എടവക
എടവക പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ നിയമന ലിസ്റ്റിൽ വ്യാപകക്രമക്കേടും സ്വജനപക്ഷപാതിത്വവും നടത്തിയ യുഡിഎഫ് ഭരണ സമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങളുടെ നേതൃത്വത്തിൽ പഞ്ചായത്തിന് മുമ്പിൽ ധർണ നടത്തി. പഞ്ചായത്തിലെ അങ്കണവാടികളിൽ ഒഴിവുള്ള വർക്കർ, ഹെൽപ്പർ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ചയിൽ 277 പേരാണ് പങ്കെടുത്തത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ നിലവിലെ ക്ഷേമകാര്യ സ്ഥിരംസമിതിയുടെ അധ്യക്ഷ ജെൻസി ബിനോയിയും മൂന്നാം വാർഡ് അംഗം ഗിരിജ സുധാകരന്റെ മകളും ഉൾപ്പെടെ ഭരണസമിതി അംഗങ്ങളുടെ സ്വന്തക്കാർ വ്യാപകമായി ലിസ്റ്റിൽ ഇടംപിടിച്ചു. ഇന്റർവ്യൂ ബോർഡിലെ അംഗങ്ങളെ നിശ്ചയിക്കുന്ന സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷ തന്നെ ലിസ്റ്റിൽ വന്നതോടെ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവും സ്വജന പക്ഷപാതിത്വവുമാണ് ഭരണസമിതി നടത്തിയിരിക്കുന്നത്. ധർണ കെ ആർ ജയപ്രകാശ് ഉദ്ഘാടനംചെയ്തു. എം പി വത്സൻ അധ്യക്ഷനായി. മനു ജി കുഴിവേലി, പി പ്രസന്നൻ, എം കെ ബാബുരാജ്, ഷറഫുന്നീസ, ലത വിജയൻ, ലിസി ജോണി, സുമിത്ര ബാബു, സി എം സന്തോഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..