തലപ്പുഴ
കോൺഗ്രസ് പോര് രൂക്ഷമായ തവിഞ്ഞാലിൽ നേതാക്കൾക്കെതിരെ ഊമ കത്തുകൾ. ഐ ഗ്രൂപ്പ് നേതാക്കളും ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായ എം ജി ബിജു, ജോസ് പാറക്കൽ, പി എസ് മുരുകേശൻ എന്നിവർക്കെതിരെയാണ് കത്തുകൾ പ്രചരിപ്പിക്കുന്നത്. സ്‌ത്രീകളുടെ പേരുകൾ ചേർത്താണ് കത്ത്. സംഭവത്തിൽ മൂന്ന് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെ ജോസ് പാറക്കൽ മാനന്തവാടി ഡിവൈഎസ്‌പിക്ക് പരാതി നൽകി.
പഞ്ചായത്തിലെ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് ഊമകത്തായിട്ടുള്ളത്. എ ഗ്രൂപ്പുകാർ ‘സഖാക്കളുടെ’ പേരിൽ കത്ത് പ്രരിപ്പിക്കുയാണെന്നാണ് ആക്ഷേപം.
പതിനൊന്നോളം സ്ത്രീകളുടെ പേരും സ്ഥലവും ഉൾപ്പെടുത്തിയാണ് കത്ത്. ‘സഖാക്കളുടെ’ പേരിൽ ഊമക്കത്ത് പ്രചരിപ്പിക്കുന്നതിനെതിരെ സിപിഐ എം തലപ്പുഴ പൊലീസിൽ പരാതി നൽകി.
വിവിധ രാഷ്‌ട്രീയ പാർടികളുടെ ഓഫീസുകൾ, എംഎൽഎ ഓഫീസ്, വീടുകൾ എന്നിവിടങ്ങളില്ലെല്ലാം കത്തുകൾ തപാലിൽ ലഭിച്ചു. സമൂഹമാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്നുണ്ട്. പഞ്ചായത്തിലെ ആറാം വാർഡിലെ നൂറോളം വീടുകളിൽ കത്ത് ലഭിച്ചു.
പഞ്ചായത്തിലെ അധികാരതർക്കം പരിഹരിക്കുന്നതിനായി ഡിസിസി പ്രസിഡന്റ് വിളിച്ചയോഗത്തിൽ എ ഗ്രൂപ്പ് അംഗങ്ങൾ പങ്കെടുത്തിരുന്നില്ല. പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ കോൺഗ്രസ് അംഗങ്ങൾ തമ്മിൽതല്ലുന്ന സ്ഥിതിവരെയുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..