20 April Saturday
കുഴഞ്ഞുമറിഞ്ഞ്‌ കോൺഗ്രസ്‌

കീറാമുട്ടിയായി യുഡിഎഫ്‌ 
മണ്ഡലം കൺവീനർ പദവി

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023
കൽപ്പറ്റ 
മണ്ഡലം ഭാരവാഹികളെ മാറ്റാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം നടപ്പാക്കാനാവാതെ ജില്ലയിലെ കോൺഗ്രസ്‌. കോൺഗ്രസുകാർ വഹിക്കുന്ന യുഡിഎഫ്‌ മണ്ഡലം കൺവീനർ പദവിയെ ചൊല്ലിയാണ്‌ തർക്കം. ബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളിലെ കൺവീനർമാരെ തീരുമാനിക്കുന്നത്‌ എംഎൽഎമാർക്ക്‌ വിട്ടതാണ്‌ പ്രതിസന്ധിക്ക്‌ കാരണം. ഇതോടെ ഫെബ്രുവരി അഞ്ചിനകം മണ്ഡലം ഭാരവാഹികളുടെ പട്ടിക കൈമാറണമെന്ന കെപിസിസി നിർദേശം നടപ്പാക്കാനാവാതെ കോൺഗ്രസ്‌  ജില്ലാ നേതൃത്വം കുഴങ്ങി.
ബത്തേരിയിൽ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം, കൽപ്പറ്റയിൽ പി പി ആലി, മാനന്തവാടിയിൽ എൻ കെ വർഗീസ്‌ എന്നിവരാണ്‌ നിലവിലെ കൺവീനർമാർ. 2006 മുതൽ ഈ സ്ഥാനത്ത്‌ തുടരുന്നവരാണ്‌ ഇവർ. മാനന്തവാടിയിൽ അഡ്വ. എം വേണുഗോപാലിനെയാണ്‌ പരിഗണിക്കുന്നത്‌. ബത്തേരിയിൽ ഡിസിസി ഭാരവാഹികളായ എൻ എം വിജയൻ, ഡി പി രാജശേഖരൻ എന്നിവരും. കൽപ്പറ്റയിൽ ക്രൈസ്‌തവ വിഭാഗത്തിൽനിന്നുള്ള പ്രതിനിധി വരണമെന്നാണ്‌ അഭിപ്രായം. ഡിസിസി വൈസ്‌ പ്രസിഡന്റ്‌ എം എ ജോസഫ്‌, വൈത്തിരി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മാണി ഫ്രാൻസിസ്‌ എന്നിവരാണ്‌ പരിഗണനയിൽ. 
അതേസമയം, കൽപ്പറ്റയിൽ പി പി ആലി സ്ഥാനമൊഴിയാൻ തയ്യാറായിട്ടില്ല. ആലി തുടരട്ടെ എന്ന നിലപാടിലാണ്‌ സ്ഥലം എംഎൽഎ. എല്ലാവരെയും മാറ്റാൻ ഡിസിസി തീരുമാനിച്ച സാഹചര്യത്തിൽ കൽപ്പറ്റയിൽമാത്രം ഇളവ്‌ നൽകാനാവില്ലെന്നാണ്‌ മറ്റ്‌ നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം. കൽപ്പറ്റയിൽനിന്ന്‌ താമസം കോഴിക്കോട്ടേക്ക്‌ മാറ്റിയ ടി സിദ്ദിഖ്‌ എംഎൽഎ മണ്ഡലം ഭാരവാഹികളെ തീരുമാനിക്കാനുള്ള ജില്ലയിലെ സമവായ കമ്മിറ്റിയിൽ അംഗമല്ല. കോഴിക്കോട്ടെ സമവായ കമ്മിറ്റിയിലാണ്‌ സിദ്ദിഖ്‌ ഇപ്പോഴുള്ളത്‌. ഈ സാഹചര്യത്തിൽ വയനാട്ടിലെ മണ്ഡലം ഭാരവാഹികളെ തീരുമാനിക്കാൻ സിദ്ദിഖിന്‌ അവകാശമില്ലെന്നാണ്‌ ഒരു വിഭാഗത്തിന്റെ വാദം. 
യുഡിഎഫ്‌ കൺവീനർ എം എം ഹസ്സന്റെ സാന്നിധ്യത്തിൽ നടത്തിയ സമവായ ചർച്ചയിലും ധാരണയായില്ല. എംഎൽഎമാരുടെ അഭിപ്രായം പരിഗണിക്കണമെന്ന്‌ ഹസ്സൻ നിർദേശിച്ചതോടെ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top