27 April Saturday

ഹർത്താൽ പൂർണം, നിശ്‌ചലം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

വൈത്തിരിയിൽ ഹർത്താലിന്റെ ഭാഗമായി കൽപ്പറ്റയിൽ നടത്തിയ പ്രകടനം

 കൽപ്പറ്റ

അന്നം തരുന്ന കർഷകരെയടക്കം കോർപറേറ്റ്‌ അടിമത്വത്തിലേക്ക്‌ തള്ളിവിടുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ നടന്ന ഭാരത്‌ ബന്ദിന്‌ പിന്തുണയുമായി നടന്ന ഹർത്താൽ ജില്ലയിൽ പൂർണം. കോർപറേറ്റ്‌ അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ഒരുവർഷത്തിലധികമായി കർഷകർ നടത്തുന്ന അതിജീവന പോരാട്ടം  ലക്ഷ്യം കാണുമെന്ന്‌ പ്രഖ്യാപിച്ച്‌ കർഷകനാടായ വയനാടൻ ജനത ഒറ്റക്കെട്ടായാണ്‌ പ്രതിഷേധത്തിൽ അണിനിരന്നത്‌.
  എൽഡിഎഫും ട്രേഡ്‌ യൂണിയൻ സംഘടനകളും അധ്യാപകരും ജീവനക്കാരും വ്യാപാരികളുമെല്ലാം പിന്തുണ നൽകിയ ഹർത്താലിൽ ജില്ല പൂർണമായും നിശ്‌ചലമായി. നഗരഗ്രാമ വ്യത്യസമില്ലാതെ ജില്ലയിലെങ്ങും പെട്ടിക്കടകൾ ഉൾപ്പടെയുള്ള കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. തൊഴിൽ മേഖല പൂർണമായും സ്‌തംഭിച്ചു.
 തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ്‌ തൊഴിലാളികൾ, നിർമാണ തൊഴിലാളികൾ, മോട്ടോർ തൊഴിലാളികൾ, വിനോദസഞ്ചാര മേഖലയിലുള്ളവർ  എന്നിവരെല്ലാം ഹർത്താലിന്റെ ഭാഗമായി. ചെറുകിട, വൻകിട വ്യവസായ സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചില്ല. അധ്യാപകരും ജീവനക്കാരും ഐക്യദാർഢ്യവുമായി തൊഴിലിടങ്ങളിൽനിന്ന്‌ വിട്ടുനിന്നു. 
കോവിഡ്‌ പ്രതിരോധപ്രവർത്തനത്തിൽ ഉൾപ്പെട്ട ആരോഗ്യമേഖലയിലെ അവശ്യ ജീവനക്കാർ മാത്രമാണ്‌ സർക്കാർ ഓഫീസുകളിലെത്തിയത്‌. ബാങ്ക്‌, പോസ്റ്റാേഫീസ്‌, എൽഐസി എന്നിവിടങ്ങളിലെ ജീവനക്കാരും ഹർത്താലിന്‌ ഐക്യദാർഢ്യവുമായി തൊഴിലിൽനിന്ന്‌ വിട്ടുനിന്നു. 
സ്വകാര്യസ്ഥാപനങ്ങളും അടഞ്ഞുകിടന്നു.  കെഎസ്‌ആർടിസി, സ്വകാര്യബസ്‌, ഓട്ടോ–-ടാക്‌സി വാഹനങ്ങൾ നിരത്തിലിറങ്ങാതിരുന്നതോടെ ‌പൊതുഗതാഗത സംവിധാനവും നിലച്ചു. 
ടൗണുകൾക്കുപുറമെ ഗ്രാമീണ പ്രദേശങ്ങളിലും ഹർത്താലിന്‌ വൻ പ്രതികരണമാണുണ്ടായത്‌. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top