25 April Thursday

ബത്തേരി താലൂക്ക്‌ ആശുപത്രിയിൽ
ഗൈനക്കോളജി ഒപി 4 ദിവസം

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022
ബത്തേരി
ഗവ. താലൂക്ക്‌ ആശുപത്രിയിൽ ഗൈനക്കോളജി ഒപി ആഴ്‌ചയിൽ നാലുദിവസമായി വർധിപ്പിക്കാൻ തീരുമാനം. നിലവിൽ ആഴ്‌ചയിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ മാത്രമാണ്‌ ഗൈനക്കോളജി ഒപി പ്രവർത്തിക്കുന്നത്‌. ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സക്കെത്തുന്നത്‌ നൂറുകണക്കിനുപേരാണ്‌. 
ഗൈനക്കോളജി ഡോക്ടർമാരുടെ എണ്ണം ആവശ്യത്തിന്‌ തികയാത്തതിനാൽ ഒപിയിൽ നിശ്ചിത എണ്ണം പേരെ മാത്രമാണ്‌ ടോക്കൺ അടിസ്ഥാനത്തിൽ പരിശോധിക്കുന്നത്‌. ഗൈനക്കോളജി ഒപിയിൽ കൂടുതൽ രോഗികളെ പരിശോധിക്കണമെന്നും പരിശോധന ദിവസങ്ങളുടെ എണ്ണം കൂട്ടണമെന്നും ആവശ്യപ്പെട്ട്‌ ആശുപത്രി മാനേജ്‌മെന്റ്‌ കമ്മിറ്റിയും സിപിഐ എം ഉൾപ്പെടെയുള്ള സംഘടനകളും നിരവധി തവണ ആരോഗ്യമന്ത്രിയുടെയും വകുപ്പ്‌ ഡയറക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണത്തിന്‌ അനുപാതമായി ഡോക്ടർമാരുടെയും മറ്റ്‌ ജീവനക്കാരുടെയും എണ്ണത്തിൽ വർധനയില്ലാത്തത്‌ വലിയ പ്രതിസന്ധിയാണ്‌ വരുത്തിയത്‌. സ്‌റ്റാഫ്‌ പാറ്റേൺ പുനർനിർണയിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. 
കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശനത്തിനെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ കാര്യമായ ഇടപെടൽ നടത്തുമെന്ന ഉറപ്പ്‌ നൽകിയിരുന്നു. ഞായർ ഒഴികെയുള്ള മുഴുവൻ ദിവസങ്ങളിലും ഗൈനക്കോളജി ഒപി പ്രവർത്തിപ്പിക്കണമെന്നാണ്‌ ആരോഗ്യവകുപ്പ്‌ ഡയറക്ടറുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ പറയുന്നത്‌. നിലവിൽ ആശുപത്രിയിൽ ഗൈനക്കോളജിസ്‌റ്റുകളുടെ എണ്ണം കുറവായതിനാലാണ്‌ ഒ പി ദിവസങ്ങളുടെ എണ്ണം നാലാക്കിയത്‌. ഒരു ഗൈനക്കോളജിസ്‌റ്റിനെ കൂടി ഉടൻ നിയമിക്കുമെന്നാണ്‌ ആശുപത്രി അധികൃതരുടെ പ്രതീക്ഷ. ഇതോടെ പുതിയ നിർദേശം നടപ്പാക്കി ഒപി ആഴ്‌ചയിൽ ആറുദിവസമായി വർധിപ്പിക്കാനാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top