29 March Friday
കൽപ്പറ്റ നഗരസഭയിലെ ബന്ധുനിയമനം

ആളിക്കത്തി 
എൽഡിഎഫ്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

കൽപ്പറ്റ നഗരസഭയിലെ ബന്ധുനിയമനത്തിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ് അംഗങ്ങൾ നടത്തിയ പ്രതിഷേധം

കൽപ്പറ്റ
ബന്ധുനിയമന വിവാദത്തിൽ കൽപ്പറ്റ നഗരസഭയിൽ ആളിക്കത്തി എൽഡിഎഫ്‌ പ്രതിഷേധം. ബുധനാഴ്‌ച ചേർന്ന  കൗൺസിൽ യോഗം പ്രക്ഷുബ്‌ധമായി. ബന്ധുനിയമനം ചർച്ചചെയ്യണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന്‌ എൽഡിഎഫ്‌ കൗൺസിലർമാർ യോഗം ബഹിഷ്‌കരിച്ചു.  കൗൺസിൽ തുടങ്ങിയപ്പോൾ ബന്ധുനിയമന വിവാദം ആദ്യം ചർച്ചചെയ്യണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. എന്നാൽ അജൻഡകൾ ചർച്ചചെയ്തശേഷം ബന്ധുനിയമന വിഷയം ചർച്ചചെയ്യാമെന്ന് നഗരസഭാധ്യക്ഷൻ കേയംതൊടി മുജീബ് നിലപാടെടുത്തതോടെ തർക്കമായി.  ആവശ്യത്തിൽ എൽഡിഎഫ്‌ അംഗങ്ങൾ ഉറച്ചുനിന്നു. ചെയർമാന്റെ ഡയസിന്റെ മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു.  ഇതിനിടെ  യോഗത്തിൽ ചർച്ചചെയ്യാനുള്ള അഞ്ച് അജൻഡകൾ യുഡിഎഫ് ഏകപക്ഷീയമായി പാസാക്കി യോഗം അവസാനിപ്പിച്ചു. എന്നാൽ ഭൂരിപക്ഷമില്ലാതെയാണ്‌ അജൻഡകൾ പാസാക്കിയതെന്ന്‌  എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് സി കെ ശിവരാമൻ പറഞ്ഞു.
 ബുധനാഴ്ചത്തെ കൗൺസിൽ യോഗത്തിൽ യുഡിഎഫിന്റെ രണ്ട്‌ കൗൺസിലർമാർ പങ്കെടുത്തിട്ടില്ല. ഭൂരപക്ഷമില്ലാതെ അജൻഡകൾ പാസാക്കിയ നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബന്ധുനിയമനം റദ്ദാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പിന്നീട്‌ എൽഡിഎഫ് കൗൺസിലർമാർ നഗരസഭാ ഓഫീസിന്  മുന്നിൽ പ്രതിഷേധിച്ചു. ടൗണിൽ  പ്രകടനം നടത്തി. 
നഗരസഭയിലെ നികുതി വിഭാഗത്തിലെ രണ്ട് താൽക്കാലിക ഒഴിവുകളിലേക്ക് നഗരസഭാധ്യക്ഷനും ഉപാധ്യക്ഷയും ചേർന്ന് സ്വന്തക്കാരെ നിയമിച്ചതാണ്‌ വിവാദമായത്‌. ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായി നിയമിച്ചവർക്ക് ആവശ്യമായ  യോഗ്യതയുമില്ല. നിയമനം യുഡിഎഫ്‌  കൗൺസിലർമാരെപ്പോലും അറിയിച്ചില്ല.  കോൺഗ്രസുകാർതന്നെ ബന്ധുനിയമനം ചർച്ചചെയ്യണമെന്ന് ആവശ്യം ഉയർത്തി.  
നഗരസഭയിലെ വികസന പദ്ധതികളെല്ലാം താളംതെറ്റിയതായും എൽഡിഎഫ്‌ ആരോപിച്ചു. റോഡുകൾ തകർന്നു. മാലിന്യ സംസ്‌കരണ സംവിധാനം അവതാളത്തിലായി നഗരത്തിൽ മാലിന്യക്കൂമ്പാരമാണ്‌.  
റോഡിന്റെ വീതി കൂടിയിട്ടും  ട്രാഫിക് പരിഷ്‌കരണം നടപ്പാക്കാൻ സാധിച്ചിട്ടില്ല. ഹരിതകർമസേന വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കാത്തത്‌, മത്സ്യമാർക്കറ്റിലെ വൃത്തിഹീന സാഹചര്യം, കുടിവെള്ളപ്രശ്നം തുടങ്ങിയവയിൽ കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കേണ്ടതാണ്‌. എന്നാൽ ഇക്കാര്യമൊന്നും ചർച്ചചെയ്യാതെ, ബന്ധുനിയമന വിവാദത്തിൽ പ്രതിഷേധമുണ്ടായപ്പോഴേക്കും കൗൺസിൽ യോഗം അവസാനിപ്പിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top