25 April Thursday
കനത്ത ജാഗ്രത

ജില്ലയിലും കോവിഡ്‌

സ്വന്തം ലേഖകൻUpdated: Friday Mar 27, 2020
കൽപ്പറ്റ
ജില്ലയിലും കോവിഡ്‌ 19 സ്ഥിരീകരിച്ചു. 22ന്‌ ദുബായിൽനിന്നും എത്തിയ മാനന്തവാടി തൊണ്ടർനാട്‌ സ്വദേശിക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. പനിയുണ്ടായിരുന്നതിനാൽ വന്നതുമുതൽ  വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 23ന്‌ സാമ്പിൾ പരിശോധനക്കയച്ചു. വ്യാഴാഴ്‌ചയാണ്‌ ഫലം ലഭിച്ചത്‌. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്‌ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
രോഗം സംശയിച്ചിരുന്നതിനാൽ അതീവ ജാഗ്രതയാണ്‌ ഇയാൾ  പുലർത്തിയത്‌. 
മൂന്നുപേരുമായി മാത്രമാണ്‌ സമ്പർക്കത്തിൽ ഏർപ്പെട്ടത്‌. ഇവരെ നിരീക്ഷിക്കുന്നുണ്ട്‌. കുടുംബാംഗങ്ങൾ മാറിത്താമസിച്ചു.  22ന്‌ രാവിലെ ഒമ്പതിന്‌ ഇവൈ 254–-ാം നമ്പർ ദുബായ്‌–-അബുദാബി വിമാനത്തിൽ കരിപ്പൂരിലാണ്‌ ഇറങ്ങിയത്‌. ഇവിടെനിന്നും ടാക്സി പിടിച്ച്‌ വീട്ടിൽ എത്തി. നാട്ടിലെത്തിയ വിവരം തൊണ്ടർനാട്‌ പ്രാഥമീകാരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ അറിയിച്ചു. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം നീരീക്ഷണത്തിൽ കഴിഞ്ഞു. പിറ്റേദിവസം ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ 
എത്തി പരിശോധനക്ക്‌ സ്രവം നൽകി തിരികെ വീട്ടിലെത്തി.
കരിപ്പൂരിൽനിന്നും വന്ന ടാക്‌സിയുടെ ഡ്രൈവർ, പരിശോധനക്ക്‌ സ്രവം നൽകാൻ ആശുപത്രിയിൽ കൊണ്ടുപോയ അംബുലൻസിലെ ഡ്രൈവർ, പരിശോധനക്ക്‌ ഒപ്പംപോയ ഭാര്യാസഹോദരൻ എന്നിവരാണ്‌ സമ്പർക്കത്തിലേർപ്പെട്ട മൂന്നുപേർ. വിമാനത്തിൽ ഇദ്ദേഹത്തോടൊപ്പം അഞ്ച്‌ വയനാട്‌ സ്വദേശികളുണ്ടായിരുന്നു.
 ഇവരെ കണ്ടെത്തിയിട്ടുണ്ട്‌. ദുബായിൽ  റൂമിൽ ഒന്നിച്ചു താമസിച്ചിരുന്നയാൾക്ക്‌ അവിടെ നടത്തിയ പരിശോധനയിൽ  രണ്ട്‌ ദിവസംമുമ്പ്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന വയനാട്‌ സ്വദേശികളോട്‌ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയതായി കലക്ടർ അദീല അബ്ദുള്ള പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top