19 April Friday

ഇവർ നന്മമരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

 കൽപ്പറ്റ

ഏത്‌ ദുരന്തങ്ങളിലും നന്മയുടെ കൈയൊപ്പുമായി കുറച്ച്‌ പേരുണ്ടാകും. സാമൂഹിക അകലം നിർബന്ധമായ  ഈ കോവിഡ്‌ കാലത്തുമുണ്ട്‌  ദുരിതംപേറുന്നവർക്ക്‌ ആശ്വാസമായി ചില നന്മ മരങ്ങൾ. ചുട്ടുപൊളളുന്ന വേനൽ ചൂടിലും  മഹാമാരിയിലും  കുളിര്‌ പകരുകയാണ്‌ ഈ തണൽ മരങ്ങൾ.   സമ്പർക്കമില്ലാതെ സ്വയം സുരക്ഷയും സമൂഹത്തിന്റെ  സുരക്ഷയും ഉറപ്പാക്കിയ ശ്രമകരമായ സേവനങ്ങൾ ദുഷ്‌കരമാണ്‌. എങ്കിലും ഇവർ ഒപ്പമുണ്ട്‌. മുന്നിൽ നയിക്കുന്ന സർക്കാരിന്റെ കരങ്ങൾക്ക്‌ ശക്തിപകർന്ന്‌.  
യുവതയുടെ കരുതൽ  
കൽപ്പറ്റ
കോവിഡ്‌ പ്രതിരോധത്തിൽ രാപ്പകലില്ലാതെയുള്ള പ്രവർത്തനത്തിലാണ്‌ ജില്ലയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ. അതിർത്തിയിൽ കുടുങ്ങിയവരെ വീടുകളിലും നിരീക്ഷണ കേന്ദ്രത്തിലും എത്തിക്കാൻ മുന്നിലായിരുന്നു  പ്രവർത്തകർ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ചും സ്വന്തം നിലയിലും സജീവമാണ്‌. തെരുവുകളിൽ കഴിയുന്നവർക്ക്‌ ഭക്ഷണം എത്തിച്ചുനൽകാനും മാസ്‌ക്‌, സാനിറ്റൈസർ നിർമാണത്തിലും  എന്നിവയിലും മുന്നിട്ടിറങ്ങി. എല്ലാ മേഖലാ കമ്മികളുടെയും നേതൃത്വത്തിൽ കരുതലിന്റെ കരങ്ങൾ നീട്ടുകയാണ്‌ ഈ പ്രതിസന്ധിക്കാലത്ത്‌.  
 
ഇവിടം സ്വസ്ഥം, സുരക്ഷിതം
വിശക്കുന്ന വയറുകൾക്ക്‌  അഭയവുംഭക്ഷണവും  നൽകിയാണ്‌ കൽ്പ്പറ്റ നഗരസഭയും യുവജനക്ഷേമബോർഡും കൊറോണ കാലത്ത്‌ പ്രതിരോധം തീർക്കുന്നത്‌. ചെരുപ്പുകുത്തികൾ,  നഗരത്തിൽ അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്നവർ തുടങ്ങി പത്തോളം അഗതികൾക്ക്‌ നഗരസഭ മുൻകൈയെടുത്ത്‌ കൽപ്പറ്റ ജിഎൽപി സ്‌കൂളിൽ താൽക്കാലിക ഷെൽട്ടർ ഒരുക്കിയിട്ടുണ്ട്‌.  കഴിഞ്ഞ മൂന്ന്‌ നാളുകളിലായി ഇവർക്ക്‌ ഭക്ഷണം നൽകിയത്‌ യുവജനക്ഷേമബോർഡാണ്‌.  ചോറും സാമ്പാറും ഉപ്പേരിയും അടങ്ങിയ ഭക്ഷണം രണ്ട്‌ നേരമായിട്ടാണ്‌ വിതരണം ചെയ്‌തത്‌. കൂടാതെ നഗരത്തിലെത്തുന്നവർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം ഇവർ  ഭക്ഷണപ്പൊതികൾ വിതരണം  ചെയ്‌തു. 45 കിലോ അരിയുടെ ഭക്ഷണമാണ്‌ ലൈറ്റ്‌ ഫോർ ടുമാറോ എന്ന ട്രസ്‌റ്റിന്റെ സഹായത്തോടെ വിതരണം ചെയ്‌തത്‌.   വി നൗഷാദ്‌, ഷിബിൻ റോയി, നിഥിൻ ജോൺ എന്നിവർ നേതൃത്വം നൽകി.  സംസ്ഥാന സർകാർ കമ്യൂണിറ്റി കിച്ചൻ  പ്രഖ്യാപിച്ചതോടെ ഇനി  മുതൽ കുടുംബശ്രീ നേതൃത്വത്തിലാണ്‌ ഭക്ഷണം വിതരണം ചെയ്യുക.
 
