20 April Saturday
വന്യമൃഗശല്യം പരിഹരിക്കണം

പ്രക്ഷോഭത്തിന്‌ എൽഡിഎഫ്‌; ഏഴിന്‌ കൂട്ട സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
കൽപ്പറ്റ
ജില്ലയിലെ വന്യമൃഗശല്യത്തിന്‌ ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര വനനിയമങ്ങൾ ഭേദഗതി ചെയ്യണമെന്നും ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌  പ്രക്ഷോഭത്തിലേക്ക്‌. ഫെബ്രുവരി ഏഴിന്‌ കൽപ്പറ്റയിൽ കൂട്ട സത്യഗ്രഹം നടത്തുമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.   
മുഴുവൻ ജനങ്ങളുടെയും പ്രശ്നം എന്ന നിലയിൽ യോജിക്കാവുന്ന  രാഷ്ട്രീയ പാർടികൾ, സംഘടനകൾ എന്നിവയുമെല്ലാമായി  ചേർന്നാവും പ്രക്ഷോഭം.  പരിഹാര മാർഗങ്ങൾ അടങ്ങിയ രൂപരേഖ തയ്യാറാക്കി കേന്ദ്ര –സംസ്ഥാന സർക്കാരുകൾക്ക് നൽകും. ഫെബ്രുവരി അവസാനവാരം പഞ്ചായത്തുകളിൽ  പ്രക്ഷോഭ പ്രചാരണ സദസ്സ് സംഘടിപ്പിക്കും. ‘ഒരു വീട്ടിൽനിന്ന് ഒരു ഒപ്പ്’ ക്യാമ്പയിൻ നടത്തി  പ്രധാനമന്ത്രിക്ക് നിവേദനം നൽകും. 
കടുവയും കാട്ടാനയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം ജനങ്ങളുടെ സാധാരണ ജീവിതത്തെ ഗുരുതരമായി ബാധിച്ചു. ആളുകളുടെ ജീവൻപോലും നഷ്ടപ്പെടുകയാണ്‌.  
വനം  ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലാണുള്ളത്‌.  അതിനാൽ സംസ്ഥാനത്തിന് തനിച്ച്‌ നടപടിയെടുക്കുന്നതിൽ പ്രയാസമുണ്ട്. 1972ലെ കേന്ദ്ര വനം നിയമം ഭേദഗതി ചെയ്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 
എൽഡിഎഫ്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ, പി ഗഗാറിൻ, ഇ ജെ ബാബു, കെ ജെ ദേവസ്യ, സി കെ ശിവരാമൻ, കെ കെ ഹംസ, കെ പി ശ്രീധരൻ, എ പി അഹമ്മദ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
 
 ഡിഎഫ്ഒമാർക്ക് കൂടുതൽ അധികാരം നൽകണം
 
കടുവ ജനവാസകേന്ദ്രത്തിലും കൃഷി സ്ഥലത്തും ഇറങ്ങിയാൽ ഉടൻ പിടിക്കാൻ നടപടിവേണം.  നരഭോജിയായ കടുവയെ വെടിവച്ച് കൊല്ലാൻ നിയമമുണ്ട്.  നിലവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുവാദം വേണം.  ഇത്തരം അധികാരങ്ങൾ ജില്ലയിലെ ഡിഎഫ്ഒമാർക്ക് കൈമാറണം. ജില്ലയിലെ വനവിസ്തൃതിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വന്യമൃഗങ്ങളെ മാറ്റിപ്പാർപ്പിക്കണം. മഞ്ഞക്കൊന്ന സമയബന്ധിതമായി നീക്കം ചെയ്യണം. തേക്ക്, യൂക്കാലി തോട്ടങ്ങൾ പൂർണമായും മുറിച്ചുമാറ്റി സ്വാഭാവിക വനങ്ങൾ വച്ചുപിടിപ്പിക്കണം. വനത്തിനകത്ത് മൃഗങ്ങൾക്ക്‌ തീറ്റയും വെള്ളവും ഉറപ്പാക്കണം. കാടും നാടും വേർതിരിക്കാൻ സമയ ബന്ധിതമായി പദ്ധതികൾ നടപ്പാക്കണം. കേന്ദ്ര– -സംസ്ഥാന സർക്കാരുകൾ, ത്രിതല പഞ്ചായത്തുകൾ, എംഎൽഎമാർ, എംപിമാർ, എസ്റ്റേറ്റ് –റിസോർട്ട് ഉടമകൾ എന്നിവരുടെയെല്ലാം പങ്കാളിത്തത്തോടെ ആവശ്യമായ ഫണ്ട് കണ്ടെത്തണം. വൈത്തിരി പഞ്ചായത്തിലേതുപോലെ  ജനകീയ പ്രതിരോധ സംവിധാനങ്ങൾ കൊണ്ടുവരണം.
 
