02 May Thursday
കാസർകോട്-–- വയനാട് ഹരിത പവർഹൈവേ

സബ്‌ സ്‌റ്റേഷന്‌ സ്ഥലമെടുപ്പ്‌ അതിവേഗം

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
 
കൽപ്പറ്റ
വടക്കൻ ജില്ലകളിലെ വൈദ്യുതിക്ഷാമത്തിന്‌ 
പരിഹാരമാകുന്ന ‌‌കാസർകോട്-–-വയനാട് ഹരിത പവർഹൈവേയുടെ 400 കെവി സബ്‌സ്‌റ്റേഷന്‌ ജില്ലയിൽ സ്ഥലമെടുക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. മാനന്തവാടി നഗരസഭാ പരിധിയിലെ പയ്യമ്പള്ളിയിലാണ്‌ സബ്‌സ്‌റ്റേഷൻ നിർമിക്കുന്നത്‌. 15 ഏക്കറാണ്‌ ഇതിനായി കണ്ടെത്തിയത്‌. 13 വ്യക്തികളിൽനിന്നാണ്‌ സ്ഥലം ഏറ്റെടുക്കുന്നത്‌‌. ഇവരുടെ സമ്മതം ലഭിച്ചു. ‌അന്തിമ തീരുമാനം ഉടൻ ഉണ്ടാകും. 
ഭൂമി ഏറ്റെടുക്കുന്നതിന്‌ റവന്യൂ വകുപ്പിലുണ്ടാകാറുള്ള കാലതാമസം ഒഴിവാക്കാൻ കെഎസ്‌ഇബിക്ക്‌ നേരിട്ട്‌ ഭൂമി എടുക്കാൻ കഴിയുമോയെന്ന നിയമവശം പരിശോധിക്കുകയാണെന്ന്‌ കെഎസ്ഇബി ട്രാൻസ്‌ഗ്രിഡ് എക്‌സിക്യൂട്ടീവ്‌ എൻജിനിയൻ സലീം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വയനാട് പാക്കേജിൽ ഉൾപ്പെടുത്തിയാണ്‌ പയ്യമ്പള്ളിയിൽ ‌ സബ്‌സ്‌റ്റേഷൻ നിർമിക്കുന്നത്‌. മലബാറിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനും  വർധിക്കുന്ന ഊർജാവശ്യങ്ങൾ നിറവേറ്റുന്നതിനും അന്തർസംസ്ഥാന വൈദ്യുത പ്രസരണ ശൃംഖലയുമായി ബന്ധിപ്പിച്ചുള്ളതാണ്‌  കാസർകോട്-–- വയനാട് ഹരിത പവർഹൈവേ.   
കാസർകോട്‌  കരിന്തളം 400 കെവി സബ്സ്റ്റേഷനിൽനിന്നാണ് പയ്യമ്പള്ളിയിലേക്ക് 125 കിലോമീറ്റർ ലൈൻ വലിക്കുന്നത്. 400 കെവി പ്രസരണശേഷിയുള്ള 380 ടവറുകൾ ഇതിനായി സ്ഥാപിക്കും. പയ്യമ്പള്ളിയിൽ 200 എംവിഎ ശേഷിയുള്ള ട്രാൻസ്‌ഫോമറാണ് സ്ഥാപിക്കുക. 180 മെഗാവാട്ട് പവർ ഇവിടെ ഉപയോഗിക്കാൻ കഴിയും. ആലക്കോട്-, ശ്രീകണ്ഠാപുരം-, ഇരിട്ടി,- നിടുംപൊയിൽ വഴിയാണ്  ലൈൻ വരുന്നത്‌. 436 കോടി രൂപയാണ് പദ്ധതിച്ചെലവ്. കെഎസ്ഇബിയുടെ തനതു ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. 
പവർഹൈവേയുടെ നിർമാണം കഴിഞ്ഞദിവസം  കരിന്തളം തോളേനിയിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. 36 മാസത്തിനകം നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. എൽ ആൻഡ് ടി കൺസ്ട്രക്‌ഷൻ ലിമിറ്റഡിനാണ് നിർമാണച്ചുമതല..

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top