29 March Friday

വികസനത്തേരിൽ വീണ്ടും ചുവക്കാൻ കൽപ്പറ്റ

പി ഒ ഷീജUpdated: Saturday Feb 27, 2021

 -കൽപ്പറ്റ

ചുരംപാത പിന്നിട്ടെത്തുമ്പോൾ   മഞ്ഞ്‌ പെയ്യുന്ന   ലക്കിടി.  വന്യഭംഗി മുഖം മിനുക്കുന്ന പൂക്കോട്‌ തടാകം, തലയെടുപ്പോടെ ബാണാസുര–-ചെമ്പ്ര മല നിരകൾ,  നീല ജലാശയത്തിന്റെ വിസ്‌മയ കാഴ്‌ചയൊരുക്കുന്ന കാരാപ്പുഴ ഡാം....  പ്രകൃതി ഭംഗിയുടെ നിറകാഴ്‌ചകളൊരുക്കുന്ന കൽപ്പറ്റ മണ്ഡലം വിനോദ സഞ്ചാരികളുടെ  ഇഷ്‌ടഭൂമിയാണ്‌.  ടിപ്പുവിന്റെ കുതിരക്കുളമ്പടികൾ കടന്ന്‌ പോയ ഗ്രാമ പാതകളും ആദിവാസി, കർഷക പോരാട്ടങ്ങളും ഈ മണ്ണിന്റെ  വിപ്ലവ ഏടുകളാണ്‌.
കേരള സംസ്ഥാനം ഔദ്യോഗീകമായി  രൂപീകരിച്ചതിന്‌ ശേഷം 1957ലാണ്‌ ആദ്യ തെരഞ്ഞെടുപ്പ്‌ നടന്നത്‌. അതിന്‌ മുമ്പ്‌ കേരളം രാഷ്‌ട്രപതി ഭരണത്തിൻ കീഴിലായിരുന്നു. ആദ്യ തെരഞ്ഞെടുപ്പ്‌ നടന്ന 1957ലും 1960ലും  വയനാട്‌ ദ്വയാംഗ മണ്ഡലമായിരുന്നു.  1965ലാണ്‌  കോഴിക്കോട്‌ ജില്ലയുടെ മലയോര ഗ്രാമങ്ങൾകൂടി ഉൾപ്പെട്ട    കൽപ്പറ്റ മണ്ഡലം രൂപീകരിച്ചത്‌. തുടർന്ന്‌ നടന്ന  തെരഞ്ഞെടുപ്പിൽ സിപിഐ എം പിന്തുണയുള്ള കർഷകതൊഴിലാളി പാർടി സ്ഥാനാർഥി ബി വെല്ലിങ്‌ടണാണ്‌ വിജയിച്ചത്‌. സൗത്ത്‌ വയനാട്‌  എസ്‌ടി മണ്ഡലത്തിൽ സംയുക്ത സോഷ്യലിസ്‌റ്റ്‌ പാർടി സ്ഥാനാർഥി എം രാമുണ്ണിയും നോർത്ത്‌ വയനാട്‌ എസ്‌ടി  മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥി കെ കെ അണ്ണനും വിജയിച്ചു. 1967ൽ ‌ കൽപ്പറ്റ  ഇന്നത്തെ നിലയിലുള്ള മണ്ഡലമായതിന് ശേഷം നടന്ന  തെരഞ്ഞെടുപ്പിലും മൂന്ന്‌ മണ്ഡലങ്ങളിലും  ഇതേ സ്ഥാനാർഥികൾ തന്നെ വിജയിച്ചു. കൽപ്പറ്റയിൽ നിന്നും ജയിച്ച ബി വെല്ലിങ്‌ടൺ ഇ എം എസ്‌ മന്ത്രി സഭയിൽ ആരോഗ്യ മന്ത്രിയുമായി. തുടർന്ന്‌ നടന്ന  11 നിയമസഭ തെരഞ്ഞെടുപ്പുകളിൽ മൂന്ന്‌ തവണ  മണ്ഡലം എൽഡിഎഫിനൊപ്പം നിന്നു‌. 1987ൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിച്ച  ജനതാപാർടിയിലെ എം പി വീരേന്ദ്രകുമാർ നീണ്ട ഇടവേളക്ക്‌ ശേഷം  വിജയിച്ചത്‌ മണ്ഡലത്തിന്റെ രാഷ്‌ട്രീയ മാറ്റത്തിന് തുടക്കം  കുറിച്ചു. വലത്‌ കോട്ടകൾ തകർന്ന്‌ തുടങ്ങി.   