പന്നികളെ കൊല്ലാൻ  പ്രത്യേക സംഘം വേണം
കൃഷിയിടങ്ങളിൽ എത്തുന്ന പന്നിയെ വെടിവച്ച് കൊല്ലാൻ ഉത്തരവുണ്ട്. കർഷകർക്ക് വെടിവയ്‌ക്കാനുള്ള അധികാരം നൽകുകയും പൊലീസ് കസ്റ്റഡിയിലുള്ള ലൈസൻസുള്ള തോക്കുകൾ തിരികെ നൽകുകയും വേണം. പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരള സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാർ നിരസിച്ചത് പുനഃപരിശോധിക്കണം. പന്നികളെ വെടിവച്ചു കൊല്ലുന്നതിന്‌ പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിക്കണം.
 
കുരങ്ങുകളെ നിശ്ചിത കാലത്തേക്ക് കൊല്ലണം
 
ബിഹാർ, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങൾ നടപ്പിലാക്കിയതുപോലെ കുരങ്ങുകളെ  നിശ്ചിതകാലത്ത് കൊന്നൊടുക്കാനുള്ള അനുവാദം കേന്ദ്രത്തോട് ആവശ്യപ്പെടണം.  ഒന്നാം പിണറായി സർക്കാർ പ്രഖ്യാപിച്ചിരുന്ന കുരങ്ങ് പുനരധിവാസം പദ്ധതി നടപ്പാക്കണം. വന്ധ്യംകരണ പദ്ധതിയും നടപ്പാക്കണം. വന്യമൃഗാക്രമണത്തിൽ  മരിച്ചവരുടെ കുടുംബത്തിനും കൃഷിനാശത്തിനും നൽകുന്ന നഷ്ടപരിഹാരത്തുക വർധിപ്പിക്കണം. വന്യമൃഗ പ്രതിരോധത്തിന്‌ കർണാടക, തമിഴ്നാട്, കേരള സംസ്ഥാനങ്ങളുടെ സംയുക്ത യോഗം കേന്ദ്രസർക്കാർ വിളിച്ചുചേർക്കണം.
 
എംപിയുടെ പ്രവർത്തനം പരാജയം
വയനാട്‌ എംപിയുടെ പ്രവർത്തനം പൂർണ പരാജയമാണ്. മുഖ്യമന്ത്രിക്ക് കത്ത് അയക്കുന്ന എംപി കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. 
നാട്ടിലിറങ്ങിയ കടുവ, ആന തുടങ്ങിയ മൃഗങ്ങളെ പിടികൂടാൻ കേരള സർക്കാർ സ്വീകരിച്ച നടപടികൾ ആശ്വാസകരമാണ്. വനം വകുപ്പ് മന്ത്രി തന്നെ യോഗങ്ങളിൽ പങ്കെടുത്തു.  ജില്ലയിലെ ജനങ്ങളുമായി പ്രശ്‌നങ്ങൾ ചർച്ചചെയ്‌തു.  കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുതുശ്ശേരിയിലെ കർഷകൻ തോമസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകി. അദ്ദേഹത്തിന്റെ കടം അഞ്ചുലക്ഷം രൂപ കേരള ബാങ്ക് എഴുതിത്തള്ളാൻ തീരുമാനിച്ചു. തോമസിന്റെ മരണവീട്ടിൽപോലും വയനാട് എംപി  വന്നില്ല. 
 
ചുരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തണം
കൽപ്പറ്റ
താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണം. 
പകൽ സമയങ്ങളിൽ ചരക്ക് വാഹനങ്ങൾ സഞ്ചരിക്കുന്നത് ഒഴിവാക്കി രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാക്കണം. ജില്ലയിലെ കെട്ടിട നിർമാണ വസ്തുക്കൾ ഏറെയും ചുരം കയറ്റിയാണ്‌ കൊണ്ടുവരുന്നത്. ജില്ലയിലെ അടച്ചിട്ട ക്വാറികൾ റവന്യു വിഭാഗത്തിന്റെ നിയന്ത്രണത്തിൽ തുറന്ന് പ്രവർത്തിപ്പിച്ചാൽ ഇതിൽ കുറവ് വരുത്താം. കള്ളാടി– ആനക്കാംപൊയിൽ തുരങ്കപാതാ നിർമാണത്തിൽ പാരിസ്ഥിതികാഘാത പഠനം നടന്നുവരികയാണ്. കൊങ്കൺ റെയിൽവേക്കാണ് ചുമതല. ഇത് യാഥാർഥ്യമാവാൻ കാലതാമസം വന്നേക്കും. ബദൽ പാതകൾ തുറക്കണം. ചിപ്പിലിത്തോട്– മരുതിലാവ്, പടിഞ്ഞാറത്തറ –പൂഴിത്തോട്, കുങ്കിച്ചിറ–-വിലങ്ങാട്‌ റോഡുകൾ യാഥാർഥ്യമാക്കണം.
Highlights : ഫെബ്രുവരി ഏഴിന്‌ കൂട്ട സത്യഗ്രഹം 
പഞ്ചായത്തുകളിൽ പ്രക്ഷോഭ പ്രചാരണ സദസ്സ് 
‘ഒരു വീട്ടിൽനിന്ന് ഒരു ഒപ്പ്’ ക്യാമ്പയിൻ
പ്രധാനമന്ത്രിക്ക് നിവേദനം നൽകും
കേന്ദ്ര വനനിയമം ഭേദഗതിചെയ്യണം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top