29 March Friday

ബഹുസ്വരത സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാതെ പോരാടണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

റിപ്പബ്ലിക്‌ ദിനത്തിൽ കൽപ്പറ്റ എസ്‌കെഎംജെ എച്ച്‌എസ്‌എസിൽ മന്ത്രി ആർ ബിന്ദുമന്ത്രി ആർ ബിന്ദു പരേഡ് പരിശോധിക്കുന്നു

കൽപ്പറ്റ 
രാജ്യത്തിന്റെ ഏറ്റവുംവലിയ സമ്പത്ത് ബഹുസ്വരതയും അനന്തമായ വൈവിധ്യങ്ങളുമാണെന്നും അത്‌ സംരക്ഷിക്കുന്നതിന്‌ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 74-ാമത് ജില്ലാതല റിപ്പബ്ലിക്ദിന പരേഡിന് കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  വ്യക്തിപരമായ സ്വാതന്ത്ര്യവും പൗരാവകാശവും ഭരണഘടനയിൽ നിർവചിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്ത് പ്രകടമായ വിവേചനവും ചൂഷണവും അസമത്വവും അസ്വാതന്ത്ര്യവും എന്നെന്നേക്കുമായി അവസാനിപ്പിക്കുമ്പോഴാണ് മൂല്യവത്തായ ഭരണഘടന നമ്മെ പ്രചോദിപ്പിക്കുന്നത്. 
ഭരണഘടനക്ക് അംഗീകാരമായശേഷം ഡോ.ബി ആർ അംബേദ്കർ പറഞ്ഞത് ഭരണഘടന അംഗീകരിക്കുന്നതോടെ രാജ്യം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യം നേടാൻ നാം ഒരുപാട് യാത്രചെയ്യേണ്ടതുണ്ട്‌ എന്നാണ്‌. 
അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും കൈപിടിച്ചുകൊണ്ടുവരണം. സ്ത്രീകൾ, ട്രാൻസ്‌ജെൻഡറുകൾ, പട്ടികജാതി- പട്ടികവർഗക്കാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങി അധികാരത്തിന്റെ രാജപാതകളിൽനിന്ന് നീതിരഹിതമായി മാറ്റിനിർത്തപ്പെട്ടവരെ സാമൂഹിക ശാക്തീകരണത്തിലൂടെ മുന്നോട്ടു കൊണ്ടുവരണം. അപ്പോഴാണ് ഭരണഘടന മുന്നോട്ടുവയ്‌ക്കുന്ന മാനവികത യാഥാർഥ്യമാകുന്നത്. സ്ത്രീശക്തി എന്നതാണ് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ കേന്ദ്രവിഷയം. ജില്ലയിൽ പിന്നാക്ക ജനവിഭാഗമായ ആദിവാസികളുടെ ഉന്നമനവും ശാക്തീകരണവും നമ്മുടെ പ്രാഥമികമായ ഉത്തരവാദിത്വമാണെന്നും മന്ത്രി ഓർമിപ്പിച്ചു.
കലക്ടർ എ ഗീത, ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മന്ത്രി ദേശീയ പതാക ഉയർത്തി.  32 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. കമ്പളക്കാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ എം എ സന്തോഷ് പരേഡ് കമാൻഡറായിരുന്നു.  
പത്മശ്രീ നേടിയ ചെറുവയൽ രാമനെ ചടങ്ങിൽ മന്ത്രി ആദരിച്ചു.  വിദ്യാർഥികളുടെ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. എംഎൽഎമാരായ ഒ ആർ കേളു, ടി സിദ്ദിഖ്,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എഡിഎം എൻ ഐ ഷാജു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top