20 April Saturday
4 വടിവാളുകൾ പിടിച്ചെടുത്തു

പോപ്പുലർ ഫ്രണ്ട്‌ ജില്ലാ 
ഓഫീസിൽ പൊലീസ്‌ റെയ്‌ഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

പോപ്പുലർഫ്രണ്ട്‌ പ്രാദേശിക നേതാവിന്റെ കടയിൽനിന്ന്‌ പിടിച്ചെടുത്ത വാളുകൾ

മാനന്തവാടി
വയനാട്ടിൽ പോപ്പുലർ ഫ്രണ്ട്‌ കേന്ദ്രത്തിൽ പൊലീസ്‌ നടത്തിയ റെയ്‌ഡിൽ വടിവാളുകൾ പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ടിന്റെ മാനന്തവാടി എരുമത്തെരുവിലെ  ജില്ലാ കമ്മിറ്റി ഓഫീസിലും പ്രാദേശിക നേതാവ്‌ കല്ലുമൊട്ടംകുന്ന്‌ മിയ മൻസിൽ സലീമിന്റെ  എസ് ആൻഡ് എസ് ടയർ കടയിലുമായിരുന്നു റെയ്‌ഡ്‌. കടയിൽനിന്നാണ്‌ വടിവാളുകൾ കണ്ടെടുത്തത്‌. ഷട്ടിൽ ബാറ്റ് കവറിലും ചാക്കിനുള്ളിലും പൊതിഞ്ഞ്‌ ടയറുകൾക്കിടയിൽ സൂക്ഷിച്ചനിലയിൽ നാല്‌ വടിവാളുകളാണ്‌ കണ്ടെടുത്തത്‌. കടയിലെ ജീവനക്കാരനും പോപ്പുലർഫ്രണ്ട്‌ പ്രവർത്തകനുമായ പിലാക്കാവ്‌ പഞ്ചാരക്കൊല്ലി വാരിക്കോടൻ മുഹമ്മദ്‌ ഷാഹുലിനെ(19) പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സലീമിനായി പൊലീസ്‌ തെരച്ചിൽ ആരംഭിച്ചു. കടയിൽനിന്ന്‌ പോപ്പുലർ ഫ്രണ്ടിന്റെ കൊടികളും കണ്ടെടുത്തു. 
മാനന്തവാടി ഡിവൈഎസ്‌പി എ പി ചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസിന്റെ നാൽപ്പതംഗം സംഘമാണ്‌ പരിശോധന നടത്തിയത്‌. ചൊവ്വ വൈകിട്ട്‌ 4.15 ഓടെ ആരംഭിച്ച റെയ്‌ഡ്‌ രാത്രി ഒമ്പതോടെയാണ്‌ അവസാനിച്ചത്‌. 
കഴിഞ്ഞ 22ന്‌ എൻഐഎ–-ഇഡി സംഘം പോപ്പുലർ ഫ്രണ്ടിന്റെ മാനന്തവാടിയിലെ മറ്റൊരുകേന്ദ്രത്തിലും റെയ്‌ഡ്‌ നടത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചുള്ള ഹർത്താലിൽ  ജില്ലയിൽ വ്യാപക അക്രമണമായിരുന്നു. കെഎസ്‌ആർടിസി ബസ്‌ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ചില്ലുകൾ എറിഞ്ഞുതകർത്തു.  പൊലീസിനെ കൈയേറ്റം ചെയ്തു. അക്രമണത്തിന്‌ ആഹ്വാനംചെയ്‌തതിന്‌ പോപ്പുലർ ഫ്രണ്ട്‌ ജില്ലാ പ്രസിഡന്റ്‌  എസ് മുനീറിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചു. ഇതിൽ പ്രതിഷേധിച്ച്‌ പോപ്പുലർ ഫ്രണ്ട്‌ നടത്തിയ ഡിവൈഎസ്‌പി ഓഫീസ്‌ മാർച്ചിൽ  അക്രമം നടത്തിയ 86 പേരെ അറസ്‌റ്റുചെയ്‌ത്‌ ജയിലിലടച്ചു. ഇവർ കണ്ണൂർ സെൻട്രൽ ജയിലിലാണ്‌.
ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ജില്ലാ കമ്മിറ്റി ഓഫീസിലെ റെയ്‌ഡ്‌. നിരവധി രേഖകൾ കണ്ടെടുത്തു. ഇവ പരിശോധിക്കുകയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഓഫീസ്‌ പരിശോധനക്ക്‌ ശേഷമാണ്‌  നേതാവിന്റെ കടയിൽ പരിശോധന നടത്തിയതും ആയുധങ്ങൾ കണ്ടെത്തിയതും. പോപ്പുലർ ഫ്രണ്ടിന്റെ ജില്ലയിലെ ശക്തികേന്ദ്രങ്ങളിലൊന്നാണ്‌ മാനന്തവാടി. തലപ്പുഴ, വെള്ളമുണ്ട പീച്ചങ്കോട്, പനമരം അഞ്ചുകുന്ന് എന്നിവിടങ്ങളിലും പോപ്പുലർ ഫ്രണ്ട്‌ കേന്ദ്രങ്ങളിൽ പൊലീസ്‌  പരിശോധന നടത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top