19 April Friday

എൻ ഇ ബാലറാം പുരസ്കാരം അക്ഷരജ്യോതി 
ഗ്രന്ഥാലയത്തിന്

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

അക്ഷരജ്യോതി ഗ്രന്ഥാലയം

എടവക 
 സംസ്ഥാനത്തെ മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ എൻ ഇ ബാലറാം പുരസ്കാരം കമ്മന കാവനക്കുന്ന് അക്ഷരജ്യോതി ഗ്രന്ഥാലയം കരസ്ഥമാക്കി. കഴിഞ്ഞ 23 വർഷത്തോളം കലാ- –-സാമൂഹിക -–-സാംസ്കാരിക മേഖലകളിൽ നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന വായനശാലയാണ് അക്ഷരജ്യോതി.
   സ്നേഹസ്പർശം എന്ന പേരിൽ നിർധനരോഗികൾക്ക് സാന്ത്വനത്തിന്റെ കൈത്താങ്ങായി മാറിയ പദ്ധതികൾ, ജില്ലാ ബ്ലഡ് ബാങ്കുമായി ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പുകൾ, അവയവദാന സമ്മതപത്രം ശേഖരിക്കൽ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ, കാർഷിക സെമിനാറുകൾ, പുസ്തക ചർച്ചകൾ, പ്രളയ സമയത്തും കോവിഡ് സാഹചര്യത്തിലും മാതൃകാപരമായ പ്രവർത്തനങ്ങൾ എന്നിവയാണ് അക്ഷരജ്യോതിയെ സംസ്ഥാനത്തെ മികച്ച ഗ്രാമീണ ഗ്രന്ഥശാലക്കുള്ള പുരസ്‌കാരം തേടിയെത്തിയത്.
1999ൽ ഇ എം ശങ്കരന്റെ നേതൃത്വത്തിൽ ഒരു ചെറിയ ക്ലബ്ബായി തുടങ്ങുകയും 2006ൽ അക്ഷരജ്യോതിക്ക് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിക്കുകയുംചെയ്തു. നിലവിൽ ബാലവേദി, യുവജനവേദി, വനിതാവേദി, വയോജനവേദി, കായികവേദി, കലാവേദി, കാർഷികവേദി, അക്ഷരസേന തുടങ്ങിയവ സജീവമാണ്. ഷട്ടിൽ കോർട്ട്, റീഡിങ്‌ ഹാൾ എന്നിവയും ഗ്രന്ഥാലയത്തിനുണ്ട്. 
ഒപ്പം വിദ്യാർഥികൾക്ക് പുസ്തകങ്ങൾ റെഫർ ചെയ്ത് പഠിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  ജില്ലയിലെ ഏറ്റവും കൂടുതൽ മെമ്പർഷിപ്പുകൾ പൂർത്തീകരിച്ച വായനശാല എന്ന നേട്ടവും അക്ഷരജ്യോതിക്കുണ്ട്.
  നാട്ടിലെ ജനങ്ങളുടെ കൂട്ടായ്മയിൽനിന്നാണ് ഗ്രന്ഥശാലയ്ക്ക് ഈ അവാർഡ് നേടിയെടുക്കാൻ സാധിച്ചതെന്ന് ഗ്രന്ഥശാലാ ഭാരവാഹികൾ പറഞ്ഞു.
 ഭാവി പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രന്ഥശാല പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ് തുടങ്ങാനും ആലോചിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top