24 April Wednesday

ദുർഘട പാതകൾ ഈ കുട്ടികൾക്ക്‌ നിസ്സാരം

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

പെരുന്തട്ടയിൽനടന്ന ജില്ലാ മൗണ്ടെയ്‌ൻ സൈക്ലിങ്ങിൽനിന്ന്

കൽപ്പറ്റ
പാറക്കെട്ടുകളും ചതുപ്പുകളും നിറഞ്ഞ പാതയിലൂടെ കുന്നുകൾ താണ്ടിയും  കുത്തനെയുള്ള ഇറക്കങ്ങളെ വരുതിയിലാക്കിയും കൊച്ചുമിടുക്കന്മാരും മിടുക്കികളും കാണികളുടെ മനംകവർന്നു. പെരുന്തട്ടയിലെ മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും വശ്യസൗന്ദര്യം ഇഴകിച്ചേർന്ന ദുർഘടമായ  ട്രാക്കിൽ നടന്ന ജില്ലാ മൗണ്ടെയ്‌ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിലുണ്ടായത്‌  കുട്ടികളുടെ സജീവ പങ്കാളിത്തം.   85 കുട്ടികൾ പങ്കെടുത്തു. ജില്ലാ സൈക്ലിങ്‌ അസോസിയേഷൻ  ആഭിമുഖ്യത്തിലായിരുന്നു മത്സരം. കോവിഡ് കാലത്ത് സൈക്ലിങ്ങിൽ  ജനപ്രീതി നേടിയതിന്റെ പ്രതിഫലനമാണ്  ദൃശ്യമായത്. 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ക്രിസ്റ്റം ജോബി, ജോ കല്ലിങ്കൽ, ഹരിഗോവിന്ദ്,  പെൺകുട്ടികളുടെ വിഭാഗത്തിൽ ഷദ ഷറഫ്, എ മർവ, റിൻഷാ ഫാത്തിമ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. പതിനാറ്‌ വയസ്സിന്‌ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ്‌ നിഷാദ്, മുഹമ്മദ്‌ റിൻഷാദ്, മുഹമ്മദ്‌ അജ്നാസ് എന്നിവരും പെൺകുട്ടികളുടെ വിഭാഗത്തിൽ മഹി സുധി, പി ടി ജോഷ്ന ജോയ്, അലൈന കടവൻ എന്നിവരും വിജയികളായി.  18 വയസ്സിന്‌ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ  കെ അമൻ അഹ്സൻ,  ഇ എസ് അഫ്ത്തർ, ഷെലിൻ ഷറഫ്, പെൺകുട്ടികളുടെ വിഭാഗത്തിൽ എം ഐഫ മെഹറിൻ, മീര സുധി എന്നിവരും  വിജയികളായി.  23 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ഷാംലിൻ ഷറഫ്, സി കെ ഹാരിസ്, അലീൻ ആന്റണി എന്നിവർ ആദ്യ മൂന്ന്‌ സ്ഥാനം നേടി. സ്ത്രീകളുടെ വിഭാഗത്തിൽ എം പി ജിസ്നി, കെ എച്ച് ഫാത്തിമ ജിനാൻ, ഹന എന്നിവർ  വിജയികളായി. 
ജില്ലാ വികസന കമീഷണർ ജി പ്രിയങ്ക  ഉദ്ഘാടനംചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എം മധു അധ്യക്ഷനായി. കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ്, സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ സലീംകടവൻ   മുഖ്യാതിഥിയായി. സൈക്ലിങ് അസോസിയേഷൻ പ്രസിഡന്റ്‌  അബ്ദുൾ എൻ എച്ച് സത്താർ, സുബൈർ എലംകുളം,  എൻ സി സാജിദ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top