18 December Thursday
പ്രവൃത്തിക്ക്‌ സ്‌റ്റേ

പുല്‍പ്പള്ളി ബസ്‌ സ്റ്റാൻഡ്‌ വികസനം തടഞ്ഞ്‌ ഹിന്ദു ഐക്യവേദി

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
പുൽപ്പള്ളി
ബസ്‌ സ്റ്റാൻഡ്‌ വികസനമെന്ന നാടിന്റെ പൊതു ആവശ്യത്തെ വെല്ലുവിളിച്ച്‌ ഹിന്ദു ഐക്യവേദി. സ്റ്റാൻഡിനോട് ചേർന്നുള്ള പുൽപ്പള്ളി മുരിക്കന്മാർ ദേവസ്വം സീതാദേവി ലവകുശ ക്ഷേത്രത്തിന്റെ 73 സെന്റ് 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത്‌ ആരംഭിച്ച പ്രവൃത്തി ഹിന്ദു ഐക്യവേദി പ്രവർത്തകർ സ്‌റ്റേ ചെയ്യിപ്പിച്ചു. പ്രതിദിനം 600 രൂപ നിരക്കിലാണ്‌ സ്ഥലം  പഞ്ചായത്ത്‌ പാട്ടത്തിന് എടുത്തിരുന്നത്‌. ബജറ്റിൽ സ്റ്റാൻഡ്‌ വികസനത്തിന്‌ ആറുകോടി രൂപ വകയിരുത്തുകയുംചെയ്‌തു. 
കഴിഞ്ഞ ദിവസം പ്രാഥമിക പ്രവൃത്തികളും ആരംഭിച്ചു. ഇതിനിടെയാണ്‌ ഹിന്ദു ഐക്യവേദി പ്രവർത്തകരായ പുത്തൻവീട്ടിൽ പി എം രാജൻ, താനത്ത് വീട്ടിൽ എൻ കൃഷ്ണക്കുറുപ്പ് എന്നിവർ ഹൈക്കോടതിയിൽനിന്ന്‌ നിർമാണ പ്രവൃത്തി സ്‌റ്റേ ചെയ്യിച്ചത്‌. ഒരു മാസത്തേക്ക് പ്രവൃത്തി നിർത്തിവയ്‌ക്കാനാണ്‌ കോടതി ഉത്തരവ്‌. 
പുൽപ്പള്ളിക്കാരുടെ ചിരകാല അഭിലാഷമാണ്‌ ബസ്‌ സ്റ്റാൻഡ്‌ വികസനം. നിന്നുതിരിയാൻ ഇടമില്ലാതെ പരിമിതമായ സൗകര്യത്തിലാണ്‌ നിലവിൽ സ്റ്റാൻഡിന്റെ പ്രവർത്തനം. കാൽനൂറ്റാണ്ട് മുമ്പ് പരിമിത സൗകര്യങ്ങളോടെ നിർമിച്ചതാണ്. ബസ്സുകളുടെയും യാത്രക്കാരുടെയും എണ്ണം വർധിച്ചതോടെ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ് ബസ്‌ സ്റ്റാൻഡ്‌  വികസനത്തിന് ദേവസ്വം സ്ഥലം പാട്ടത്തിന് എടുക്കാൻ കഴിഞ്ഞ എൽഡിഎഫ് ഭരരണസമിതിയുടെ നേതൃത്വത്തിൽ നടപടി ആരംഭിച്ചതാണ്‌.  
പിന്നീട്‌ അധികാരത്തിൽവന്ന ഇപ്പോഴത്തെ ഭരണസമിതിയും പദ്ധതിയുമായി മുന്നോട്ടുപോയി. കഴിഞ്ഞ ജനുവരിയിൽ ഭൂമി ഏറ്റെടുത്തു. 
സ്റ്റാൻഡ്‌ വികസനം ടൗണിന്റെ മുഖച്ഛായതന്നെ മാറ്റും.  ഇതിനോടുചേർന്ന്  ദേവസ്വത്തിനും കെട്ടിടങ്ങൾ നിർമിച്ച്‌ നൽകി ദേവസ്വത്തിനും വരുമാനമുണ്ടാക്കാനാവും. സ്റ്റാൻഡ്‌ വികസനം പൂർത്തിയായാൽ കൂടുതൽ ബസ് സർവീസുകളും ആരംഭിക്കും.
 ദീർഘദൂര ബസ്സുകളുൾപ്പെടെ അധികമായി എത്തും.  ഇതിനെല്ലാം തടസ്സം നിൽക്കുന്ന നിലപാടാണ്‌ ഹിന്ദു ഐക്യവേദി പ്രവർത്തകരുടേത്‌.
 ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്‌.  സ്‌റ്റേ നീക്കാൻ അടിയന്തരമായി ഇടപെടലുകൾ നടത്തുമെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ്‌  ടി എസ് ദിലീപ്കുമാർ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top