മാനന്തവാടി
മാനന്തവാടി നഗരസഭയിലെ ലാപ്‌ടോപ്പ് വാങ്ങലിൽ നടന്ന അഴിമതി സംബന്ധിച്ച് അന്വേഷിക്കുന്ന വിജിലൻസ് സംഘം ഫയലുകൾ കസ്റ്റഡിയിലെടുത്തു. ശനി പകൽ 10.30 ന് നഗരസഭയിലെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ പകൽ ഒന്നോടെ വിശദമായ പരിശോധനക്കായി ഫയലുകളുമായി മടങ്ങുകയായിരുന്നു. ലാപ്‌ടോപ്പ് അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളാണ് വിജിലൻസ് പരിശോധനക്കായി കൊണ്ടുപോയത്. വിജിലൻസ് ഡിവൈഎസ്‌പി ഷാജി വർഗീസ്, ഇൻസ്‌പെക്ടർ കെ ടി സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഫയലുകൾ കസ്റ്റഡിയിലെടുത്തത്. അഴിമതി ആരോപണങ്ങളെ തുടർന്ന് വിജിലൻസിന്റെ പ്രഥമിക പരിശോധന നേരത്തേ രഹസ്യമായി പൂർത്തിയാക്കിയിരുന്നു. അതിന്റെ തുടർച്ചയാണ് വിജിലൻസ് ഫയലുകൾ കസ്റ്റഡിയിൽ എടുത്തത്. ലാപ്‌ടോപ് വാങ്ങലിൽ പ്രാഥമികമായി തന്നെ വിജിലൻസ് ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. അധികതുക നൽകി നഗരസഭാ അധികൃതർ വാങ്ങിയ ലാപ്‌ടോപ്പിന്റെ ഗുണമേൻമ, ലാപ്‌ടോപ്പ് നൽകാൻ കുട്ടികളെ തെരഞ്ഞെടുത്ത മാനദണ്ഡം എന്നിവയെല്ലാം വിജിലൻസ് പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
നഗരസഭയിൽ ലാപ്‌ടോപ്പ് വാങ്ങിയതിലൂടെ ലക്ഷങ്ങളുടെ അഴിമതിയാണ് അധികൃതർ നടത്തിയത്. 2022–--23 വർഷത്തിൽ നടപ്പിലാക്കിയ പദ്ധതിയിൽ വിപണിയിൽ മുപ്പത്താറായിരം രൂപ മാത്രം വിലയിലുള്ള ലാപ്‌ടോപ്പ് 56,890 രൂപ മുടക്കിയാണ് വാങ്ങിയത്. നഗരസഭ പാലിക്കേണ്ട പർച്ചേസ് മാനദണ്ഡം പാലിക്കാതെയും കൗൺസിൽ അംഗീകാരമില്ലാതെയുമാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
അഴിമതി സംബന്ധിച്ച് മാനന്തവാടി സ്ഥിരം സമിതി ചെയർമാൻ വിപിൻ വേണുഗോപാൽ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകുകയും സിപിഐ എം നേതൃത്വത്തിൽ നഗരസഭാ ഉപരോധസമരമടക്കം സംഘടിപ്പിച്ചിരുന്നു. ലാപ്‌ടോപ്പ് വാങ്ങൽ കൂടാതെ ബന്ധുനിയമനം, തയ്യൽ മെഷീൻ, കട്ടിൽ വിതരണം എന്നിവയിലെ അഴിമതി, ബോർഡ് സ്‌കൂളിന്റെ ഭൂമി കൈയേറ്റം തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാപക പരാതിയാണ് നഗരസഭാ അധികൃതർക്കെതിരെ ഉയരുന്നത്.
തദ്ദേശ ഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് വിഭാഗം നഗരസഭയിൽ പരിശോധന നടത്തുകയും ഫയലുകളിൽ അപാകം കണ്ടെത്തുകയും ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..