20 April Saturday
പാഠപുസ്‌തക വിതരണം അന്തിമഘട്ടത്തിൽ

ഒരുക്കം തുടങ്ങി;
പഠനാരംഭം വർണാഭമാകും

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022
കൽപ്പറ്റ
സ്‌കൂൾ പ്രവേശനോത്സവത്തിനുള്ള ഒരുക്കം ജില്ലയിലും ആരംഭിച്ചു. കോവിഡ്‌ മഹാമാരിയിൽ രണ്ടുവർഷം നഷ്ടപ്പെട്ടതിനുശേഷമുള്ള  പൂർണ അധ്യയനവർഷത്തിന്റെ തുടക്കം വർണാഭമാക്കാനുള്ള ഒരുക്കമാണെങ്ങും‌. നവാഗതരെ സ്വീകരിക്കാൻ വിദ്യാലയങ്ങൾ വിവിധ പദ്ധതികളാണ്‌ തയ്യാറാക്കുന്നത്‌. 
ജൂൺ ഒന്നിന്‌ കാക്കവയൽ ഗവ.‌ ഹയർ സെക്കൻഡറി സ്കൂളിലാണ്‌ ജില്ലാതല പ്രവേശനോത്സവം.  സ്‌കൂളുകൾ കൈവരിച്ച നേട്ടങ്ങൾ,  സ്കൂൾ മാസ്റ്റർ പ്ലാൻ തുടങ്ങിയവ പ്രവേശനോത്സവത്തിന്റെ ഭാഗമായി  അവതരിപ്പിക്കും. വിദ്യാർഥികളും പൂർവ വിദ്യാർഥികളും സാംസ്‌കാരിക പരിപാടികൾ  അവതരിപ്പിക്കും. ഭിന്നശേഷി വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകും. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ  ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നത്  തത്സമയം വീക്ഷിക്കാനും അവസരമൊരുക്കും. 
പാഠപുസ്തക വിതരണം പൂർത്തിയാകുകയാണ്‌. ഭൂരിഭാഗം വിദ്യാലയങ്ങളിലും പുസ്‌തകം എത്തിച്ചു. ബത്തേരി സർവജന ഹയർസെക്കൻഡറി സ്‌കൂളിലെ ജില്ലാ ഡിപ്പോയിൽനിന്നാണ്‌ പുസ്‌തകങ്ങൾ വിതരണംചെയ്യുന്നത്‌. സ്‌കൂൾ സൊസൈറ്റികൾക്ക്‌ പുസ്‌തകം എത്തിച്ചുകൊടുക്കുകയാണ്‌. 
69 സൊസൈറ്റികളിലൂടെ 341 സ്‌കൂളുകളിലായി 7.5 ലക്ഷം പാഠപുസ്തകം എത്തിച്ചു. അവശേഷിക്കുന്നവ 28ന് മുമ്പ്‌ നൽകും. സ്‌കൂൾ തുറക്കുന്നതിന്‌ മുമ്പ്‌ നൂറ്‌ ശതമാനം പൂർത്തിയാക്കും.  
ജില്ലാതല പ്രവേശനോത്സവത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ചെയർമാനും ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശശിപ്രഭ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. യോഗം‌ സംഷാദ്  മരക്കാർ ഉദ്ഘാടനംചെയ്തു .  മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌  നസീമ മങ്ങാടൻ അധ്യക്ഷയായി. ശശിപ്രഭ, എം മുഹമ്മദ് ബഷീർ, ചന്ദ്രിക കൃഷ്ണൻ, എസ് എസ്‌കെ പ്രോജക്ട് കോ -ഓർഡിനേറ്റർ വി അനിൽകുമാർ,  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ -ഓർഡിനേറ്റർ വിൽസൺ തോമസ്‌, സ്‌കൂൾ പ്രിൻസിപ്പൽ കെ പ്രസന്ന,  പ്രധാനാധ്യാപകൻ എം സുനിൽകുമാർ, എൻ റിയാസ്‌  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top