08 December Friday
കുടകിൽ ആദിവാസി യുവതിക്ക്‌ മർദനം

കർണാടക പൊലീസ്‌ മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023
കൽപ്പറ്റ
കാപ്പി പറിക്കാനായി കർണാടകയിലെ കുടകിൽ കൊണ്ടുപോയ ആദിവാസി യുവതിയെ  ക്രൂരമായി മർദിച്ച സംഭവത്തിൽ കർണാടക പൊലീസ്‌ ജില്ലയിലെത്തി മൊഴിയെടുത്തു.  പനമരം പരക്കുനി കോളനിയിലെ സന്ധ്യക്കയ്‌ക്ക്‌(26) മർദനമേറ്റ സംഭവത്തിലാണ്‌ വീരാജ്‌പേട്ട പൊലീസ്‌ പനമരത്തെത്തി യുവതിയുടെയും ഒപ്പം തൊഴിലെടുത്തിരുന്നവരുടെയും മൊഴിയടുത്തത്‌. 
കഴിഞ്ഞ മാർച്ചിലായിരുന്നു മർദ്ദനം.  ഷൂവിട്ട്‌ വയറ്റിൽ ചവിട്ടുകയും തലക്കും മുഖത്തും അടിക്കുകയുംചെയ്‌തു. രണ്ടാഴ്‌ചയോളം ജോലിസ്ഥലത്തെ മുറിയിൽ അവശനിലയിൽ കിടന്ന യുവതി ഒടുവിൽ നാട്ടിലെത്തി ചികിത്സതേടുകയായിരുന്നു. ജോലിക്കായി കൊണ്ടുപോയ പനമരത്തെ ലീഗ്‌ നേതാവാണ്‌  മർദിച്ചതെന്നായിരുന്നു പരാതി.  സംഭവം ദേശാഭിമാനി വാർത്തയാക്കിയതോടെ  മുസ്ലിംലീഗ്‌ പനമരം പരക്കുനി ശാഖ പ്രസിഡന്റായിരുന്ന ബാവ എന്ന ഷാനവാസിനെതിരെ മർദനത്തിനും പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമത്തിനും പനമരം പൊലീസ്‌ കേസ്‌ എടുത്തിരുന്നു. ഒ ആർ കേളു എംഎൽഎയും വിഷയത്തിൽ ഇടപ്പെട്ടു. 
 പിന്നീട്‌ കേസ്‌ എസ്‌എംഎസിന്‌ കൈമാറി. മർദനം കർണാടകയിലയതിനാൽ കേസ്‌ അന്വേഷണം കർണാടക പൊലീസ്‌ ഏറ്റെടുക്കുകയായിരുന്നു. വനിതാ പൊലീസ്‌ ഉൾപ്പെടെയുള്ള കർണാടക പൊലീസ്‌ സംഘമാണ്‌ പനമരത്തെത്തിയത്‌. പരാതി ഒഴിവാക്കാനായി സമ്മർദം ചെലുത്തുന്നതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. 
ഭയംകൊണ്ട്‌ വീട്ടുകാരോടും  ഡോക്ടറോടും സന്ധ്യ മർദനമേറ്റകാര്യം ആദ്യം പറഞ്ഞിരുന്നില്ല. കുടകിൽ ഒപ്പമുണ്ടായിരുന്ന നാലുവയസ്സുകാരി മകളാണ്‌  അമ്മയെ മർദിച്ച വിവരം ബന്ധുക്കളോട്‌ പറഞ്ഞത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
-----
-----
 Top