03 December Friday
- വിജിലൻസ്‌ കേസ്‌ കുരുക്കായി

കെ കെ അബ്രഹാമിനെ 
ജനറൽ സെക്രട്ടറിയാക്കിയതിൽ വ്യാപക പരാതി

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021
 
കൽപ്പറ്റ
പുൽപ്പള്ളി സർവീസ്‌ സഹകരണബാങ്കിൽ 7.62 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ്‌ നടത്തിയ സംഭവത്തിൽ  വിജിലൻസ്‌ രജിസ്‌റ്റർചെയ്‌ത കേസിൽ ഒന്നാം പ്രതിയായ കെ കെ അബ്രഹാമിനെ കെപിസിസി ജനറൽ സെക്രട്ടറിയാക്കിയതിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം. കോൺഗ്രസിന്‌ സ്വാധീനമുള്ള ജില്ലയിൽ  പാർടിയെ കൂടുതൽ ദുർബലപ്പെടുത്തുന്ന തീരുമാനമാണ്‌ നേതൃത്വം സ്വീകരിച്ചതെന്നാണ്‌‌    പ്രവർത്തകരുടെ പരാതി. 
അഴിമതിയുടെ കറപുരണ്ടതിനാൽ ഡിസിസി പ്രസിഡന്റാക്കാൻപോലും  അയോഗ്യനായ ആളെ കെപിസിസി ജനറൽസെക്രട്ടറി സ്ഥാനത്ത്‌ അവരോധിച്ചതിലൂടെ കോൺഗ്രസിന്റെ മുഖം കൂടുതൽ വികൃതമായെന്ന്‌ ഒരു വിഭാഗം  പറയുന്നു. മൂല്യമില്ലാത്ത സ്ഥലം കാണിച്ച്‌ വൻ തുക വായ്‌പാ തട്ടിപ്പ്‌ നടത്തിയെന്നാണ്‌ വിജിലൻസ്‌ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്‌. വസ്‌തുതാന്വേഷണ റിപ്പോർട്ട്‌ വിജിലൻസ്‌ ഡയരക്ടർക്ക്‌ സമർപ്പിച്ചിട്ടുണ്ട്‌ .  വിജിലൻസ്‌ ഡയരക്ടർ അനുമതിനൽകിയാൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ഇതോടെ അറസ്‌റ്റ്‌ ചെയ്യാൻ  സാധ്യതയുണ്ട്‌. 
അങ്ങനെ വന്നാൽ അത്‌ പാർടിക്ക്‌ വലിയ നാണക്കേടാകും. ജെആർ  അന്വേഷണത്തിലും കെ കെ അബ്രഹാം ഉൾപ്പെടെയുള്ള ഭരണസമിതി കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയിരുന്നു. സഹകരണനിയമ പ്രകാരം    രണ്ട്‌ വർഷത്തേക്ക്‌ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻപോലും കെ കെ അബ്രഹാം അയോഗ്യനാണ്‌. അത്തരമൊരാളെ ജനറൽ സെക്രട്ടറിയാക്കിയതിലൂടെ തെറ്റായ സന്ദേശമാണ്‌ നൽകുന്നതെന്നാണ്‌ ആക്ഷേപം. തീരുമാനത്തിൽ പ്രതിഷേധിച്ച്‌ കെ എൽ പൗലോസ്‌ രാജിക്കൊരുങ്ങിയെങ്കിലും നേതൃത്വം ഇടപെട്ട്‌ പിന്തിരിപ്പിക്കുകയായിരുന്നു.
ഒരു പഞ്ചായത്തിലെ   ഒരേ വാർഡിലെ  രണ്ടുപേരെ കെപിസിസി നേതൃസ്ഥാനത്തേക്ക്‌ പരിഗണിച്ചതിലും അതൃപ്‌തിയുണ്ട്‌. 
  ടി സിദ്ദിഖിനും ‌ 
അതൃപ്‌തി 
 ഭാരവാഹി തെരഞ്ഞെടുപ്പിൽ    തന്നോട്‌ കൂടിയാലോചന നടത്താത്തതിൽ   കെപിസിസി വർക്കിങ് പ്രസിഡന്റ്‌  ടി സിദ്ദിഖിനും കടുത്ത  അമർഷം. ഉമ്മൻചാണ്ടിയെ പിടിച്ച്‌ കൽപ്പറ്റ സീറ്റ്‌ തരപ്പെടുത്തി,  പിന്നീട്‌ വിഡി സതീശൻ–-കെ സുധാകരൻ ടീമിനൊപ്പം ചേർന്ന സിദ്ദിഖിന്‌  കെ സുധാകരൻ–- കെ സി വേണുഗോപാൽ ടീം  കനത്ത തിരിച്ചടിയാണ്‌ നൽകിയത്‌.  താൻ പ്രതിനിധാനംചെയ്യുന്ന ജില്ലയിൽ പോലും തന്റെ അഭിപ്രായം ഗൗനിക്കാത്തതിലാണ്‌ അമർഷം. ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക്‌ പി ഡി സജിയുടെ പേരാണ്‌ സിദ്ദിഖ്‌ നിർദേശിച്ചത്‌. എന്നാൽ അത്‌ അവഗണിച്ച്‌ ബിഷപ്പുമാരുടെ ഭീഷണിക്ക്‌ വഴങ്ങി എൻ ഡി അപ്പച്ചനെ പ്രസിഡന്റാക്കി. 
മൂന്ന്‌ വർഷംമുമ്പ്‌ പാർടിയിൽനിന്ന്‌ രാജിവച്ച കോഴിക്കോട്‌ ജില്ലയിലെ  കെ ജയന്തിനെ കെപിസിസി സെക്രട്ടറിയാക്കാനുള്ള തീരുമാനത്തിലും  സിദ്ദിഖിന്റെ ‌ എതിർപ്പ്‌ അവഗണിച്ചു.   ഇതിലെല്ലാമുള്ള അമർഷം കാരണം സതീശൻ–-സുധാകരൻ പക്ഷത്ത്‌ നിന്നും സിദ്ദിഖ്‌ അകലുകയാണ്‌. വരാനിരിക്കുന്ന ഡിസിസി പുനഃസംഘടനയിലും ഇതിന്റെ അലയൊലിയുണ്ടാകും. താഴേ തട്ട്‌ മുതൽ തെരഞ്ഞെടുപ്പ്‌ നടത്തുമ്പോൾ   പ്രവർത്തനം ശക്തമാക്കാനാണ്‌  ഗ്രൂപ്പുകളുടെ തീരുമാനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top