ബത്തേരി ഒരുക്കി  അന്നവും കൂടും
വിശപ്പ്‌ മാറാതെ  നഗരത്തിലെത്തുന്നവരാരും മടങ്ങില്ലെന്നാണ്‌ ബത്തേരി  നഗരസഭ സ്‌റ്റാന്റിങ് കമ്മിറ്റി  ചെയർമാൻ സി കെ സഹദേവൻ പറയുന്നത്‌.  ജനതാ കർഫ്യൂ പ്രഖ്യാപിച്ച നാൾ തൊട്ട്‌ നഗരസഭ പൊതുപ്രവർത്തകരുടേയും യുവജനസംഘടനകളുടേയും സഹായത്തോടെ രംഗത്തുണ്ട്‌. കർണാടകയിൽനിന്നും എത്തി അതിർത്തിയിൽ കുടുങ്ങിയ 200 ഓളം പേരെ പാർപ്പിച്ചത്‌ ബത്തേരിയിലെ റിസോർട്ടുകളിലാണ്‌. ചൊവ്വാഴ്‌ച വൈകീട്ട്‌ അഞ്ചരയോടെയാണ്‌ ഇവരെ പൊലീസ്‌, റവന്യൂ, ആരോഗ്യ വകുപ്പ്‌  അധികൃതർ ചേർന്ന്‌ നഗരത്തിലെത്തിച്ചത്‌. ലോക്കൗട്ടിൽ  എല്ലാ കടകളും അടച്ചതിനാൽ  ഇവർക്ക്‌  ഭക്ഷണവും വെള്ളവും   നൽകിയത്‌ ഏറെ ശ്രമകരമായിട്ടാണെന്ന്‌ സി കെ സഹദേവൻ പറഞ്ഞു. വ്യാഴാഴ്‌ച രാത്രിയോടെ സ്വന്തം വാഹനങ്ങളിൽ ചിലരെ വീടുകളിലേക്ക്‌ പറഞ്ഞയച്ചു. ബാക്കിയുള്ളവർ ഇപ്പോഴും കെയർ സെന്ററുകളിലാണ്‌. ഇവർക്ക്‌   ഭക്ഷണം നൽകുന്നുണ്ട്‌. കൂടാതെ കുപ്പാടി സ്‌കൂളിൽ നഗരത്തിൽ അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്ന 50ഓളം പേരെ പാർപ്പിക്കാൻ ഷെൽട്ടറും തുറന്നു.   ഡിവൈഎഫ്‌ഐ സഹായത്തോടെ നഗരത്തിലെത്തുന്ന അഗതികൾക്ക്‌ ഭക്ഷണം നൽകുന്നുണ്ട്‌. നൂൽപ്പുഴയിലെ കുടുംബശ്രീ കാറ്ററിംഗ്‌ യൂനിറ്റിന്റെ സഹായത്തോടെയാണ്‌ ഭക്ഷണ വിതരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top