26 April Friday

പുലിപ്പേടിയിൽ അച്ചൂർ

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023
സ്വന്തം ലേഖകൻ
പൊഴുതന
അച്ചൂരിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും പുലിശല്യം. ദിവസങ്ങളായി അച്ചൂരിന്റെ പല ഭാഗങ്ങളിൽ പുലി ഇറങ്ങുന്നതായി നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച അച്ചൂർ നാലാം നമ്പറിൽ  പുലിയിറങ്ങി പശുവിനെ ആക്രമിച്ചു കൊന്നിരുന്നു. ഇല്ലത്ത് വളപ്പിൽ റസാക്കിന്റെ രണ്ടുവയസ്സ് പ്രായമുള്ള പശുവിനെയാണ് കൊന്ന് ഭക്ഷിച്ചത്. രാവിലെ വീടിന് സമീപത്തെ വയലിൽ മേയാൻ വിട്ട പശുവിനെ ഉച്ചയോടെയാണ്‌ സമീപത്തെ വാഴത്തോട്ടത്തിൽ  ചത്തനിലയിൽ കണ്ടത്. പ്രദേശത്ത് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. 
ഒരു മാസത്തിനിടെ റസാക്കിന്റെ രണ്ട് പശുക്കളെ പുലി കൊല്ലുകയും ഒന്നിനെ പരിക്കേൽപ്പിക്കുകയും ചെയ്തു. രണ്ടാഴ്ച മുമ്പാണ് രണ്ടുവയസ്സുള്ള പശുവിനെ  കൊന്നത്. മറ്റൊന്നിന് കഴുത്തിന്‌ പരിക്കുണ്ട്‌. വീടിന് സമീപമാണ്‌  പശുക്കളെ കൂട്ടത്തോടെ മേയാൻ വിടുന്നത്‌.  രണ്ട് പശുക്കൾ ചത്തതിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്ന് റസാഖ് പറഞ്ഞു.  
തോട്ടം തൊഴിലാളികളടക്കം നിരവധിപേർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. വിദ്യാർഥികളും ജോലിക്ക് പോകുന്നവരും വരുന്നവരുമടക്കം ദിവസേന നൂറുകണക്കിനുപേർ ഇതുവഴി യാത്രചെയ്യുന്നുണ്ട്. അടിക്കടിയുണ്ടാവുന്ന പുലിശല്യത്തിൽ ജനം ഭീതിയിലാണ്. നൂറുകണക്കിന് തൊഴിലാളികൾ പകൽ സമയങ്ങളിൽ തോട്ടങ്ങളിൽ ജോലിചെയ്യുന്നുണ്ട്‌.   കാട്ടാനശല്യവുമുള്ള പ്രദേശമാണിത്. കഴിഞ്ഞ ഡിസംബറിൽ
ആണിവയലിൽ പൊട്ടെങ്ങൽ ഷാജഹാന്റെ അച്ചൂർ പതിനഞ്ചാംനമ്പർ ഫീൽഡിൽ മേയാൻ വിട്ട പശുക്കുട്ടിയെ പുലി ആക്രമിച്ചുകൊന്നിരുന്നു. ഒക്ടോബറിൽ അച്ചൂർ പതിമൂന്നിൽ കോഴിക്കോടൻ ശിഹാബിന്റെ പോത്തിനെയും പിടികൂടി.  ഇതിന്റെ രണ്ടാഴ്ചമുമ്പ് അച്ചൂർ സ്വദേശി പുലിക്കോടൻ സെയ്തിന്റെ  പശുവിനെയും വന്യമൃഗം കൊന്നു.  വനംവകുപ്പ് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top