18 December Thursday
തവിഞ്ഞാലിൽ ഭരണസ്‌തംഭനം

സ്‌ത്രീകളെ അപമാനിച്ചവർ രാജിവയ്‌ക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
മാനന്തവാടി
യുഡിഎഫ് അധികാരതർക്കത്തിൽ തവിഞ്ഞാൽ പഞ്ചായത്തിൽ ഭരണം സ്തംഭിച്ചെന്ന്‌ സിപിഐ എം തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. യുഡിഎഫ്‌ ഭരണസമിതി അധികാരത്തിൽ വന്നതുമുതൽ അധികാരത്തിനായുള്ള തർക്കവും അഴിമതിയുമാണ്‌. 
ഇപ്പോൾ കോൺഗ്രസ്‌ അംഗങ്ങൾ തമ്മിൽ തെരുവുയുദ്ധമാണ്‌. ഭരണം നിശ്ചലമായി. അഴിമതി ചോദ്യംചെയ്തതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് തുടക്കം. ടാറിങ് പ്രവൃത്തികൾക്കുമാത്രം 10 ശതമാനം അധികതുക കൊടുക്കാനാണ്‌ തീരുമാനമുള്ളത്. എന്നാൽ 7,10, 12 വാർഡുകളിൽ കോൺക്രീറ്റ് പ്രവൃത്തികൾക്കും അധിക തുക അനുവദിച്ചു. രണ്ടുമാസംമുമ്പ് നടന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ ഇത്‌ ചോദ്യംചെയ്യപ്പെട്ടു. ഇതോടെ സംഘർഷമായി. ഇതിന്റെ തുടർച്ചയായാണ്‌ സ്ത്രീകളെയടക്കം അപമാനിക്കുന്ന ഊമക്കത്തുകൾ പുറത്തുവന്നത്. പഞ്ചായത്ത്‌ അംഗം ജോസ് പാറക്കൽ പൊലീസിന്‌ നൽകിയ പരാതിയിലും മാധ്യമങ്ങൾക്ക്‌ നൽകിയ അഭിമുഖത്തിലും പറഞ്ഞത് കോൺഗ്രസ് അംഗങ്ങളാണ്‌  ഊമക്കത്തിന് പിന്നിലെന്നാണ്. 
രാഷ്ട്രീയ ശത്രുതയുടെ പേരിൽ നടത്തുന്ന ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ  പൊതുസമൂഹത്തിനാകെ കളങ്കമാണ്‌. പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആദിവാസി പ്രൊമോട്ടർമാർ എന്നിവരെല്ലാം അവഹേളിക്കപ്പെട്ടു. നീചമായ നിലയിൽ സ്‌ത്രീകളെ അപമാനിച്ചവർക്ക്‌ ജനപ്രതിനിധികളായിരിക്കാൻ അർഹതയില്ല. ഇത്തരക്കാരെ സാമൂഹ്യവിരുദ്ധരായി കണക്കാക്കണം. ഇവർ പഞ്ചായത്ത്‌ മെമ്പർ സ്ഥാനം രാജിവയ്‌ക്കണം.  ബന്ധപ്പെട്ടവർ മാതൃകാപരമായ നടപടികൾ സ്വീകരിക്കണം. ശക്തമായ സമരവുമായി സിപിഐ എം മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ പറഞ്ഞു. ബാബു ഷജിൽകുമാർ, ടി കെ പുഷ്പൻ, എൻ എം ആന്റണി, എൻ ജെ ഷജിത്ത്, അനീഷ സുരേന്ദ്രൻ, വി ആർ വിനോദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top