26 November Wednesday

കുരുന്നു പഠനം കിളിക്കൂട്ടിൽ; 
കൂട്ടിന്‌ കടുവയും ആനയും

പി മോഹനൻUpdated: Saturday May 27, 2023

ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രീ–-പ്രൈമറി വിഭാഗത്തിനായി നിർമിച്ച കിളിക്കൂട് കാണാനെത്തിയ അമ്മയും മക്കളും

 
ബത്തേരി
ഗെയ്‌റ്റിൽ നിറയെ ചിത്രശലഭങ്ങൾ.  ഇരുവശത്തുമായി കടുവയും ആനയും.  ചാടിക്കളിച്ച്‌ കുരങ്ങച്ചാരുമുണ്ട്‌. നെന്മേനി ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കുരുന്നുകളെ വരവേൽക്കാനുള്ള തയ്യാറെടുപ്പാണ്‌.   ഉല്ലസിച്ച്‌ പഠിക്കാൻ സ്‌കൂൾ അധികൃതരൊരുക്കിയ  കിളിക്കൂടിലെ ദൃശ്യങ്ങളാണിവ. 
പാർക്കിലെ പുൽത്തകിടിയി 15 മീറ്റർ നീളത്തിൽ ഗുഹയും ആമ്പൽക്കുളവും ട്രെയിനും സ്‌ളൈഡറും ഊഞ്ഞാലുമുണ്ട്‌. എസ്‌എസ്‌കെ പദ്ധതിയിൽ ഉൾപ്പെടുത്തിയ വർണക്കൂടാരം പദ്ധതിയുടെ ഭാഗമായാണ്‌ കിളിക്കൂട്‌.  പ്രവേശന കവാടത്തോട്‌ ചേർന്നാണ്‌ നാല്‌ ക്ലാസ്‌ മുറികൾ അടങ്ങിയ ശിശുസൗഹൃദ പ്രീ–-പ്രൈമറി ബ്ലോക്ക്‌. ഇതിലുൾപ്പെടുന്ന എട്ട്‌ സെന്റിലാണ്‌  അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ്‌മയിൽ  കിളിക്കൂടൊരുക്കിയത്‌. 
വിദ്യാർഥികളിൽ മുപ്പത്‌ ശതമാനത്തോളം ഗോത്രമേഖലകളിൽ നിന്നുള്ളവരാണ്‌. കഴിഞ്ഞ വർഷം 120 കുട്ടികളാണ്‌ പ്രീ–-പ്രൈമറിയിൽ എത്തിയത്‌. ഇത്തവണ ഇതിൽ കൂടുതൽ  പ്രവേശനം നേടുമെന്നാണ്‌ പിടിഎ ഭാരവാഹികളുടെ പ്രതീക്ഷ. എസ്‌എസ്‌കെ 10 ലക്ഷം രൂപയാണ്‌ കിളിക്കൂടിന്‌  നൽകിയത്‌. നിർമാണം പൂർത്തിയായപ്പോൾ 15 ലക്ഷം ചെലവായി. രക്ഷിതാക്കളും നാട്ടുകാരും വ്യാപാരികളും ചേർന്നാണ്‌ ശേഷിച്ച അഞ്ച്‌ ലക്ഷം സമാഹരിച്ചത്‌. തദ്ദേശീയരായ ചിത്രകാരൻമാരാണ്‌ പെയിന്റിങും ശിൽപ്പനിർമാണവും നടത്തിയത്‌. നാല്‌ ക്ലാസ്‌ മുറികളുടെ ചുവരുകൾ നിറയെ പ്രകൃതി സൗഹൃദവും ശിശുസൗഹൃദവുമായ ചിത്രങ്ങളാൽ അലംകൃതമാണ്‌. നാല്‌ ടോയ്‌ലെറ്റും വാഷ്‌റൂം ക്ലാസ്‌ മുറികളോട്‌ ചേർന്ന്‌ സജ്ജമാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top