25 April Thursday

ഹർത്താലിന്‌ ജില്ലയും ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ബത്തേരിയിൽ സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ നടന്ന പ്രകടനം

കൽപ്പറ്റ
കർഷകരുടെയും  -തൊഴിലാളികളുടെയും അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിരോധക്കോട്ട തീർക്കാൻ  ജില്ലയും സജ്ജം. കോർപറേറ്റ്‌ അനുകൂല കാർഷിക നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി തിങ്കളാഴ്‌ച  നടക്കുന്ന ഭാരത്‌ ബന്ദിന്‌ പിന്തുണയുമായി സംസ്ഥാനത്ത്‌ നടക്കുന്ന ഹർത്താൽ വിജയിപ്പിക്കാൻ  കർഷകനാടായ വയനാടും ഒരുങ്ങി. കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ, അധ്യാപകർ, കേന്ദ്ര–-സംസ്ഥാന ജീവനക്കാർ, പൊതുമേഖലാ ജീവനക്കാർ എന്നിവരെല്ലാം ഹർത്താൽ വിജയിപ്പിക്കാൻ സമരരംഗത്തുണ്ട്‌.  ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും  ജീവിതവൃത്തിയായി കൊണ്ടുപോവുന്ന   കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് അടിയറവയ്‌ക്കുന്നതിനെതിരെയും  ഇന്ധന വിലവര്‍ധനക്കെതിരെയും  വൻ ജനരോഷമാണ്‌ ജില്ലയിലുള്ളത്‌. ഇത്‌ ഹർത്താലിൽ പ്രകടമാവും. ഹർത്താലിന്‌ മുന്നോടിയായി സംയുക്ത കർഷകസമിതിയും സംയക്ത ട്രേഡ്‌ യൂണിയനും നടത്തിയ പ്രചാരണപ്രവർത്തനങ്ങളിൽ നൂറുകണക്കിനുപേർ പങ്കാളികളായി.    
   സമരപ്രചാരണാർഥം എല്ലാ വില്ലേജ്‌ കേന്ദ്രങ്ങളിലും കർഷകരും തൊഴിലാളികളും  പ്രകടനം നടത്തി.  വില്ലേജ്‌ കേന്ദ്രങ്ങളിൽ സംയുക്ത കർഷകസമിതി നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ്സുകൾ നടത്തി. ഞായറാഴ്‌ച  ഗൃഹസന്ദർശനവും  ഗൃഹാങ്കണ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. ഹർത്താൽ ദിനത്തിൽ ജില്ലയിൽ ടൗണുകളിലും ഗ്രാമീണ പ്രദേശങ്ങളിലും  പ്രകടനം നടത്തും. രാവിലെ ആറ്‌ മുതൽ വൈകിട്ട്‌ ആറ്‌ വരെയാണ്‌ ഹർത്താൽ. ട്രെയ്‌ഡ്‌ യൂണിയൻ നേതൃത്വത്തിൽ  ബത്തേരിയിൽ പ്രകടനം നടത്തി. വി വി ബേബി, പി ആർ ജയപ്രകാശ്, പി കെ രാമചന്ദ്രൻ , എം എസ്.വിശ്വനാഥൻ, ഉമ്മർ കുണ്ടാട്ടിൽ, ഇബ്രാഹിം തൈത്തൊടി, ജിനീഷ് പൗലോസ് എന്നിവർ നേതൃത്വം നൽകി. വെള്ളമുണ്ട എട്ടേനാലിൽ  സിഐടിയു , കർഷകസംഘം,  ഡിവൈഎഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. എ ജോണി അധ്യക്ഷനായി. എം മുരളീധരൻ, കെ അഷ്റഫ്, പി സി ബെന്നി, എച്ച് അസീസ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top