സ്വന്തം ലേഖകൻ
കൽപ്പറ്റ
സ്‌ത്രീകളെ അപമാനിച്ചുള്ള കോൺഗ്രസ് പോരിൽ ഡിസിസി, കെപിസിസി നേതൃത്വം മൗനത്തിൽ. സ്‌ത്രീവിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല.
തവിഞ്ഞാൽ പഞ്ചായത്തിലെ അധികാര തർക്കത്തിന്റെ ഭാഗമായുള്ള പോരിലാണ് സ്‌ത്രീകളെ അപകീർത്തിപ്പെടുത്തിയത്. പഞ്ചായത്തിലെ മൂന്ന് കോൺഗ്രസ് അംഗങ്ങളേയും 12 സ്ത്രീകളേയും ഉൾപ്പെടുത്തി ഊമക്കത്ത് പ്രചരിപ്പിക്കുകയാണ്. രണ്ട് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പെടെ നാല് പഞ്ചായത്ത് അംഗങ്ങളാണ് കത്തിന് പിന്നിലെന്ന് ആരോപണ വിധേയനായ കോൺഗ്രസ് നേതാവും പഞ്ചായത്ത് അംഗവുമായ ജോസ് പാറക്കൽ പറഞ്ഞു.
കോൺഗ്രസ് നേതാക്കളും പഞ്ചായത്ത് അംഗങ്ങളുമായ ജോസ് കൈനിക്കുന്നേൽ, ജോസഫ് മറ്റത്തിലാനി, ലൈജി തോമസ്, ടി കെ ഗോപി എന്നിവരാണ് കത്തിന് പിന്നിലെന്നും ഇവരുടെ പേര് ഉൾപ്പെടെ ഡിസിസി, കെപിസിസി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും ജോസ് പാറക്കൽ പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവത്തകർ, ആദിവാസി പ്രമോട്ടർമാർ, പൊതുപ്രവർത്തകരായ മറ്റു സ്ത്രീകൾ എന്നിവരുടെയെല്ലാം പേരും സ്ഥലവും ഉൾപ്പെടുത്തിയാണ് സ്‌ത്രീവിരുദ്ധമായ കത്ത് പ്രചരിപ്പിച്ചത്. കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളാണുള്ളത്. ഗ്രൂപ്പ് പോര് എല്ലാ അതിരുകളും ലംഘിച്ചിട്ടും നേതൃത്വം അനങ്ങിയിട്ടില്ല. പഞ്ചായത്തിലെ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് ഊമകത്തിന് പിന്നിൽ. ഐ ഗ്രൂപ്പ് നേതാക്കളായ എം ജി ബിജു, ജോസ് പാറക്കൽ, പി എസ് മുരുകേശൻ എന്നിവർക്കെതിരെയാണ് കത്തുകൾ. വിവിധ രാഷ്‌ട്രീയ പാർടികളുടെ ഓഫീസുകൾ, എംഎൽഎ ഓഫീസ്, വീടുകൾ എന്നിവിടങ്ങളില്ലെല്ലാം കത്തുകൾ തപാലിൽ ലഭിച്ചു. സമൂഹമാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്നുണ്ട്. കത്ത് പൊതുസമൂഹത്തിനാകെ നാണക്കേടാണ്. ഊമക്കത്ത് അയച്ച് സിപിഐ എമ്മിനുമേൽ കെട്ടിവയ്‌ക്കാനായിരുന്നു നീക്കം. എന്നാൽ തുടക്കത്തിലെ ഈ നീക്കം പാളി. സിപിഐ എം പൊലീസിൽ പരാതിയും നൽകി. സ്‌ത്രീകളെ അപമാനിച്ച പഞ്ചായത്ത് അംഗങ്ങൾ രാജിവയ്‌ക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..