24 April Wednesday

മണ്ഡലത്തിൽ‌ 2400 കോടിയുടെ വികസനം

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021
കൽപ്പറ്റ
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ  ‌ കൽപ്പറ്റ മണ്ഡലത്തിൽ 2400 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ്‌ നടത്തിവരുന്നതെന്ന്‌ സി കെ ശശീന്ദ്രൻ എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മണ്ഡലത്തിന്റെ  ചരിത്രത്തിൽ ഇത്‌  സർവകലാ റെക്കൊർഡാണ്‌.  ഭരണനേട്ടം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കാൻ സാധിച്ചു. 
കർഷകർക്കും തോട്ടം തൊഴിലാളികൾക്കും ആദിവാസികൾക്കും മുന്തിയ പരിഗണനയാണ്‌ നൽകിയത്‌. കാപ്പിക്ക്‌ താങ്ങ്‌ വില നിശ്‌ചയിച്ച്‌ 90 രൂപയ്‌ക്ക്‌ ഘട്ടം ഘട്ടമായി സംഭരിക്കും.  ഇതിനായി ബ്രഹ്മഗിരിയെ ചുമതലപ്പെടുത്തി.  ആദിവാസി മേഖലയിൽ പ്രത്യേക കരുതൽ സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായി.  241  മെന്റർ ടീച്ചർമാരെയും സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്‌ വഴി  പൊലീസ്‌, എക്‌സൈസ്‌ സേനകളിൽ 295 പേരെയും നിയമിച്ചു.  ഗോത്ര ജീവിക പദ്ധതി പ്രകാരം ആദിവാസി വിഭാഗങ്ങൾക്കുള്ള തൊഴിൽ പരിശീലന പരിപാടി ആരംഭിച്ചു.  500 ആദിവാസി കുടുംബങ്ങൾക്ക്‌ ഭൂമി നൽകി. ഈ ഭൂമിയിൽ ആദിവാസി  പുനരധിവാസ പദ്ധതി പ്രകാരം 175 വീടുകളുടെ നിർമാണം ആരംഭിച്ചു. 
തോട്ടം തൊഴിലാളികളുടെ കൂലി 404.74 രൂപയായി വർധിപ്പിച്ചു. കാപ്പി തോട്ടങ്ങളിൽ ഇത്‌ 409.74 രൂപയാണ്‌. അധ്വാന ഭാരം വർധിപ്പിക്കാതെയാണ്‌ കൂലി വർധന‌. തൊളിലാളികളുടെ ഭവന നിർമാണ പദ്ധതിക്കും മേപ്പാടിയിൽ തുടക്കം കുറിച്ചു.  ലൈഫിൽ കൽപ്പറ്റ മണ്ഡലത്തിൽ   4695 പേർക്ക്‌വീട്‌ ലഭിച്ചു.
കൽപ്പറ്റ ജന. ആശുപത്രി പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റി.  ഡോക്ടർമാരുടെ എണ്ണം 250 കിടക്കകൾക്കാനുസൃതമായി വർധിപ്പിച്ചു. 15.45 കോടി രൂപ ഇവിടേക്ക്‌ അനുവദിച്ചു.  ഇതിൽ 1.45 കോടി രൂപ എംഎൽഎ ഫണ്ടിൽ നിന്നാണ്‌. രണ്ട്‌ സ്റ്റേഡിയങ്ങളാണ്‌ യാഥാർഥ്യമാവാൻ പോകുന്നത്‌. ജില്ലാ സ്‌റ്റേഡിയത്തിനും ഇൻഡോർ സ്‌റ്റേഡിയത്തിനുമായി 56 കോടി രൂപയാണ്‌ അനുവദിച്ചത്‌. നിർമാണം അന്തിമ ഘട്ടത്തിലാണ്‌.
റോഡുകൾക്ക്‌ 1500 കോടി
റോഡുകളുടെ വികസനത്തിനായി 1500 കോടിയാണ്‌  മണ്ഡലത്തിൽ അനുവദിച്ചത്‌.  ഇതിൽ 1222 കോടി  കിഫ്‌ബിയിൽ നിന്നാണ്‌. കൽപ്പറ്റ–- വാരാമ്പറ്റ, പച്ചിലക്കാട്‌–-മീനങ്ങാടി, മേപ്പാടി –-ചൂരൽമല, പച്ചിലക്കാട്‌ –-അരുണപ്പുഴ മലയോര ഹൈവേ എന്നിവ ഇതിലുൾപ്പെടുന്നു.  1000 കോടി ചെലവിൽ നിർമിക്കുന്ന മേപ്പാടി തുരങ്കപാത വരുന്നതോടെ ബദൽപാതയെന്ന ആവശ്യം യാഥാർഥ്യമാവും. കൽപ്പറ്റ ടൗൺ നവീകരണത്തിന്‌ 22.64 കോടി അനുവദിച്ചു. ഇതിൽ നഗരസഭയുടെ രണ്ട്‌ കോടി ഒഴികെ മുഴുവൻ തുകയും സർക്കാർഅനുവദിച്ചതാണ്‌.
 
വിദ്യാഭ്യാസത്തിന്‌ 47 കോടി
വിദ്യാഭ്യാസ മേഖലയിൽ കിഫ്‌ബിയിൽ നിന്നുള്ള 24 കോടിയടക്കം 47 കോടിയാണ്‌ വിനിയോഗിച്ചത്‌. അഞ്ച്‌ കോടി  ചെലവഴിച്ച്‌ കൽപ്പറ്റ ജിവിഎച്ച്‌എസ്‌എസ്‌ അന്താരാഷ്‌ട്ര നിലവാരത്തിൽ ഉയർത്തി. മേപ്പാടി  പോളിടെക്‌നിക്‌ പുതിയ കെട്ടിടത്തിലേക്ക്‌ മാറ്റി.   കൽപ്പറ്റ ഗവ. കോളേജിൽ സിവിൽ സർവീസ്‌ കോച്ചിങ്‌ സെന്റർ ആരംഭിച്ചു. കൽപ്പറ്റ ഗവ. കോളേജിലും ഡബ്ല്യുഎംഒ കോളേജിലും പുതിയ കോഴ്‌സുകൾ ആരംഭിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top