25 April Thursday

കോവിഡ്‌ ഷെൽട്ടറിൽ സുരക്ഷിതനാണ്‌ ഈ ആനപ്പാപ്പാൻ

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020
കൽപ്പറ്റ
ആന വേണോ പെണ്ണ്‌ വേണോ എന്ന ചോദ്യത്തിന്‌ കൃഷ്‌ണൻനായർക്ക്‌   ഒരുത്തരമേയുള്ളു. ആന മതി. എല്ലാം  മറന്ന ഈ ആനക്കമ്പത്തിന്റെ ബാക്കി പത്രം തെരുവ്‌ ജീവിതമാണെങ്കിലും അതിൽ അശേഷം സങ്കടമില്ല നവതിയും പിന്നിട്ട ഈ ആനപാപ്പാന്‌. കാരണം  എല്ലാം ആനക്ക്‌ വേണ്ടിയാണല്ലോ. പതിനെട്ടാം വയസിൽ തുടങ്ങിയ  ആനക്കമ്പം 90 കഴിഞ്ഞിട്ടും കൃഷ്‌ണൻനായർ  ഹൃദയത്തോട്‌ ചേർക്കുന്നു. കൽപ്പറ്റ നീലിക്കണ്ടി കുഞ്ഞഹമ്മദ്‌ ഹാജിയുടെ  ആനപ്പന്തിയിലായിരുന്നു തുടക്കം.  ഒടുവിൽ   കേണിച്ചിറ മാന്തടത്തിൽ ജോണിയുടെ ആനകൾക്കൊപ്പം. നാല്‌ വർഷം മുമ്പ്‌  ഏറ്റവും പ്രീയപ്പെട്ട   റാണി എന്ന   ആന ചെരിഞ്ഞതോടെ പണി അവസാനിപ്പിച്ചു. ആനകളെ  നിയന്ത്രിച്ച  വടി കാട്ടിലേക്കെറിഞ്ഞ്‌ തെരുവിലിറങ്ങി. പിന്നീട്‌ അച്‌ഛനും  അമ്മയും പ്രണയിനിയും   എല്ലാം ഈ തെരുവാണ്‌. 
   കൽപ്പറ്റ നഗരത്തിലെ  പഴയ ബസ്‌സ്‌റ്റാന്റാണ്‌ അനാഥമായ ഈ വാർധക്യത്തിന്‌ അഭയം നൽകിയത്‌.     ഊണും ഉറക്കവും വിശ്രമവുമെല്ലാം ഇവിടം തന്നെ. സുമനസുകൾ നൽകുന്ന പണവും ഭക്ഷണവും  തന്നെ ആശ്രയം.  ഇപ്പോളിതാ കൊറോണക്കാലത്ത്‌  കൽപ്പറ്റ ജിഎൽപി സ്‌കൂളിൽ നഗരസഭ ഒരുക്കിയ ഷെൽട്ടറിലാണ്‌  കൃഷ്‌ണൻ നായർ ഉൾപ്പെടെയുള്ള അഗതികൾ അന്തിയുറങ്ങുന്നത്‌. യുവജനക്ഷേമ ബോർഡ്‌ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന്‌ ദിവസമായി ഇവർക്ക്‌ ഭക്ഷണവും  നൽകുന്നുണ്ട്‌. ചോറ്‌, സാമ്പാർ, ഉപ്പേരി എന്നിവയടങ്ങിയ ഭക്ഷണപ്പൊതിയാണ്‌ യുവജനക്ഷേമബോർഡും ‘ലൈറ്റ്‌ ഫോർ ടുമാറോ’ എന്ന സംഘടനയും ചേർന്ന്‌ നൽകിയത്‌. വെള്ളിയാഴ്‌ച മുതൽ കമ്യൂണിറ്റി കിച്ചൻ വഴി നഗരസഭയും കുടുംബശ്രീയും ചേർന്ന്‌ ഭക്ഷണം നൽകും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top