02 May Thursday
ബത്തേരി ബ്ലോക്ക്‌ ബജറ്റ്‌

കൃഷിക്കും ആരോഗ്യത്തിനും മുൻഗണന

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
 
ബത്തേരി
കൃഷിക്കും പാർപ്പിടത്തിനും ആരോഗ്യത്തിനും മുൻഗണന നൽകി ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌  ബജറ്റ്‌. 73, 62, 58, 160  രൂപ വരവും 73, 56, 58, 160  രൂപ ചെലവും ആറുലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ വൈസ്‌ പ്രസിഡന്റ്‌ അമ്പിളി സുധി അവതരിപ്പിച്ചത്‌.   പ്രസിഡന്റ്‌ സി അസൈനാർ അധ്യക്ഷനായി. എല്ലാ സ്രോതസ്സുകളിൽനിന്നും വിഭവസമാഹരണം ഉറപ്പാക്കിയും  സമഗ്രവികസനം ലക്ഷ്യമിട്ടുമാണ്‌ ബജറ്റ്‌.
ബ്ലോക്ക്‌ പഞ്ചായത്തും ഘടക സ്ഥാപനങ്ങളും മുഖേനെ പൊതുജനങ്ങൾക്ക്‌ വിവിധ മേഖലകളിൽ ലഭ്യമാക്കുന്ന സേവനങ്ങൾ കാലതാമസംകൂടാതെ ലഭ്യമാക്കുന്നതിന്‌   ഫ്രണ്ട്‌ ഓഫീസ്‌ സംവിധാനം ശക്തമാക്കും. സ്‌ത്രീകളുടെ ഡാറ്റാ ബാങ്ക്‌ രൂപീകരിച്ച്‌ വികസനമേഖലകൾ കണ്ടെത്തും. കാർഷിക, സങ്കേതിക, വിദ്യാഭ്യാസ പുരോഗതി ഉറപ്പുവരുത്തും. സ്‌ത്രീകളെ ഉൾപ്പെടുത്തി സൂക്ഷ്‌മ സംരംഭങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനായി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാനും നടപ്പാക്കാനുമായി 61, 77, 660 രൂപ ബജറ്റിൽ വകയിരുത്തി. ഭിന്നശേഷി വിഭാഗത്തിന്റെ ഉന്നമനത്തിനും മാനസികോല്ലാസത്തിനുമായി നടപ്പാക്കുന്ന പദ്ധതികൾക്കായി 41, 88, 830 രൂപ നീക്കിവച്ചു. കുട്ടികൾക്ക്‌ ഫുട്‌ബോളിലും വോളിബോളിലും പരിശീലനം നൽകുന്നതിന്‌ 11 ലക്ഷം  മാറ്റിവച്ചു. താലൂക്ക്‌ ആശുപത്രിയുടെ മികച്ച പ്രവർത്തനത്തിന്‌  പ്രത്യേകം പരിഗണനയുണ്ട്‌. കീമോതെറാപ്പി, ഫീസിയോ തെറാപ്പി തുടങ്ങിയ ഭാരിച്ച ചെലവുകൾ വരുന്ന ചികിത്സകൾ സൗജന്യമായോ മിതമായ നിരക്കിലോ ചെയ്യാനുള്ള സൗകര്യമൊരുക്കും. പാലിയേറ്റീവ്‌  പ്രവർത്തനത്തിന്‌ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുന്നതിനും തുക വകയിരുത്തി. ആശുപത്രികളുടെ പശ്ചാത്തല സൗകര്യം വർധിപ്പിക്കുന്നതിന്‌ 5.33കോടി രൂപ  വകയിരുത്തി. പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി  2,83, 44,000 രൂപയും പട്ടികജാതി മേഖലയുടെ സമഗ്രവികസനത്തിന്‌ 44,11,000 രൂപയും നീക്കിവച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി 3, 27, 55,000 രൂപയും വകകൊള്ളിച്ചു. പിഎംഎവൈ ലൈഫ്‌ പദ്ധതിക്ക്‌ 5,24,16, 160 രൂപയും നീക്കിവച്ചു. സഞ്ചരിക്കുന്ന മൃഗാശുപത്രിയിലേക്കും പോളി ക്ലിനിക്കിലേക്കും മരുന്ന്‌ വാങ്ങുന്നതിനും ലാബിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും മൃഗസംരക്ഷണമേഖലയിലേക്ക്‌ 82 ലക്ഷം വകയിരുത്തി. ഇതിന്‌ പുറമെ പിഎംകെഎസ്‌വൈ പദ്ധതിയിൽ രണ്ടുകോടി 60 ലക്ഷവും വകയിരുത്തി. ക്ഷീരകർഷകർക്ക്‌ പാലിനുള്ള പ്രോത്സാഹന വില നൽകുന്നതിനായി 42 ലക്ഷവും മാറ്റിവച്ചു. പാരമ്പര്യേതര കലകളുടെ പരിശീലനത്തിന്‌ മൂന്നര ലക്ഷവും നീക്കിവച്ചു. പശ്ചാത്തല മേഖലയിൽ വിവിധ പദ്ധതികൾക്കായി 70,05, 500  രൂപ ബജറ്റിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top