2006ൽ ജെഡിഎസ് സ്ഥാനാർഥി എം വി ശ്രേയാംസ്‌കുമാറിനെ കളത്തിലിറക്കി വിജയിപ്പിച്ച്‌   വീണ്ടും  എൽഡിഎഫ്‌  കരുത്ത്‌  തെളിയിച്ചു.   2016 ലെ നിയമസഭ തെരെഞ്ഞടുപ്പിൽ യുഡിഎഫ്‌ നെടുങ്കോട്ടകൾ തകർത്തെറിഞ്ഞ്‌‌ സിപിഐ എമ്മിലെ സി കെ ശശീന്ദ്രനിലൂടെ   എൽഡിഎഫ്‌ ‌   ശക്തമായ തിരിച്ച്‌ വരവാണ്‌ നടത്തിയത്‌.
    യുഡിഎഫ്‌  അവഗണനയിൽ മുരടിച്ച മണ്ഡലം  വികസനത്തിന്റെ പൊൻപ്രഭയിൽ മിന്നിതിളങ്ങി. കുടിയേറ്റ കർഷകരും ആദിവാസികളും തോട്ടം തൊഴിലാളികളും  വിധി നിർണയിക്കുന്ന   മണ്ഡലത്തിൽ   ഈ മേഖലകളിൽ നടത്തിയ സമാനകളില്ലാത്ത വികസന പ്രവർത്തനങ്ങൾ ജനഹൃദയങ്ങളിൽ എൽഡിഎഫിന്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചിട്ടുണ്ട്‌.    
ഹൈടക്കായ റോഡുകളും സ്‌കൂളുകളും,  മികവിന്റെ കേന്ദ്രങ്ങളായ ആതുരാലയങ്ങൾ,  ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ, സിവിൽ സർവീസ്‌ കോച്ചിങ്‌  സെന്റർ,    സമാനതകളില്ലാത്ത വികസനം നാടിന്റെ മുഖം മാറ്റി.  
സൗജന്യ റേഷൻ, കിറ്റ്‌ വിതരണം, ക്ഷേമ പെൻഷൻ വിതരണം, തുടങ്ങി തോട്ടം തൊഴിലാളി ഭവനപദ്ധതി വരെ എത്തി നിൽക്കുന്ന  പിണറായി സർക്കാരിന്റെ ജനക്ഷേമ നടപടികൾ   വോട്ടർമാരിൽ എൽഡിഎഫിന്റെ വിശ്വാസ്യത വർധിപ്പിച്ചു. 
 
 
 
തദ്ദേശ തെരഞ്ഞെടുപ്പ്‌ 
കൽപ്പറ്റ നഗരസഭയും വൈത്തിരി, പൊഴുതന, തരിയോട്‌, പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി, കണിയാമ്പറ്റ, മുട്ടിൽ, മേപ്പാടി, മുപ്പൈനാട്‌ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ കൽപ്പറ്റ മണ്ഡലം. ഇതിൽ   വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ ഭരണം എൽഡിഎഫിനാണ്‌. മണ്ഡലത്തിലുൾപ്പെട്ട അഞ്ച്‌ ജില്ല പഞ്ചായത്ത്‌ ഡിവിഷനുകളിൽ പൊഴുതന, മേപ്പാടി ഡിവിഷനുകളും എൽഡിഎഫിനൊപ്പമാണ്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top