എ അജയകുമാർ നന്ദിയും പറഞ്ഞു. 
സമാപന സമ്മേളനത്തിൽ മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്‌റ്റിൻ ബേബി സമ്മാനദാനം നിർവഹിച്ചു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി വിൽസൺ തോമസ്‌ അധ്യക്ഷനായി. മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റ്‌ പി ടി ബിജു, കെ ടി വിനു, ദിപിൻ മാനന്തവാടി എന്നിവർ സംസാരിച്ചു.  സംഘാടക സമിതി ജോയിന്റ്‌ കൺവീനർ കെ അനൂപ്‌കുമാർ സ്വാഗതവും ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ വി ജെ വർഗീസ്‌ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top