29 March Friday
കാട്ടുപന്നികളെ കൊല്ലാം

ആശ്വാസത്തിൽ കാർഷിക ജില്ല

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

 കൽപ്പറ്റ

കാർഷിക, ജനവാസ മേഖലകളിൽ നാശംവിതക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ അധികാരം നൽകിയ സർക്കാർ തീരുമാനത്തിന്റെ ആശ്വാസത്തിൽ കർഷകർ. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ വന്യമൃഗശല്യം നേരിടുന്ന ജില്ലയാണ്‌ വയനാട്‌. ഭൂരിഭാഗം പ്രദേശങ്ങളിലും കാട്ടുപന്നി ശല്യമുണ്ട്‌. കിഴങ്ങ്‌ വിളകളൊന്നും കൃഷിചെയ്യാൻ പറ്റാത്ത സാഹചര്യമാണ്‌. നെല്ല്‌, ഇഞ്ചി തുടങ്ങിയവയെല്ലാം കുത്തിമറിക്കുകയാണ്‌.
കൃഷിനാശത്തിന്‌ പുറമെ പന്നിയുടെ ആക്രമണത്തിൽ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും പരിക്കേൽക്കുകയാണ്‌. ജീവൻ നഷ്ടപ്പെട്ടവരും  ചികത്സയിലുള്ളവരുമുണ്ട്‌.  സന്ധ്യയായാൽ ജില്ലയിലെ പ്രധാന റോഡുകളിൽപ്പോലും പന്നികളെ കൂട്ടമായും ഒറ്റക്കും കാണാം. അതിവേഗം റോഡ്‌ മുറിച്ചുകടക്കുന്ന പന്നികൾ കാൽനടയാത്രക്കാരെ ആക്രമിക്കുകയാണ്‌.  ബൈക്ക്‌ യത്രക്കാർ അപകടത്തിൽ പെടുന്നതും പതിവാണ്‌. പന്നിശല്യത്തെ തുടർന്ന്‌  വർഷങ്ങളായി തരിശിട്ടിരിക്കുന്ന കൃഷിഭൂമികളും ഏറെയാണ്‌. ഒന്നും കൃഷിചെയ്യാൻ പറ്റാത്ത സാഹചര്യമാണ്‌.
പന്നികളെ കൊല്ലാൻ അനുമതിവേണമെന്ന്‌ കർഷകർ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്‌.  കഴിഞ്ഞ ജനുവരിയിലും കർഷകപ്രതിനിധികൾ  വനംമന്ത്രിയുമായി ചർച്ചനടത്തിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ്‌ മന്ത്രിസഭയുടെ തീരുമാനം. 
പന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക്‌ അധികാരം ലഭിക്കുമ്പോഴും നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകുമോയെന്ന ആശങ്കയും    കർഷകർ പങ്കുവയ്‌ക്കുന്നു. 
    കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന്‌ കർഷകസംഘം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കർഷകരുടെ താൽപ്പര്യം സംരക്ഷിക്കുന്ന നിലപാടാണ്‌ സർക്കാരിന്റേത്‌. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ട്‌. വിഷയം സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിന്‌ മുമ്പിൽ അവതരിപ്പിച്ചിട്ടും  നിർദേശം അവഗണിക്കുകയാണ്‌. കേന്ദ്രം നിലപാട്‌ തിരുത്തണമെന്നും  കർഷകസംഘം ആവശ്യപ്പെട്ടു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top