25 April Thursday

കാർഷിക പമ്പുകൾ സൗരോർജത്തിലേക്ക്‌ മാറ്റാം

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
കൽപ്പറ്റ
കാർഷിക പമ്പുകൾ സോളാർ സംവിധാനത്തിലേക്ക് മാറ്റാൻ അവസരമൊരുക്കി അനെർട്ട്. സംസ്ഥാന ഊർജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അനെർട്ടിന്റെ പിഎംകെയുഎസ് യുഎം പദ്ധതി പ്രകാരമാണ് പമ്പുകൾ സൗരോർജ്ജത്തിലേക്ക് മാറ്റുന്നത്. കാർഷിക കണക്ഷനായി എടുത്തു പ്രവർത്തിക്കുന്ന പമ്പുസെറ്റുകൾ സോളാർ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ ഉപയോഗം കഴിഞ്ഞ് അധികമായി വരുന്ന വൈദ്യുതി കെഎസ്ഇബിക്ക്‌ നൽകി കർഷകർക്ക് അധിക വരുമാനം ഉണ്ടാക്കാനും സാധിക്കും. പദ്ധതിയുടെ രജിസ്‌ട്രേഷൻ അനെർട്ടിന്റെ ജില്ലാ ഓഫീസിൽ തുടങ്ങി.
    ഒരു എച്ച്പി മുതൽ 10 എച്ച്പിവരെയുള്ള പമ്പുകളാണ് സോളാർ സംവിധാനത്തിലേയ്ക്ക് മാറ്റാൻ സാധിക്കുക. ഒരു എച്ച്പി ശേഷിക്ക് കുറഞ്ഞത് ഒരു കിലോവാട്ട് എന്ന കണക്കിൽ സോളാർ പാനലുകൾ സ്ഥാപിക്കണം. ഒരു എച്ച്പി പമ്പ് സോളാർ സംവിധാനത്തിലേക്ക്‌ മാറ്റുന്നതിന് ആവശ്യമായ 54,000 രൂപയിൽ 60 ശതമാനം തുക കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സബ്‌സിഡിയായി നൽകും. അഞ്ച് വർഷം വാറണ്ടിയുളള സോളാർ സംവിധാനത്തിന് ബാറ്ററി ഇല്ലാത്തതിനാൽ അറ്റകുറ്റപണികൾ വേണ്ടതില്ല. ഒരു കിലോവാട്ട് സോളാർ പാനലിൽ നിന്നും 4-5 യൂണിറ്റ് വൈദ്യുതി ലഭിക്കും. രാവിലെ ഏഴ് മുതൽ അഞ്ച് വരെ പമ്പുകൾ തുടർച്ചയായി ഉപയോഗിക്കാം. സോളാർ പാനൽ സ്ഥാപിക്കുന്നതിന്  നിഴൽ രഹിത സ്ഥലം ആവശ്യമാണ്. കർഷകർക്ക് ഇഷ്ടമുളള ഏജൻസികളെ തെരഞ്ഞെടുത്ത് സോളാർ പാനൽ സ്ഥാപിക്കാം. കർഷകർ സബ്‌സിഡി കുറച്ചുളള 40 ശതമാനം തുക നൽകിയാൽ മതി. പാനൽ സ്ഥാപിക്കുന്നതിനുള്ള ഫീസിബിലിറ്റി സ്റ്റഡി അനർട്ടിന്റെ കീഴിലെ ഊർജമിത്ര സെന്റർ വഴിയാണ്  നടത്തുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top