കൽപ്പറ്റ
മുട്ടിൽ മരംമുറിയിൽ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടുമകൾക്ക് റവന്യു വകുപ്പ് നൽകിയ നോട്ടീസിലെ നടപടികൾ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പ്രക്ഷോഭത്തിലേക്ക്. ഒക്‌ടോബർ മൂന്നിന് മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസ് മാർച്ച് നടത്താൻ ഏരിയാ കമ്മിറ്റി തീരുമാനിച്ചു.
മുറിച്ച മരത്തിന് കണക്കാക്കിയിട്ടുള്ള വിലയുടെ മൂന്നിരട്ടി പിഴയായി അടക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. നിരപരാധികളായ കർഷകർക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. മുപ്പതും അമ്പതും ലക്ഷം രൂപവരെ അടയ്ക്കണമെന്നാണ് ആവശ്യം. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്‌ത് ഭൂവുടമകളെ വഞ്ചിച്ച് പട്ടയഭൂമികളിൽനിന്ന് ഈട്ടി മുറിച്ച റോജി അഗസ്‌റ്റ്യൻ ഉൾപ്പെടെയുള്ള പ്രതികളിൽനിന്ന് പിഴ ഈടാക്കണമെന്ന് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. കർഷകർക്കുനേരെ ഒരുനിയമനടപടിയും അനുവദിക്കില്ല. നോട്ടീസുകൾ പിവലിക്കണം. ആദിവാസികളുൾപ്പെടെയുള്ളവരെ വഞ്ചിച്ചാണ് മരം മുറിച്ചത്. മരത്തടികൾ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ കസ്‌റ്റഡിയിലുണ്ട്. വ്യാജരേഖ ചമച്ചതിനും കർഷകരെ വഞ്ചിച്ചതിനും പ്രതികൾക്കെതിരെ പ്രത്യേക അന്വേഷക സംഘം കേസ് എടുത്തിട്ടുമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് നോട്ടീസ് അയക്കുന്നത്.
കർഷകർ നിരപരാധികളാണെന്ന് അറഞ്ഞിട്ടും നിയമനടപടികളിലേക്ക് വലിച്ചിഴയ്‌ക്കുന്നത് അംഗീകരിക്കില്ല. നോട്ടീസിൻമേലുള്ള തുടർ നടപടികൾ നിർത്തിവച്ചില്ലെങ്കിൽ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസ് അനിശ്ചിയമായി ഉപരോധിക്കുമെന്നും ഏരിയാ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. നോട്ടീസ് ലഭിച്ച കർഷകരുടെ വീടുകൾ നേതാക്കൾ സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..